ഡൽഹി: നാളെ ജനവിധി തേടുന്നത് രണ്ടു സംസ്ഥാനങ്ങൾ. രാജസ്ഥാനും തെലങ്കാനയും. പല കാരണങ്ങൾ കൊണ്ടും ഇന്ത്യൻ രാഷ്ട്രീയം ഉറ്റു നോക്കുന്ന രണ്ടു സംസ്ഥാനങ്ങളാണിവ. കാലാവധി തീരാൻ ഒമ്പതു മാസം ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടാൻ ഇറങ്ങിയതുകൊണ്ട് തെലങ്കാനയും വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ നേരിടുന്ന കടുത്ത ഭരണവിരുദ്ധ വികാരം കോൺഗ്രസിന് തുണയാകുമെന്ന മുൻവിധിയും കാരണം ഈ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും അലയൊലികൾ തീർക്കും. കടുത്ത ശത്രുക്കളായിരുന്ന തെലുങ്കുദേശം പാർട്ടിയും കോൺഗ്രസും തെലങ്കാനയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ കൈകോർത്തതും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ട് നീണ്ട നിന്ന ശത്രുതയാണ് ഹൈദരാബാദിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ഒരേവേദി പങ്കിട്ടപ്പോൾ അലിഞ്ഞില്ലാതായത്.

നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതിയും(ടിആർഎസ്) കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി, തെലങ്കാന ജനസമിതി, സിപിഐ എന്നിവയുടെ മഹാകൂടാമി സഖ്യവും ആണ് പ്രധാനമായും ഇവിടെ ഏറ്റുമുട്ടുന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ടാണ് കോൺഗ്രസ്- തെലുങ്കുദേശം പാർട്ടി വിശാല സഖ്യം രൂപപ്പെട്ടത് എന്നതാണ് തെലങ്കാനയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അനായാസമായി അടുത്ത മന്ത്രിസഭ രൂപീകരിക്കാം എന്ന ചന്ദ്രശേഖര റാവുവിന്റെ സ്വപ്‌നങ്ങൾക്ക് ഏറ്റ തിരിച്ചടിയായിപ്പോയി മഹാകൂടാമി സഖ്യം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അനുകൂലതരംഗം ഉടലെടുത്താൽ അതു തെലങ്കാനയെ ബാധിക്കാതിരിക്കാനാണ് കാലാവധി ഉണ്ടായിട്ടും നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ റാവുവിനെ പ്രേരിപ്പിച്ചത്. എന്നാൽ ശത്രുക്കളായിരുന്നവർ മിത്രങ്ങളായതോടെ കാര്യങ്ങൾ കൈവിട്ടു പോയോ എന്നൊരു സംശയം റാവുവിനെ തന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു.

അതേസമയം കോൺഗ്രസിനു മഹാകൂടാമി സഖ്യം ഒരു പരീക്ഷണം കൂടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ബിജെപി വിരുദ്ധ സഖ്യത്തിന്റെ പരീക്ഷണശാലയാണിത്. 119 അംഗ തെലങ്കാന നിയമസഭയിലേക്ക് മഹാകൂടാമി സഖ്യത്തിന് ഭൂരിപക്ഷം നേടാനായാൽ ലോക് സഭാ തെരഞ്ഞെടുപ്പിനെ കൂടുതൽ ആത്മവിശ്വാസത്തോടെ വിശാല സഖ്യത്തിന് നേരിടാം. സഖ്യം തെലങ്കാനയിൽ വിജയം നേടിയാൽ സിപിഎം പോലെയുള്ള ഘടകകക്ഷികളേയും കൂടെ നിർത്താം എന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്.

