തിരുവനന്തപുരം: കേരളം ആരു ഭരിക്കുമെന്നതിന്റെ സൂചകൾ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 140 മണ്ഡലങ്ങളിലായി 80 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. പല കേന്ദ്രങ്ങളിലും ഒന്നിലേറെ മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നുണ്ട്. ഫലം തൽസമയം അറിയാക്കാൻ മറുനാടനും വിശദമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

സിപിഐ(എം) നേതൃത്വത്തിലെ ഇടതുമുന്നണി തികച്ചും പ്രതീക്ഷയിലാണ്. 80 സീറ്റുകളിൽ അധികം അവർ പ്രതീക്ഷിക്കുന്നു. കോൺഗ്രസും യുഡിഎഫ് ഭരണതുടർച്ച ഉറപ്പ് പറയുന്നു. 75 സീറ്റാണ് മനസ്സിലുള്ളത്. ബിജെപി മൂന്ന് സീറ്റുകളിൽ ഉറപ്പായി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പത്ത് സീറ്റുവരെ ആകാമെന്നും കണക്ക് കൂട്ടുന്നു. തൂക്ക് നിയമസഭയാണ് ബിജെപി ലക്ഷ്യമിടുന്നത്.

140 മണ്ഡലങ്ങളിലേയും അന്തിമ ഫലം 12 മണിയോടെ പുറത്തുവരും. ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണൽ ഹാളുകളിൽ വരണാധികാരിയുടേതുൾപ്പെടെ പരമാവധി 15 മേശകൾ വരെ സജ്ജീകരിച്ചിട്ടുണ്ടാകും. വരണാധികാരിയുടെ മേശയിലാണ് പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ. പോസ്റ്റൽ ബാലറ്റുകൾ എണ്ണി അരമണിക്കൂർ പിന്നിട്ടുകഴിഞ്ഞാൽ യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറാണ് ഇതിന് നേതൃത്വം നല്കുക. ഇതിനായി സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് യന്ത്രങ്ങളും വോട്ടിങ് രേഖകളും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിച്ചിരിക്കും. വോട്ടിങ് മെഷീന്റെ ഭാഗമായ കൺട്രോൾ യൂണിറ്റ് മാത്രമാണ് വോട്ടെണ്ണലിന് ആവശ്യമുള്ളത്. ഇതിനായി വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് യൂണിറ്റ് വേർപെടുത്തിയിരിക്കും.

കൺട്രോൾ യൂണിറ്റുകൾ സൂക്ഷിച്ച പെട്ടിയുടേത് അടക്കമുള്ള പേപ്പർ സീലുകൾ പരിശോധിക്കലാണ് വോട്ടെണ്ണലിന്റെ ആദ്യ നടപടി. ഏതെങ്കിലും പേപ്പർ സീലുകളും മറ്റും തുറന്നിട്ടുണ്ടോ എന്ന് സ്ഥാനാർത്ഥിയുടെ ഏജന്റുമാർക്കും പരിശോധിക്കാം. വോട്ടിങ്ങിനായി നല്കിയ കൺട്രോൾ യൂണിറ്റ് തന്നെയാണ് എണ്ണലിന് എത്തിച്ചിട്ടുള്ളതെന്ന് സീരിയൽ നമ്പർ പരിശോധിച്ച് ഉറപ്പുവരുത്താം. ക്രമക്കേട് കണ്ടാൽ ആ മെഷീനിലെ വോട്ട് തിട്ടപ്പെടുത്താതെ മാറ്റിവെക്കും. പേപ്പർസീലുകൾ മാറ്റി മെഷീൻ ഓൺ ചെയ്തശേഷം റിസൾട്ട് ബട്ടൺ അമർത്തുന്നതോടെ ആ മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെയും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെയും എണ്ണം യന്ത്രത്തിൽ തനിയെ തെളിയും. ഇക്കാര്യം കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തിവെക്കും. സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ ആവശ്യപ്പെട്ടാൽ റിസൾട്ട് ബട്ടൺ അമർത്തി മെഷീനിലെ വോട്ടുനില വീണ്ടും കാണിക്കും.

ഒരു പോളിങ് കേന്ദ്രത്തിലെ വോട്ടുകൾ ഒരു മേശയിൽ എന്ന രീതിയിലാണ് എണ്ണുന്നത്. അതിനാൽത്തന്നെ ഒരേ സമയം വിവിധ പോളിങ് കേന്ദ്രങ്ങളിലെ വോട്ടുകൾ എണ്ണാനാകും. ഒരു മെഷീനിലെ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയ ശേഷമേ അടുത്തമെഷീൻ വോട്ടെണ്ണൽ മേശയിൽ എത്തിക്കൂ.