ന്യഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ ഫലം പുറത്തുവന്നപ്പോൾ തീപാറുന്ന പോരാട്ടം നടന്നത് മധ്യപ്രദേശിൽ. തിരഞ്ഞെടുപ്പിന് മുമ്പ് ബിഎസ്‌പിയെ പാട്ടിലാക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായെന്ന് കോൺഗ്രസ്,തിരിച്ചറിഞ്ഞ ദിവസം. മാരത്തൺ വോട്ടെണ്ണലാണ് മധ്യപ്രദേശിൽ നടന്നത്. 11 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം 114സീറ്റാണ് കോൺ്ഗ്രസിനുള്ളത്. ബിജെപിക്ക് 109 സീറ്റ്. 116 സീറ്റാണ് കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഈ സാഹചര്യത്തിൽ രണ്ടുസീറ്റുള്ള ബിഎസ്‌പിയുടെയും, ഒരുസീറ്റുള്ള എസ്‌പിയുടെയും നാല സീറ്റുള്ള സ്വതന്ത്രരുടെയും പിന്തുണ നിർണായകമാകും. സർക്കാർ രൂപീകരിക്കാൻ പാർട്ടി അവകാശവാദമുന്നയിച്ചു. ഇക്കാര്യം കാട്ടി
കമൽനാഥ് എംപി ഗവർണർക്ക് കത്ത് നൽകി. സ്വതന്ത്രർ ഉൾപ്പടെയുള്ളവരുടെ പിന്തുണയുണ്ടെന്നാണ് കത്തിൽ പറയുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ ഇരുപക്ഷത്തെയും പ്രവർത്തകരുടെ നെഞ്ചിടിപ്പ് ഉയർന്നു. വോട്ടെടുപ്പ് തീരുന്നതിന് മുമ്പേ പുതിയ തന്ത്രങ്ങൾ കോൺഗ്രസ് മനഞ്ഞു. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയെ മദ്ധ്യപ്രദേശിന്റെ പുതിയ നിരീക്ഷകനാക്കിയിരിക്കുകയാണ് കോൺഗ്രസ്. മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് എ.കെ ആന്റണിയായിരിക്കും.

അതേസമയം, കോൺഗ്രസ് വിജയമുറപ്പിച്ച ഛത്തീസ്‌ഗഡിൽ മറ്റൊരു മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് നിരീക്ഷകനാകും. കോൺഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പാക്കിയ ഇവിടെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കു ഖാർഗെ നേതൃത്വം നൽകും. നേരത്തെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിനെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാനായി രാജസ്ഥാനിലേക്ക് രാഹുൽ ഗാന്ധി നിയോഗിച്ചിരുന്നു. രാജസ്ഥാനിൽ ജനവിധി അംഗീകരിക്കുന്നുവെന്നു സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധര രാജി സിന്ധ്യ പറഞ്ഞു. ബിജെപി തുടർന്നും ജനകീയ പ്രശ്‌നങ്ങൾ ഉയർത്തി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ടിആർഎസ് സർക്കാർ രൂപീകരിക്കും. മിസോറാമിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചു. വൻഭൂരിപക്ഷം സ്വന്തമാക്കിയ എംഎൻഎഫ് സർക്കാർ രൂപീകരിക്കും. 40 സീറ്റിൽ 26 ഇടത്ത് എംഎൻഎഫും അഞ്ചിടത്ത് കോൺഗ്രസും ജയിച്ചു. ബിജെപിക്ക് ഒരുസീറ്റും സ്വതന്ത്രർക്ക് എട്ടുസീറ്റുമുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അംഗീകാരം കൂടിയാണ് പാർട്ടിയുടെ തിരിച്ചുവരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റുവെന്ന വാദങ്ങൾക്കും ഇനി കരുത്തുകൂടും. 2019 ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യത്തിന് കോപ്പുകൂട്ടാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം ഊർജ്ജം പകരുമെന്ന കാര്യത്തിൽ സംശയം വേണ്ട. തിരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്നും മോദി പ്രതികരിച്ചു.

