ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, ഛത്തിസ്ഗഡ്, തെലുങ്കാന എന്നിവിടങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ തീയ്യതിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഡിസംബർ 15ന് മുൻപ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി.റാവത്ത് പറഞ്ഞു. നാലു സംസ്ഥാനങ്ങളിലും മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാല് സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഛത്തീസ്‌ഗഡിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് തീയ്യതികൾ ഇങ്ങനെ:

ഛത്തീസ്‌ഗഡ്: ആദ്യ ഘട്ടം നവംബർ 12, രണ്ടാം ഘട്ടം നവംബർ 20
മധ്യപ്രദേശ്, മിസോറാം: നവംബർ 28
രാജസ്ഥാൻ, തെലങ്കാന: ഡിസംബർ ഏഴ്
വോട്ടെണ്ണൽ തീയ്യതി: ഡിസംബർ 11

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. ഇന്നുമുതൽ ഈ സംസ്ഥാനങ്ങളിൽ പെരുമാട്ടച്ചട്ടം നിലവിൽവന്നതായി കമ്മീഷണർ പറഞ്ഞു.എല്ലാ മണ്ഡലങ്ങളിലും സ്ത്രീകൾക്ക് മാത്രമായി ഒരു ബൂത്ത് സജ്ജീകരിക്കും. പ്രചരണം പരിസ്ഥിതി സൗഹൃദമാകണം. അംഗപരിമിതർക്ക് വാഹന സൗകര്യമേർപ്പെടുത്തും. സ്ഥാനാർത്ഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സത്യവാങ്മൂലം നൽകണമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2019ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പുകൾ ബിജെപിയെയും കോൺഗ്രസിനെയും സംബന്ധിച്ച് അതി നിർണായകമാണ്. മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ നിന്നു പോരാടുന്നു. തെലുങ്കാനയിൽ ടിആർഎസ് കോൺഗ്രസ് പോരാട്ടം നടക്കുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ മാത്രമാണ് കോൺഗ്രസ് ഭരണം നിലനിൽക്കുന്നത്. ഇവിടങ്ങളിൽ വിജയം കൊയ്യാൻ ബിജെപിക്ക് സാധിച്ചാൽ അവർക്ക് കേന്ദ്രഭരണം നിലനിർത്താൻ സാധിക്കുമെന്ന് പ്രതീതി വരും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് വലിയൊരു പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.

മൂന്നിടങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമോ?

മദ്ധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കഴിഞ്ഞ മൂന്നു തവണകളായി ബിജെപിയാണ് ഭരണകക്ഷി. രാജസ്ഥാനിലും അവർ ഭരണത്തിലാണ്. തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതിയും മിസോറമിൽ കോൺഗ്രസും ഭരിക്കുന്നു. ഭരണമുള്ള മൂന്നു സംസ്ഥാനങ്ങളിലും ഇക്കുറി ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. അതേസമയം കോൺഗ്രസിന്റെ കുതിപ്പിന് ഇടയിലും പ്രതിപക്ഷത്തെ അനൈക്ക്യം വലയ്ക്കുന്നുണ്ട്.

രാജസ്ഥാനിൽ 200 അംഗ നിയമസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 163 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് നേടിയത് വെറും 21 സീറ്റുകളായിരുന്നു. എന്നാൽ ഇക്കുറി 130 സീറ്റുകൾവരെ കോൺഗ്രസ് നേടുമെന്ന് എബിപി സി വോട്ടർ അഭിപ്രായ സർവേ പറയുന്നു. ബിജെപി 57 സീറ്റും മറ്റുള്ളവർ 13 സീറ്റുകളും നേടുമെന്നുമാണ് സർവേ നിഗമനം.

മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ 2013 ൽ ബിജെപിക്ക് 165 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് 58 ഉം മറ്റുള്ളവർക്ക് 7 സീറ്റുകളും ലഭിച്ചു. ഇത്തവണ 117 സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് സർവേ പറയുന്നു. 106 സീറ്റ് വരെ ബിജെപിക്ക് ലഭിക്കും. മറ്റുള്ളവർക്ക് ഏഴ് സീറ്റുകൾ വരെ ലഭിച്ചേക്കാം.

