- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ താഴെ ഇറക്കാൻ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡൽഹിയിലെത്തിയപ്പോഴാണ് പിണറായിയെ കുറിച്ചോർത്തത്; പിന്നെയൊന്നും നോക്കിയില്ല; കിട്ടിയ വണ്ടി പിടിച്ച് കേരളത്തിലേക്ക്; കുഞ്ഞാലിക്കുട്ടിയെ ട്രോളി സൈബർ ലോകം
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ മുസ്ലിം ലീഗ് തീരുമാനിച്ചത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ചത് കേന്ദ്രമന്ത്രി പദം സ്വപ്നം കണ്ടാണെന്നും ഇപ്പോൾ തിരിച്ചെത്തുന്നത് കേരളത്തിന്റെ ഉപമുഖ്യമന്ത്രി പദവും ഒത്താൽ മുഖ്യമന്ത്രി പദം തന്നെയും ലക്ഷ്യം വച്ചാണെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ കണക്ക് കൂട്ടുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനം മോഹിച്ചാണ് എന്ന നിലയിൽ ഇടത് കേന്ദ്രങ്ങളും പരിഹാസവുമായി രംഗത്തെത്തി. ഏതായാലും കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചകൾക്കാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന മുസ്ലിം ലീഗ് തീരുമാനം വഴിയൊരുക്കിയത്. എന്നാൽ, ഈ വാർത്ത പുറത്ത് വന്നതോടെ സൈബർ ലോകത്തെ ട്രോളന്മാർക്കും വിശ്രമമില്ല.
വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കുകയാണ് ഇപ്പോഴത്തെ അദ്ദേഹത്തന്റെ രാഷ്ട്രീയ ലക്ഷ്യം. അതുപോലെ യുഡിഎഫിന് മാർഗ്ഗ ദീപമാകുന്നതിന് കോൺഗ്രസിന് പിന്നിൽ നിന്ന് എല്ലാ വിധ പിന്തുണയും അദ്ദേഹം നൽകുമെന്നാണ് അറിയാൻ കഴിഞ്ഞത്. 2019 മാർച്ചിൽ എംപിയായി ഡൽഹിക്ക് വണ്ടി കയറുമ്പോൾ പ്രധാനമന്ത്രി പദത്തിൽ നിന്ന് നരേന്ദ്ര മോദിയെ താഴെ ഇറക്കുന്നത് വരെ വിശ്രമമില്ലെന്നായിരുന്നു കുഞ്ഞാപ്പ പറഞ്ഞിരുന്നത്. പക്ഷേ, ഇറങ്ങാൻ മറ്റുള്ളവർക്കും തോന്നണ്ടേയെന്ന് ട്രോളന്മാരും. വിശ്രമമില്ലാത്ത ആ ജോലിക്കിടയിൽ വർഷം പോയതറിഞ്ഞില്ല. അപ്പോഴാണ് കേരളത്തിലെ മന്ത്രിസഭയുടെ കാലാവധി കഴിയാറായെന്ന് കേട്ടത്. പിന്നെ ഇടംവലം നോക്കിയില്ല. കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചിട്ടേ വിശ്രമമൊള്ളൂവെന്ന് പ്രഖ്യാപിച്ച് മഹാമാരിക്കാലത്ത് കിട്ടിയ വണ്ടിയും പിടിച്ച് കേരളത്തിലേക്ക് പോന്നു. ജനസേവ അതൊന്ന് മാത്രമാണ് ലക്ഷ്യമെന്ന് ട്രോളന്മാരും അടിവരയിടുന്നു.
സൈബർ ലോകത്തെ കുഞ്ഞാപ്പ കാഴ്‌ച്ചകൾ കാണാം..
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകും.
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭാ തിരഞ്ഞെടുപ്പും വരുന്ന രീതിയിലാവും രാജി. എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാർട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും ഇന്നലെ കെ.പി.എ മജീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ മടങ്ങിയെത്തുന്നത് ലീഗിന്റെയും യുഡിഎഫിന്റെയും അണികൾ പൊതുവെ സ്വാഗതം ചെയ്യുകയാണ്. കടുത്ത രാഷ്ട്രീയ തന്ത്രഞ്ജനും മുന്നണിക്കകത്തെ പല പ്രശ്നങ്ങളിലും മധ്യസ്ഥന്റെ റോൾ എടുത്തിട്ടുള്ള കുഞ്ഞാലിക്കുട്ടി, നിലവിലെ അവസ്ഥയിൽ സംസ്ഥാനത്തെ യുഡിഎഫിന് മുതൽക്കുട്ടാവും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ കടുത്ത തിരിച്ചിടിയുടെ പശ്ചാത്തലത്തിൽ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള അനുഭവ സമ്പത്തുള്ള നേതാക്കൾ തിരിച്ചെത്തുന്നത് യുഡിഎഫിന് ഗുണം ചെയ്യും.
പക്ഷേ അപ്പോൾ ഒരു കാര്യവുമില്ലാതെ രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടത്തിയെന്ന വിമർശനം ലീഗ് നേരിടേണ്ടിവരും. നേരത്തെ ഒരുകാര്യവുമില്ലാതെയാണ് കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് മൽസരിച്ചത്. അതിന്റെ പേരിൽ വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നു. ഇപ്പോൾ ഇതാ മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കയാണ്.
1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായാണ് കുഞ്ഞാലിക്കുട്ടി ജനിച്ചത്. കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിന്റെ യൂനിറ്റ് പ്രസിഡന്റ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയായി. 27ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.1982 ൽ നിയമസഭ അംഗമായി.മലപ്പുറത്ത് നിന്നാണ് വിജയിച്ചത്.2006-ൽ നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി, കുറ്റിപ്പുറത്തു നിന്നു കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.
ഐസ്‌ക്രീ പാർലർ ആരോപണത്തെ തുടർന്നുണ്ടായ ഈ തെരഞ്ഞെടുപ്പ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചിടിയായിരുന്നു. അടുത്ത തെരഞ്ഞടുപ്പിൽ ഈ പരിക്ക് നീക്കി അദ്ദേഹം ജയിച്ചുകയറി. കഴിഞ്ഞ തവണ വേങ്ങരിയിൽനിന്നാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്.
അതിനിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി എംഎൽഎ എ സ്ഥാനം രാജിവെക്കുന്നത്. ഇപ്പോഴിതാ വെറും 16മാസം എംപിയായി കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്.
മറുനാടന് ഡെസ്ക്