ഹിന്ദി ഹൃദയഭൂമിയിൽ കുതിച്ച് കോൺഗ്രസ്

ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദി ഹൃദയഭൂമി എന്ന് വിളിക്കുന്നത് ഉത്തർ പ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളെയാണ്. ഇതിൽ ഉത്തർപ്രദേശിൽ ബിജെപി തന്നെയാണ് അധികാരത്തിൽ നിൽക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. മധ്യപ്രദേശിൽ കോൺഗ്രസ് ബിജെപിയോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയത് അവരുടെ സുശക്തമായ സംഘടനാ സംവിധാനത്തോട് എതിരിട്ടുകൊണ്ടാണ്. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനിൽ ബിജിപി നേരിടുന്നത്. ബിജെപിയുടെ ദൗർബല്യങ്ങളെ മുതലാക്കിയാണ് രാജസ്ഥാനിൽ കോൺഗ്രസ് ജയിച്ചുകയറിയത്.

ഛത്തീസ്‌ഗഡിൽ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച മുന്നേറ്റമാണ് കോൺഗ്രസിന് നടത്താനായത്. ഇവിടെ ബിജെപിയെ തന്നെ ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പരാജയം. കോൺഗ്രസ് നേതാവായിരുന്ന അജിത് ജോഗിയിലേക്ക് ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെടുമെന്നും അത് ബിജെപിക്ക് അനുകൂലമായ സ്ഥിതിയുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ജനം സമ്മതിദാനം വിനിയോഗിച്ചത് കോൺഗ്രസിന് വേണ്ടിയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്.

ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടിയുണ്ടാകുന്നത് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പാഠം തന്നെയായി. ഇതിൽ നിന്നുൾക്കൊള്ളുന്ന പാഠങ്ങളായിരിക്കും ലോക്‌സഭാതിരഞ്ഞെടുപ്പിൽ നിർണായകമാകുക. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയിൽ തന്നെ മൃദുഹിന്ദുത്വ പാർട്ടിയായി സ്വയം അവതരിപ്പിച്ചാണ് കോൺഗ്രസ് പോരാടുന്നത്. ഇത് തുടർന്നാൽ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്താൻ ബിജെപിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടതായി വരും എന്നത് തീർച്ചയാണ്.

മധ്യപ്രദേശ്

നാടകീയമായ നിമിഷങ്ങളിലൂടെയാണ് മധ്യപ്രേദശിലെ വോട്ടെണ്ണൽ പുരോഗമിച്ചത്. വൈകീട്ട് മൂന്നുമണി പിന്നിടുമ്പോഴും മുന്നിലും പിന്നിലുമായി കോൺഗ്രസും ബിജെപിയും തുടർന്നു. ഒടുവിൽ ബിജെപിയെ കടത്തിവെട്ടി കേവല ഭൂരിപക്ഷത്തിലേക്ക് മൂന്നരമണിയോടെ കോൺഗ്രസ് മുന്നേറിയതോടെ ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനം ഇളകിമറിഞ്ഞു. എന്നാൽ വീണ്ടും ലീഡ് നില മാറി മറിഞ്ഞു.

