കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന വിദേശ ഇലക്ട്രീഷ്യന്മാർക്കും പ്ലംബർമാർക്കും ഡിപ്ലോമ നിർബന്ധമായും ഉണ്ടായിരിക്കണമെന്നുള്ള തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്ന് എംപി നബീൽ അൽ ഫദ്ദി ശുപാർശ ചെയ്തു.  അതാത് മേഖലയിലുള്ള ഡിപ്ലോമ മാത്രം പോര, അത് മാതൃരാജ്യത്തും കുവൈറ്റിലും അറ്റസ്റ്റ് ചെയ്തിരിക്കണമെന്ന നിർദേശവും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അതാത് മേഖലയിൽ അഞ്ചു വർഷത്തിൽ കൂടുതൽ പരിചയ സമ്പന്നരായ ആൾക്കാരെ ഡിപ്ലോമ വേണമെന്നുള്ള നിർബന്ധത്തിൽ നിന്ന് വേണമെങ്കിൽ തൊഴിൽ ദാതാക്കൾക്ക് ഒഴിവാക്കാമെന്നും നിർദേശമുണ്ട്. അഞ്ചു വർഷത്തിൽ കുറവ് പരിചയ സമ്പന്നത മാത്രമുള്ളയാൾ ഒരു വർഷത്തെ ട്രെയിനിങ് കോഴ്‌സ് പാസായിരിക്കണമെന്നും നിഷ്‌ക്കർഷിക്കുന്നു.

എന്നാൽ ഇതൊരു നിർദ്ദേശം മാത്രമാണെന്നും പാർലമെന്റിൽ ഇതുസംബന്ധിച്ച ചർച്ചകൾക്കു ശേഷമേ ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും സ്പീക്കർ അറിയിച്ചു.