കൊച്ചി: തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും ഖജനാവിന് കുഴപ്പമില്ല. കൂടുതൽ സ്ഥാനാർത്ഥികളുണ്ടെങ്കിൽ അത്രയും നന്ന്. കാരണം മൽസരം കഴിഞ്ഞാൽ ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്. നിശ്ചിത വോട്ടു പിടിച്ചില്ലെങ്കിൽ കെട്ടിവച്ച് കാശ് പോകും.

മിക്കവാറും സ്ഥാാനാർത്ഥികൾക്കും സംഭവിക്കുന്നത് ഇതുതന്നെയാണ്. മുന്നണികളുടെ സ്ഥാനാർത്ഥികൾക്ക് മാത്രമാണ് തോറ്റാൽ കെട്ടിവച്ച പണം തിരികെ ലഭിക്കാൻ സാധ്യതയുള്ളു. എന്നാൽ സിപിഐക്കും ബിജെപിക്കും കെട്ടിവച്ച പണം നഷ്ടമായ കഥയും തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നുണ്ട്. 2011ൽ സംസ്ഥാനത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലുമായി 971 സ്ഥാനാർത്ഥികളാണ് മൽസരരംഗത്തുണ്ടായിരുന്നത്. ഇതിൽ 687 പേർക്കും കെട്ടിവച്ച കാശുപോയി. ഈയിനത്തിൽ സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 59.25 ലക്ഷം രൂപയാണ്. ഒരു സ്ഥാനാർത്ഥി പതിനായിരം രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. ഒരു ആവശ്യവുമില്ലാതെ ആരും മത്സരിക്കരുതെന്ന ആശയവുമായാണ് സ്ഥാനാർത്ഥികൾ കാശ് കെട്ടിവയ്ക്കണമെന്ന നിബന്ധന കൊണ്ടു വന്നത്.

ദേശീയ കക്ഷികളിൽപെട്ട സ്ഥാനാർത്ഥികളായ 256 പേർക്കു കെട്ടിവച്ച കാശുപോയപ്പോൾ മറ്റ് പാർട്ടികളിൽ പെട്ട 140 പേർക്കും സ്വതന്ത്രന്മാരായ 291 പേർക്കും ജാമ്യസംഖ്യ നഷ്ടമായി. എന്നാൽ സംസ്ഥാന കക്ഷികളിൽപെട്ട ഒരു സ്ഥാനാർത്ഥിക്കും ഈ ഗതികേടുണ്ടായില്ല. ജാമ്യസംഖ്യ നഷ്ടപ്പെടാതിരുന്ന മൂന്ന് ദേശീയകക്ഷികൾ സിപിഐ.(എം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, എൻ.സി.പി. എന്നിവ മാത്രമാണ്. ഈ കക്ഷികൾ യഥാക്രമം 84, 81, നാല് സ്ഥാനാർത്ഥികളെ വീതമാണ് രംഗത്തിറക്കിയത്. ഇതിൽ യഥാക്രമം 45, 38, രണ്ട് പേർ വീതം വിജയം കണ്ടു. 138 സ്ഥാനാർത്ഥികളെ രംഗത്തിറക്കിയ ബിജെപി.ക്ക് 133 സീറ്റിലും ജാമ്യസംഖ്യ നഷ്ടമായി. 122 സീറ്റിൽ മൽസരിച്ച ബി.എസ്‌പി.ക്ക് ഒരു സീറ്റിലും ജാമ്യസംഖ്യ തിരിച്ചുപിടിക്കാനായില്ല. 27 സ്ഥാനാർത്ഥികളുണ്ടായിരുന്ന സിപിഐ.ക്ക് ഒരു സീറ്റിലാണ് ജാമ്യസംഖ്യ നഷ്ടമായത്. ഈ ആറു ദേശീയ കക്ഷികളുടേതായി മൊത്തം 456 സ്ഥാനാർത്ഥികളാണ് രംഗത്തുണ്ടായിരുന്നത്.