ഭോപ്പാലിലും വിന്ധ്യാചലിലും ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ ചമ്പലിൽ ബിജെപിക്ക് അടിപതറി. മഹാഘോഷലിൽ കോൺഗ്രസ് മുന്നേറി. ബിജെപിയുടെ 16 ഉം കോൺഗ്രസിന്റെ 13 ഉം വിമതസ്ഥാനാർത്ഥികൾ ഇരുപാർട്ടികളുടെയും വോട്ടുബാങ്കിൽ നാശമുണ്ടാക്കി. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ബിജെപി കോട്ടകളായിരുന്ന ചമ്പൽ, ബുന്ദേൽകണ്ഡ്, മാൾവ മേഖലകളിലെല്ലാം കോൺഗ്രസ് ബിജെപിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ബി.എസ്‌പി രണ്ടിടത്തും എസ്‌പി ഒരിടത്തും മുന്നിൽ നിൽക്കുന്നു. രണ്ട് പാർട്ടികളും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്. രാത്രി 10.30 വരെ വോട്ടെണ്ണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം 113 സീറ്റാണ് കോൺ്ഗ്രസിനുള്ളത്. ബിജെപിക്ക് 110 സീറ്റ്. 116 സീറ്റാണ് കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഈ സാഹചര്യത്തിൽ രണ്ടുസീറ്റുള്ള ബിഎസ്‌പിയുടെയും, ഒരുസീറ്റുള്ള എസ്‌പിയുടെയും നാല സീറ്റുള്ള സ്വതന്ത്രരുടെയും പിന്തുണ നിർണായകമാകും.

തെലങ്കാനയിൽ ടിആർഎസ് തന്നെ

തെലുങ്കാനയിൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്ന പ്രകടനവുമായി ടിആർഎസ് അധികാരത്തിലേക്ക്. കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് 88 സീറ്റുകൾ നേടി. കോൺഗ്രസ് 19 സീറ്റുകളും എ.ഐ.എം.ഐ.എം 7 സീറ്റും നേടി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയുടെ മനസ്സറിയാൻ ഇറങ്ങിയ ബിജെപി സാന്നിദ്ധ്യം വെറും ഒരുസീറ്റിൽ ഒതുങ്ങി. വൻ തിരിച്ചടി നേരിട്ട ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി രണ്ടുസീറ്റുസ്വന്തമാക്കി. വടക്കൻ തെലങ്കാന, തെക്കൻ തെലങ്കാന, ഹൈദരാബാദ് മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ടി.ആർ.എസിന്റെ മുന്നേറ്റം. ടി.ആർ.എസ് പ്രവർത്തകർ തെലങ്കാനയിൽ വൻ ആഘോഷം തുടങ്ങി.

ഛത്തീസ്‌ഗഡിൽ കോൺഗ്രസിന്റേത് അട്ടിമറി വിജയം

ശക്തമായ ത്രികോണ മത്സരമാണ് ഛത്തീസ്‌ഗഢിൽ ഉണ്ടാകുക എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസ്ഥ. ഇവിടെ ബിജെപിയുടെ പ്രതീക്ഷകൾ മുഴുവൻ രമൺ സിങ് എന്ന ജനകീയ മുഖ്യമന്ത്രിയിൽ ആയിരുന്നു. എന്നാൽ, ഇവിടെ കാര്യമായ നേതാക്കളില്ലാതെ മത്സരിക്കാൻ ഇറങ്ങിയ കോൺഗ്രസ് അട്ടിമറി വിജയമാണ് നേടുന്നത്. ഫലസൂചനകൾ പുറത്തുവരുമ്പോൾ 68 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 16 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നേറ്റമുണ്ടാക്കിയത്.

അജിത് ജോഗിയും മായാവതി സഖ്യവും അടിപതറിയ കാഴ്ചയാണ് ഛത്തീസ്‌ഗഡിൽ. ഛത്തീസ്‌ഗഡ് രാഷ്ട്രീയത്തിലെ അതികായനാകുമെന്നു വിലയിരുത്തപ്പെട്ടയാളാണ് അജിത് ജോഗി. എന്നാൽ ഇത്തവണ മൽസരിച്ച, മകന്റെ മണ്ഡലമായ മർവാഹിയിൽ ബിജെപിക്കും കോൺഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ജോഗിയുടെ നില. മാത്രമല്ല, നിർണായക ശക്തിയാകുമെന്നു വിലയിരുത്തപ്പെട്ട മായാവതിയുമായുള്ള സഖ്യത്തിന് ഒരു സീറ്റിൽ പോലും ലീഡ് നേടാനാകാത്ത സ്ഥിതിയാണ്.