മഹാകൂടാമി സഖ്യം വൻപ്രതിരോധം തീർത്ത് മുന്നിലുണ്ടെങ്കിലും ടിആർഎസിന് ഉൾനാടൻ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നുണ്ട്. കർഷകർക്കായി ചന്ദ്രശേഖര റാവു നടപ്പാക്കിയ റിതുബന്ധു, റിതു ഭീമാ ഇൻഷ്വറൻസ്, കല്യാണ ലക്ഷ്മി, ശാദി മുബാറക് തുടങ്ങിയ ജനകീയ പദ്ധതികളും കർഷകർക്ക് ഇരുപത്തിനാലു മണിക്കൂർ വൈദ്യുതിയും മറ്റും ടിആർഎസിന്റെ മാറ്റുകൂട്ടിയ പ്രഖ്യാപനങ്ങളാണ്. കനത്ത വെല്ലുവിളി ഉയർത്തി കൂടാമി സഖ്യം മുന്നിലുണ്ടെങ്കിലും ചന്ദ്രശേഖര റാവുവിനെ അതിനെ മറികടക്കാൻ തക്ക വിധത്തിലുള്ള പ്രതിഛായ ഒരു പരിധി വരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രീയനിരീക്ഷകർ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മത്സരിക്കുന്ന ഗജ്വൽ, മകൻ കെ ടി രാമറാവു മത്സരിക്കുന്ന സിർസില, റാവുവിന്റെ വലംകൈയായ ടി ഹരീഷ് റാവു മത്സരിക്കുന്ന സിദ്ദിപ്പേട്ട് തുടങ്ങിയവയാണ് ടിആർഎസിന്റെ അഭിമാന മണ്ഡലങ്ങൾ. ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപിയും ഇവിടെ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. മുഷീറാബാദ്, ഖൈർതബാദ്, ഉപ്പൽ, അമ്പർപേട്ട് തുടങ്ങിയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിർസ്ഥാനാർത്ഥികൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒരുകാലത്ത് കോൺഗ്രസിന്റെ കുത്തകയായിരുന്ന ഖൈർതബാദ് കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

മൂന്നുലക്ഷത്തോളം വോട്ടർമാരുള്ള ജൂബിലി ഹിൽസിൽ ടിആർഎസിന്റെ എം ഗോപിനാഥും കോൺഗ്രസിന്റെ വിഷ്ണുവർധൻ റെഡ്ഡിലും തമ്മിൽ ശക്തമായ പോരാട്ടമാണുള്ളത്. ക്രിസ്ത്യൻ, മുസ്ലിം വോട്ടർമാർ കുടുതലുള്ള മണ്ഡലങ്ങളിലൊന്നാണു സെക്കന്തരാബാദ്. തെലങ്കാനയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ അഡ്ഡഗുട്ട ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളുള്ള ഇവിടെ ടിആർഎസിന്റെ മുൻ മന്ത്രി ടി.പത്മറാവുവിനെ നേരിടുന്നത് കോൺഗ്രസിന്റെ കെ.ഗണേശ്വർ ആണ്.

തെലങ്കാനയിൽ തെലുങ്കുദേശം പാർട്ടിയുമായി ചേർന്ന് സഖ്യമുണ്ടാക്കുന്നതിലൂടെയാണ് കോൺഗ്രസ് ഭരണകക്ഷിയെ നേരിടുന്നതെങ്കിൽ രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഭരണവിരുദ്ധ വികാരം മുതലെടുത്താണ് കോൺഗ്രസ് രാജസ്ഥാൻ കോട്ട പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. കൂടാതെ ബിജെപിക്കുള്ളിൽ തന്നെയുള്ള ഭിന്നത മുതലെടുക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. 2013 മുതൽ മുഖ്യമന്ത്രിയായ വാണ വസുന്ധരാ രാജെ ജനസമ്മതിയിൽ ഇപ്പോൾ പിന്നിലാണെന്നതാണ് കോൺഗ്രസിന് അനുകൂലയമായ ഘടകം.

രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഏറെ പ്രശസ്തരായവർ ഒരേ മണ്ഡലത്തിൽ തന്നെ മാറ്റുരയ്ക്കാൻ എത്തുമ്പോൾ പല മണ്ഡലങ്ങളിലും മത്സരത്തിന് ആവേശം ഏറും. അഞ്ചു തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വസുന്ധര രാജെ നിയമസഭയിലേക്കു മത്സരിച്ചപ്പോഴും തെരഞ്ഞെടുത്ത ജാല്ഡറാപാഠൻ ആണ് രാജസ്ഥാനിലെ സ്റ്റാർ മണ്ഡലം. മുഖ്യമന്ത്രിയോട് ഏറ്റുമുട്ടുന്നത് രജപുത്ര വിഭാഗത്തിൽ നിന്നുള്ള മാനവേന്ദ്രസിങ് ആണ്. ജസ്വന്ത് സിംഗിന്റെ മകനെ വസുന്ധരാ രാജെയോട് ഏറ്റുമുട്ടാൻ കോൺഗ്രസ് രംഗത്തിറക്കിയതോടെ ഇവിടുത്തെ മത്സരം രാജ്യശ്രദ്ധയാകർഷിക്കുകയാണ്. ജാതിസമവാക്യങ്ങൾ നിർണായകമായ രാജസ്ഥാനിൽ ജനങ്ങളുടെ വികാരം മറികടന്ന് വസുന്ധര രാജെ വിജയം കൊയ്യുമോയെന്ന് കണ്ടറിയണം.