ഛത്തീസ്‌ഗഡിലെ 90 അംഗ നിയമസഭയിൽ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 49 സീറ്റുകളിലും കോൺഗസ് 39 സീറ്റുകളിലുമാണ് വിജയിച്ചത്. മറ്റുള്ളവർക്ക് രണ്ട് സീറ്റുകളും ലഭിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ 54 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്ന് എബിപി ന്യൂസ് സി വോട്ടർ അഭിപ്രായ സർവേ സർവേ ഫലം പറയുന്നു. ബിജെപി 33 സീറ്റുകളും മറ്റുള്ളവർ മൂന്ന് സീറ്റുകളും നേടുമെന്ന് സർവേ പറയുന്നു.

തെലുങ്കാനയിൽ ടിആർഎസ് അട്ടിമറിക്കപ്പെടുമോ?

തെലങ്കാനയിൽ 2019 മെയ്‌ വരെ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സർക്കാരിനു കലാവധിയുണ്ടായിരുന്നു. എന്നാൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനായി നിയമസഭ പിരിച്ചുവിടാൻ മന്ത്രിസഭ ശുപാർശ നൽകുകയായിരുന്നു. അതിനു തൊട്ടുമുമ്പായി കുറെ ജനക്ഷേമപദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. ഇതൊക്കെ വോട്ടാക്കാമെന്നും പ്രതിപക്ഷ ഐക്യ നീക്കം തടയമെന്നുമുള്ള പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതെന്നാണ് സൂചന.

തെലങ്കാന നിയമസഭയിൽ 119 സീറ്റുകളാണുള്ളത് .2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസിന് 90 സീറ്റ് ലഭിച്ചിരുന്നു. കോൺഗ്രസിന് 13 സീറ്റ്, എംഐഎമ്മിന് 7 സീറ്റ്, ബിജെപിക്ക് അഞ്ച് സീറ്റ്, ടിഡിപിക്ക് മൂന്ന് സീറ്റ്, സിപിഎമ്മിന് ഒരു സീറ്റ് എന്നിങ്ങനെയായിരുന്നു കക്ഷിനില. മിസോറാമിൽ 20 വർഷമായി കോൺഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. 1993 മുതൽ ബിജെപി മത്സരിക്കുന്നുണ്ടെങ്കിലും മിസോറാമിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല

2013 ലെ തെരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 34 സീറ്റുകൾ ആണ് കോൺഗ്രസ് നേടിയത്. സഖ്യകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) അഞ്ച് സീറ്റുകളും നേടി .എന്നാൽ ഇത്തവണ.കോൺഗ്രസിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. മുഖ്യമന്ത്രി അടക്കം മന്ത്രിസഭയിലെ ചില അംഗങ്ങൾക്കെതിരെ അഴിമതി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ചില ഗോത്ര സംഘടനകളുമായി ധാരണയുണ്ടാക്കി ബിജെപിയും അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്നു.

കോൺഗ്രസിനെ കൈവിട്ട് എസ്‌പി

കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്‌പിക്ക് പുറമെ കോൺഗ്രസിനെ കൈവിട്ട് സമാജ്വാദി പാർട്ടിയും രംഗത്തുവന്നത് രാഹുൽ ഗാന്ധിയെ സമ്മർദ്ദത്തിലായി. കോൺഗ്രസുമായി സഖ്യത്തിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുകയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. മധ്യപ്രദേശിൽ ബി.എസ്‌പിയുമായി സഖ്യത്തിന് ശ്രമിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. സഖ്യത്തിനായി ശ്രമിച്ച ഞങ്ങളെ ഏറെ നാൾ കാത്തിരുത്തുക മാത്രമാണ് കോൺഗ്രസ് ചെയ്തത്. ഇനി ബി.എസ്‌പിയുമായി ചർച്ചകൾക്ക് ശ്രമിക്കുകയാണ്- അഖിലേഷ് പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാസഖ്യം തീർക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമത്തിനേറ്റ മറ്റൊരു പ്രഹരമായി മാറുകയാണ് അഖിലേഷിന്റെ ഈ നിലപാട്.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് നേരത്തെ ബി.എസ്‌പി അദ്ധ്യക്ഷ മായാവതിയും വ്യക്തമാക്കിയിരുന്നു. എന്നാൽ മധ്യപ്രദേശിൽ സഖ്യത്തിൽ നിന്ന് പിന്മാറിയ ബി.എസ്‌പി നിലപാട് തങ്ങളെ ബാധിക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. സംസ്ഥാനങ്ങളിലെ സഖ്യവും കേന്ദ്രത്തിലെ സഖ്യവും വ്യത്യസ്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും യോജിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.