ന്യൂഡൽഹി: ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്ക് നേട്ടം. കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഇത്തവണയും ഉണ്ടാകുക എന്നാണ് ഫലസൂചനകൾ. ഉത്തർ പ്രദേശിൽ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. ഉത്തർപ്രദേശിൽ ബിജെപി ലീഡ് 200് കടന്ന് കുതിക്കുകയാണ്. എസ് പി പിന്നിലാണ്. യു.പിയിൽ ബിജെപി ഭരണം നിലനിർത്തുന്നതിന്റെ സാധ്യതയേറി

അഖിലേഷിന്റെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി കടുത്ത മത്സരം കാഴ്ചവെക്കുന്നതിന്റെ സൂചനയും ആദ്യഘട്ട ഫലങ്ങളിലുണ്ട്. 100 സീറ്റുകളിലാണ് എസ്‌പി മുന്നിട്ടുനിൽക്കുന്നത്. ബി.എസ്‌പി അഞ്ച് സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നതായാണ് ആദ്യഘട്ട ഫലങ്ങൾ വ്യക്തമാകുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന റായ്ബറേലി, അമേഠി സീറ്റുകളിലൊക്കെ ബിജെപിയാണ് മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് വിട്ട അതിഥിസിങ് റായ്ബറേലി ലീഡ് ചെയ്യുന്നുണ്ട്.

പഞ്ചാബിൽ ആം ആദ്മി തരംഗം, കോൺഗ്രസിന് വൻ തിരിച്ചടി

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരി വച്ച് പഞ്ചാബിൽ എഎപിയാണ് മുന്നേറുകയാണ്. 104 സീറ്റുകളിൽ ഫലസൂചനകൾ പുറത്തു വരുമ്പോൾ 72 സീറ്റിലും എഎപി തന്നെയാണ്. അകാലിദൾ ശക്തി കേന്ദ്രങ്ങളിലും എഎപിയുടെ മുന്നേറ്റമാണ്. കോൺഗ്രസിന് 20 സീറ്റും ബിജെപിക്ക് നാല് സീറ്റുമാണ് ഇപ്പോഴത്തെ നില.പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഫലസൂചനകൾ അറിവായ ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം. 117 അംഗ പഞ്ചാബ് നിയമസഭയിൽ എഎപി ഭരണം ഉറപ്പിച്ചുവെന്ന് തന്നെ പറയാം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്.

അതേസമയം പഞ്ചാബ്മ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ചരൺജിത്ത് ചന്നിയും ആപിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മനും ഗുരുദ്വാരകൾ സന്ദർശിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തി.

ഗോവയിൽ കോൺഗ്രസ് മുന്നേറ്റം, ഉത്തരാഖണ്ഡിൽ ബിജെപി

എക്സ്റ്റിപോൾ ഫലങ്ങളെ ശരിവെച്ച് ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ ബിജെപിയുടെ മുന്നേറ്റമാണ് ഉണ്ടായതെങ്കിലും പിന്നീട് കോൺഗ്രസ് ശക്തമായി തിരിച്ച് വരികയായിരുന്നു. 20 സീറ്റുകളിൽ കോൺഗ്രസും 17 സീറ്റുകളിൽ ബിജെപിയുമാണ് ഗോവയിൽ മുന്നേറുന്നത്. നാല് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും മുന്നേറ്റം നടത്തുന്നുണ്ട്. ഇവിടെ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പിടിക്കുന്ന സീറ്റുകൾ നിർണായകമാവും.

ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ ലീഡ് ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നേരത്തെ പനാജിയിൽ ഉത്പൽ പരീക്കറിന് ബിജെപി സീറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഉത്പൽ പരീക്കർ മത്സരിച്ചു. ശിവസേന-എൻ.സി.പി സഖ്യവും ഉത്പൽ പരീക്കറിന് പിന്തുണയറിയിച്ചിരുന്നു. ഗോവയിൽ കുതിരക്കച്ചവടത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് കോൺഗ്രസ് എംഎ‍ൽഎമാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എക്‌സിറ്റ്‌പോൾ ഫലങ്ങൾ ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടാമാണ് പ്രവചിച്ചിരുന്നത്.

ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും മന്ത്രിസഭ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 33 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ബിജെപി മുന്നിലാണ്. 25 സീറ്റുകളിൽ കോൺഗ്രസ് മുന്നിൽ നിൽക്കുന്നു. എക്‌സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം പ്രഖ്യാപിച്ചതെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. എതിർ കക്ഷികളിലെ പടലപ്പിണക്കത്തിലാണ് ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രതീക്ഷ വെക്കുന്നത്. 70 അംഗ നിയമസഭയിൽ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

ബിജെപിക്കുള്ളിലെ കലുഷിത സാഹചര്യം മുതലെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാനത്ത് ബിജെപി അവതരിപ്പിച്ചത്. ആദ്യം ത്രിവേന്ദ്ര സിങ് റാവത്തും രണ്ടാമത് തീരഥ് സിങ് റാവത്തുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത്. മൂന്നാമതായി വന്ന പുഷ്‌കർ സിങ് ധാമി തുടർഭരണമുണ്ടാകുമെന്ന പ്രതീക്ഷയാണ് പുലർത്തുന്നത്. എന്നാൽ, നിലവിലെ 53 ഭരണകക്ഷി എംഎ‍ൽഎമാരിൽ 14 പേർ കോൺഗ്രസ് വിട്ടുവന്നവരാണ്. ഇവരിൽ പലരും ജയിച്ചാൽ ചാഞ്ചാടുന്നവരാണെന്നത് നീക്കങ്ങൾ കരുതലോടെയാക്കുന്നുണ്ട്.

മുൻ മുഖ്യമന്ത്രി ഹരീഷ് സിങ് റാവത്തിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് പോരാട്ടം. പാർട്ടിക്കകത്തെ രൂക്ഷമായ ചേരിപ്പോരുകൾക്കിടെയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപാർട്ടികളെയും കൂടാതെ ആം ആദ്മി പാർട്ടിയും മത്സരരംഗത്ത് സജീവമായിരുന്നു.

മണിപ്പൂരിൽ മുൻതൂക്കവുമായി ബിജെപി

എക്‌സിറ്റ് പോളുകൾ ശരിവെച്ച് മണിപ്പൂരിൽ ബിജെപി ലീഡ് തുടരുന്നു. 23 സീറ്റിൽ ബിജെപി ലീഡു ചെയ്യുമ്പോൾ ഏഴിടത്ത് മാത്രമാണ് കോൺഗ്രസിന്റെ മുന്നേറ്റം. രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സീറ്റുകളാണുള്ളത്. ഫെബ്രുവരി 28ന് നടന്ന ഒന്നാം ഘട്ടത്തിൽ 38 സീറ്റുകളിലേക്കായിരുന്നു മത്സരം. ബാക്കി സീറ്റുകളിലേക്ക് മാർച്ച് അഞ്ചിനായിരുന്നു തെരഞ്ഞെടുപ്പ്. മണിപ്പൂരിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചിരുന്നത്.

2017ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബിജെപി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയുമായി ചേർന്ന് അധികാരത്തിൽ വരികയായിരുന്നു. ലോക് ജനശക്തി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബിജെപിക്ക് പിന്തുണ നൽകി. നോങ്‌തോംബം ബിരേൻ സിങ് ആയിരുന്നു മുഖ്യമന്ത്രി. അതേസമയം, ഇത്തവണ ബിജെപി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കഴിഞ്ഞതവണ 28 സീറ്റുകൾ ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് ഇത്തവണ ഭരണത്തിലേറാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസും സിപിഐയും ചേർന്ന് മണിപ്പൂർ പ്രോഗസീവ് സെക്യൂലർ അലയൻസ് എന്ന സഖ്യം രൂപീകരിച്ചിട്ടുണ്ട്. സിപിഎം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ (എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്.