- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാഹനം വിട്ടുനൽകിയവർക്ക് സർക്കാർ നിശ്ചയിച്ച തുക നൽകിയില്ലെന്ന് പരാതി; ബാങ്ക് അക്കൗണ്ട് വഴി നൽകേണ്ട തുക ഉടമകൾക്ക് നേരിട്ടു കൊടുത്തു; ഇതു വഴി നടന്നത് വൻ തട്ടിപ്പെന്ന് സംശയിച്ച് വാഹന ഉടമകൾ; തദ്ദേശ തെരഞ്ഞെടുപ്പിന് വാഹനം വിട്ടുനൽകി 20,000 രൂപയ്ക്ക് മുകളിൽ വാടക കിട്ടാനുള്ള ഉടമകളും
കൊല്ലം: തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സർക്കാരിന് വാഹനം വിട്ടു നൽകിയവർക്ക് സർക്കാർ നിശ്ചയിച്ച തുക നൽകിയില്ല എന്ന് പരാതി. കൊല്ലം ജില്ലയിൽ നിന്നും തിരഞ്ഞെടുപ്പാവശ്യങ്ങൾക്കായി ഉപയോഗിച്ച ടാക്സി വാഹനങ്ങൾക്കും ബസുകൾക്കുമാണ് നിശ്ചയിച്ച തുക നൽകാതിരുന്നത്. 10,750 രൂപ നൽകേണ്ട വാഹന വാടക 8,000 രൂപയിൽ ഒതുക്കിയാണ് നൽകിയിരിക്കുന്നത്. കരുനാഗപ്പള്ളി സെക്ടറിൽ ഓടിയ ഒട്ടുമിക്ക വാഹനങ്ങൾക്കും ഇതേ രീതിയിൽ തുക കുറവു ചെയ്താണ് വാടക നൽകിയത്. ബാങ്ക് അക്കൗണ്ട് വഴി നൽകേണ്ട തുക ഉടമകൾക്ക് നേരിട്ടാണ് കൊടുത്തിരിക്കുന്നത്. ഇതു വഴി വൻ തട്ടിപ്പ് നടന്നതായാണ് വാഹന ഉടമകൾ സംശയിക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനങ്ങൾ തിരഞ്ഞെടുപ്പാവശ്യങ്ങൾക്കായി സർക്കാരിന് പിടിച്ചു നൽകുന്നത്. കൃത്യമായി ഇതിന് വാടക നൽകണമെന്ന് ഉത്തരവിൽ നിഷ്കർഷിച്ചിട്ടുമുണ്ട്. വാഹനം ഓടിയതിന്റെ വാടക നൽകേണ്ടതിന്റെ ഉത്തരവാദിത്വം എസ് 161 പ്രകാരം ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റാണ്. നാട്ടു നടപ്പ് അനുസരിച്ചു വാടക നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. അങ്ങനെ എങ്കിൽ ഓട്ടം കഴിഞ്ഞു വണ്ടി റിലീസ് ചെയ്യുമ്പോൾ തന്നെ നൽകണം. അതിനു മാസങ്ങളോ വർഷങ്ങളോ ഡ്രൈവർ ഓഫീസിൽ കയറി ഇറങ്ങേണ്ട അവസ്ഥ വരരുത്. കൂടാതെ വാടക സംബന്ധിച്ചു പരാതി ഉണ്ടെങ്കിൽ ഒരു ആർബിട്രേറ്റർനെ സർക്കാർ നിയമിക്കണം എന്നുമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് വാഹന വാടക കാര്യത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നത്.
ഇപ്പോഴും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനായി വാഹനം വിട്ടു നൽകിയവർക്ക് വാടക ലഭിക്കാത്തവർ ഏറെയാണ്. 20,000 രൂപയ്ക്ക് മുകളിൽ വരെ വാടക കിട്ടാനുള്ള ഉടമകളുണ്ട്. ഏതാനം ദിവസങ്ങൾക്ക് മുൻപ് മറുനാടൻ തിരഞ്ഞെടുപ്പിന് വാഹനം വിട്ടു നൽകിയവർക്ക് വാടക തുക നൽകുന്നില്ല എന്ന വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് ഒട്ടുമിക്ക ഉടമകൾക്കും പണം അനുവദിച്ചു നൽകിയിരുന്നു. കൂടാതെ വാഹനം വിട്ടു നൽകാനായി നോട്ടീസ് നൽകാൻ പോകുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുൻപിൽ ഉടമകൾ പരാധീനതകൾ പറഞ്ഞതോടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സംഭവം ഗൗരവകരമായി എടുത്തിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓടിയ വാഹനങ്ങളുടെ വാടക നിരക്ക് ബസ് 5,000, മിനി ബസ് 3,000, കാർ കിലോമീറ്ററിന് 17 എന്നിങ്ങനെയായിരുന്നു. കൂടാതെ ഭക്ഷണത്തിനായി 250 രൂപയും ബാറ്റ ഇനത്തിൽ 100 രൂപയുമായിരുന്നു. ബസുകൾക്ക് രണ്ടു ദിവസം മാത്രമാണ് ഓട്ടമുള്ളത്. കാറുകൾക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംമുതൽ ഓട്ടമുണ്ട്. സ്വന്തം കയ്യിൽ നിന്നും ഇന്ധനവും ചിലവുകളും എടുത്താണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നത്. പിന്നീട് ബിൽ മാറിയെടുക്കുകയാണ് പതിവ്. ഉത്തരവിൽ അന്ന് തന്നെ തുക കൈമാറണമെന്ന് പറയുന്നുണ്ടെങ്കിലും മാസങ്ങൾ കഴിഞ്ഞാലും തുക ലഭിക്കില്ല. അതിനിടയിലാണ് തുക വെട്ടിക്കുറച്ച് ഉടമകളെ കബളിപ്പിക്കുന്നതും.
കരുനാഗപ്പള്ളി സെക്ടറിലാണ് കൂടുതലായി പണം വെട്ടിക്കുറച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കൃത്യമായി താമസിച്ചാണെങ്കിലും മുഴുവൻ തുകയും ഉടമകൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ കരുനാഗപ്പള്ളി ഭാഗത്തുള്ള ടാക്സി ബസ് ഉടമകൾ ആലപ്പുഴ ജില്ലയിലെ ആർ.ടി.ഒയ്ക്ക് വളരെ നേരത്തെ തന്നെ വാഹനം വിട്ടു നൽകാമെന്ന് സമ്മതം അറിയിച്ചിരിക്കുകയാണ്. അതിനാൽ കരുനാഗപ്പള്ളി സെക്ടറിൽ വാഹനങ്ങൾക്ക് വലിയ രീതിയിൽ കുറവ് വന്നിരിക്കുകയാണ്. ഇതോടെ വലയുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ്.
ഇതിനിടയിൽ വാഹനം വിട്ടു നൽകാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വാഹനം വിട്ടു നൽകാത്തവർക്കെതിരെ റിപ്പോർട്ട് ലഭിച്ചാൽ അതാത് ഇടങ്ങളിലെ ജില്ലാ കഴക്ടർമാരോട് നടപടിക്ക് ശുപാർശ ചെയ്യും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസ് ചുമത്തുന്നതിനൊപ്പം പെർമിറ്റും റദ്ധാക്കും. പല ഇടങ്ങളിലും വാഹനങ്ങൾ വിട്ടു നൽകാൻ ഉടമകൾ മടിക്കുന്നതിനാലാണ് ഇത്തരത്തിൽ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.