പത്തനംതിട്ട: ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വെള്ളിമൂങ്ങ സിനിമയിലെ സി.പി. മാമച്ചൻ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. കാലുവാരണം, കുതികാൽ വെട്ടണം, മറുകണ്ടം ചാടണം, വർഗശത്രുവിനെ കണ്ടാൽ കാലിൽ വീണ് അനുഗ്രഹം തേടണം...അങ്ങനെ എന്തെല്ലാം.

സംഗതി പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജയം അനിവാര്യമാണ്. അങ്ങനെ ജയിക്കാൻ വേണ്ടി ഒരു വനിതാ സ്ഥാനാർത്ഥി പയറ്റുന്ന 18-ാമത്തെ അടവ് ഇങ്ങനെ: ബഹുമാനപ്പെട്ട നാട്ടുകാരെ ഞാൻ ഷീജ, രണ്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി.....ഇങ്ങനെ സ്വയം അനൗൺസ് ചെയ്ത് പ്രചാരണത്തിന് ഇറങ്ങിയത് കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഷീജാ കൃഷ്ണനാണ്.

നെല്ലിമുകൾ വാർഡിലെ ഇടവഴികളിലൂടെ സഞ്ചരിച്ച് ഷീജാ കൃഷ്ണൻ സ്വയം അനൗൺസറാകുമ്പോൾ വോട്ടർമാർക്ക് തെല്ലുനേരമെങ്കിലും കേട്ടു നിൽക്കാതിരിക്കാൻ ആകില്ല. എല്ലാ തരത്തിലുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും സജീവമായിരുന്ന ഷീജാ കൃഷ്ണൻ ഇന്നലെയാണ് വ്യത്യസ്തമായ പ്രചാരണ രീതിക്ക് തുടക്കമിട്ടത്.

എന്ന് നിന്റെ മൊയ്തീൻ സിനിമയിലെ പൃഥിരാജിന്റെ കഥാപാത്രം നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണരീതിയാണ് ഷീജാ കൃഷ്ണൻ ആയുധമാക്കിയത്. അനൗൺസ്‌മെന്റിനിടയിൽ മൈക്കിലൂടെ സ്വന്തം നാട്ടുകാരെയും അയൽക്കാരെയും പേര് ചൊല്ലി വിളിച്ചാണ് വോട്ട് അഭ്യർത്ഥിച്ചത്. ഷീജാ കൃഷ്ണന്റെ എന്നു നിന്റെ മൊയ്തീൻ തന്ത്രം നെല്ലിമുകളിലെ വോട്ടർമാരെ ഇതിനോടകം ആകർഷിച്ചു കഴിഞ്ഞു.