ദേശീയകക്ഷികളിൽ നിന്നു മാത്രം ഖജനാവിലേക്ക് ഈയിനത്തിൽ ലഭിച്ചത് 21.30 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിൽ 79 പേർക്കാണ് തുക നഷ്ടമായത്. 122 പേർ പത്രിക നൽകിയ ഇവിടെ 13 പത്രികകൾ തള്ളിയിരുന്നു. 109 പേരാണ് മൽസരരംഗത്തുണ്ടായിരുന്നത്. ഈയിനത്തിൽ 6.65 ലക്ഷം രൂപയാണ് ഖജനാവിലേക്ക് മുതൽക്കൂട്ടിയത്. എറണാകുളം ജില്ലയിൽ 107 സ്ഥാനാർത്ഥികളാണ് മൽസരരംഗത്തുണ്ടായിരുന്നത്. ഇതിൽ 79 പേർക്കും തുക നഷ്ടമായി. അവിടെ പത്രിക നൽകിയിരുന്ന 126 പേരിൽ 17 പേരുടെ പത്രികയാണ് തള്ളിപ്പോയത്. ഈയിനത്തിൽ 7.15 ലക്ഷം രൂപ ഖജനാവിലേക്കു നൽകി എറണാകുളമാണ് ഇക്കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാമത്.

ഏറ്റവും കുറവ് സ്ഥാനാർത്ഥികളുണ്ടായിരുന്ന വയനാട് ജില്ല ഈയിനത്തിൽ 80000 രൂപമാത്രമാണ് ഖജാനിലേക്ക് സ്വരുക്കൂട്ടിയത്. 17 പേർ മൽസരിച്ച അവിടെ 11പേർക്കും ജാമ്യസംഖ്യ കിട്ടിയില്ല. 36 സ്ഥാനാർത്ഥികൾ മൽസരിച്ച കാസർഗോഡ് ജില്ലയിൽ 25 പേർക്കും കണ്ണൂർ ജില്ലയിൽ 71ൽ 49 പേർക്കും കോഴിക്കോട് 97ൽ 71 പേർക്കും മലപ്പുറത്ത് 97ൽ 65 പേർക്കും ജാമ്യസംഖ്യ നഷ്ടമായി. പാലക്കാട് ജില്ലയിൽ 75 പേർ മൽസരിച്ചതിൽ 50 പേർക്കാണ് ജാമ്യത്തുക നഷ്ടമായത്. തൃശൂരിൽ 84ൽ 58 പേർക്കും ഇടുക്കിയിൽ 41ൽ 31 പേർക്കും കെട്ടിവച്ചകാശുപോയി. കോട്ടയം ജില്ലയിൽ 59 പേർ മൽസരിച്ചതിൽ 41 പേർക്കാണ് ജാമ്യത്തുക പോയത്. ആലപ്പുഴയിലിത് യഥാക്രമം 62ഉം 44ഉം ആണ്. പത്തനംതിട്ടയിൽ മൽസരിച്ച 40പേരിൽ 30 പേർക്കും കൊല്ലത്ത് 76 പേരിൽ 54 പേർക്കും ജാമ്യസംഖ്യ തിരിച്ചുകിട്ടിയില്ല.

ദേശീയകക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ജാമ്യസംഖ്യ നഷ്ടമായത് എറണാകുളത്താണ്. 27 സ്ഥാനാർത്ഥികൾക്കാണ് ഇവിടെ ജാമ്യത്തുക നഷ്ടമായത്. ഏറ്റവും കൂടുതൽ സ്വതന്ത്രർക്ക് കെട്ടിവച്ച കാശുപോയത് തിരുവനന്തപുരത്താണ് (41). വയനാട് മൂന്നു സ്വതന്ത്രർക്കും രണ്ട് മറ്റു പാർട്ടികളിൽ പെട്ടവർക്കും ജാമ്യത്തുകപോയി. എറണാകുളത്ത് 19 മറ്റുപാർട്ടി സ്ഥാനാർത്ഥികൾക്കും 33 സ്വതന്ത്രർക്കും കെട്ടിവച്ച കാശുപോയപ്പോൾ തിരുവനന്തപുരത്ത് മറ്റുപാർട്ടികളിലെ 15 സ്ഥാനാർത്ഥികൾക്കാണ് കെട്ടിവച്ച കാശുപോയത്.