സച്ചിൻ പൈലറ്റിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് ഭാഗ്യപരീക്ഷണം നടത്തുന്നത്. രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ സച്ചിൻ മത്സരിക്കുന്ന മണ്ഡലം എന്നതിനാലാണ് ടോങ്ക് നിയമസഭ മണ്ഡലം വാർത്തകളിൽ ഇടം നേടുന്നത്. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ.

ബിജെപിയുടെ അജിത്ത് സിങ് മേത്തയാണ് നിലവിൽ ടോങ്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അജിത്ത് മേത്ത തന്നെയാണ് ഇത്തവണയുൂം ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 30000 വോട്ടിനാണ് അജിത്ത് സിങ് മേത്ത വിജയിച്ചത്. എന്നാൽ ഇത്തവണ ഈ മണ്ഡലത്തിൽ താൻ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സച്ചിൻ പൈലറ്റ്.

ഇടതുപക്ഷത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കാത്ത സംസ്ഥാനത്ത് സിപിഎമ്മിന്റെ വിജയക്കൊടി പലതവണ പാറിച്ച നേതാവാണ് അമരാ റാം. അമരാ റാം മൽസരിക്കുന്നു എന്നതാണു സിക്കർ ജില്ലയിലെ ദന്താ രാംഗഡിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കുന്നത്.
അഖിലേന്ത്യ കിസാൻസഭ മുൻ പ്രസിഡന്റ് കൂടിയായ അമരാ റാം ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സിക്കറിലെ ദോഡ് മണ്ഡലത്തിൽനിന്നാണ് 1993, 98, 2003 വർഷങ്ങളിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കർഷക സമരങ്ങൾക്ക് എക്കാലത്തും മുന്നിൽ നിന്നിട്ടുള്ള ആളാണ് അമരാ റാം.

കോൺഗ്രസിന്റെ മുതിർന്ന മറ്റൊരു നേതാവായ ഡോ. സി പി ജോഷിയുടെ മണ്ഡലമെന്ന നിലയിലാണ് നാഥ്ദ്വാര മണ്ഡലം ശ്രദ്ധയാകർഷിക്കുന്നത്. അടുത്തിടെ ജോഷി ഹിന്ദുത്വത്തെ കുറിച്ച് നടത്തിയ പരാമർശം തിരിച്ചെടുത്ത് ക്ഷമ ചോദിക്കാൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2008-ലെ തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിനു തോറ്റ ജോഷിക്ക് എംഎൽഎ സ്ഥാനവും മുഖ്യമന്ത്രിപദവുമാണ് നഷ്ടമായത്. മുപ്പതാം വയസിൽ മിന്നുന്ന പ്രകടനവുമായി എംഎൽഎ ആയ ജോഷി 2008-ൽ ചൗഹാൻ സിംഗിനോടാണ് ഒരു വോട്ടിന് തോറ്റത്. പിന്നീട് 2009ൽ ഭിൽവാഡയിൽനിന്നു പാർലമെന്റിലേക്കു ജയിച്ചു കേന്ദ്രമന്ത്രിയായിരുന്നു.

കോൺഗ്രസിന്റെ ശക്തയായ വനിതാ നേതാവുമായ ഗിരിജ വ്യാസും സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് കട്ടാരിയയും നേർക്കുനേർ എത്തുന്ന മണ്ഡലമാണ് ഉദയ്പൂർ. ബിജെപിയുടെ മുൻനിര നേതാക്കളിലൊരാളായ കട്ടാരിയയ്ക്കിത് നാലാം തവണയും സീറ്റ് നിലനിർത്താനുള്ള പോരാട്ടമാണ്. പലതവണ സംസ്ഥാന മന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന കട്ടാരിയ 1977, '80 നിയമസഭകളിലും തുടർന്ന് 1993 മുതൽ ഇതുവരെയുമായി ഏഴു തവണ എംഎൽഎയുമായി. 1989-91 കാലഘട്ടത്തിൽ ലോക്‌സഭാംഗവുമായി.

മുഖ്യമന്ത്രി സ്ഥാനത്തേക്കു കോൺഗ്രസിൽ പറഞ്ഞു കേൾക്കുന്ന പേരുകളിലൊന്നു കൂടിയാണ് എഴുത്തുകാരിയും ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ ഗിരിജ വ്യാസിന്റേത്. കോൺഗ്രസിനു കൂടുതൽ വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ചു പറയുന്ന സാഹചര്യത്തിൽ ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. 1985ൽ നിയമസഭയിലേക്കും 1991ൽ ലോക്‌സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ കട്ടാരിയയെ തോൽപിച്ച പാരമ്പര്യവുമുണ്ട് ഗിരിജ വ്യാസിന്.