ആദ്യം മുതൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് അജിത് ജോഗി മായാവതി സഖ്യത്തിന്റെ രംഗപ്രവേശം. സഖ്യം ഇരുപാർട്ടികൾക്കും ശക്തമായ ഭീഷണിയുയർത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പു നിരീക്ഷകരുടെയും വിലയിരുത്തൽ. വലിയ തോതിൽ സീറ്റുകൾ പിടിച്ചെടുക്കാൻ ഇവർക്കു കഴിയുമെന്നു വിലയിരുത്തലില്ലെങ്കിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിന്റെ വ്യത്യാസം ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, സഖ്യം നേടുന്ന സീറ്റ് നില വച്ച് വിലപേശലിനുള്ള സാധ്യതയായിരുന്നു മായാവതിയെയും ജോഗിയെയും നയിച്ചത്.

രാജസ്ഥാനിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

രാജസ്ഥാനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. ഇവിടെ കോൺഗ്രസ് 99 സീറ്റുനേടി. ബിജെപി 72 സീറ്റുകളിലാണ് ജയിച്ചത്. ഇവിടെ സിപിഎം രണ്ട് സീറ്റുസ്വന്തമാക്കി.മുഖ്യമന്ത്രി വസുന്ധര രാജെ സ്വന്തം മണ്ഡലമായ ഝൽറാപട്ടണയിൽ ജയിച്ചു. 1998 മുതൽ ഈ മണ്ഡലം വസുന്ധരയെ കൈവിട്ടിട്ടില്ല. സച്ചിൻ പൈലറ്റിന്റെ അമ്മ രമാ പൈലറ്റിനെയാണ് 2003-ൽ തോൽപ്പിച്ചത്. ജാതിരാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനിൽ 2013-ൽ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. അതേസമയം കോൺഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.

സംസ്ഥാനത്തെ ഭരണത്തിന് പുറമെ കേന്ദ്രത്തിലെ ഭരണത്തിനെതിരായ വികാരവും രാജസ്ഥാനിൽ പ്രതിഫലിച്ചെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. സർക്കാരിന് അനുകൂലമാകുമെന്ന് വിലയിരുത്തിയിരുന്ന ജാട്ട്, ഗുജ്ജാർ സംവരണം തുടങ്ങിയവയും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.

മിസോറാമിനെ കൈവിട്ട് കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേക്ക്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തോൽവി സമ്പൂർണമായി. 10 വർഷം ഭരിച്ച കോൺഗ്രസിന് അഞ്ചുസീറ്റ് മാത്രമാണ് ലഭിച്ചത്. 26 സീറ്റ് സ്വന്തമാക്കി വൻ ഭൂരിപക്ഷത്തോടെയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേക്ക് എത്തുന്നത്. കൊച്ചുസംസ്ഥാനമായ മിസോറമിൽ ഇത്തവണ ആകെ മത്സരിച്ചത് 209 സ്ഥാനാർത്ഥികളാണ്. ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്.

മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ലാൽ തൻഹാവ്ലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 34 സീറ്റുകൾ കോൺഗ്രസിന് കിട്ടി. അന്ന് മിസോ നാഷണൽ ഫ്രണ്ടിന് അഞ്ച് സീറ്റ് മാത്രമാണ് കിട്ടിയത്. മിസോ പീപ്പിൾസ് കോൺഫറൻസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. മിസോ നാഷണൽ ഫ്രണ്ടിന്റെ പ്രതിനിധി സംഘം ഇന്ന് ഗവർണർ കുമ്മനം രാജശേഖരനെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു. എംഎൻഎഫ് നിയമസഭാക്കഷിനേതാവും, പാർട്ടി പ്രസിഡന്റുമായ സൊറാംതംഗയുടെ നേതൃത്വത്തിലാണ് ഗവർണറെ കണ്ടത്