ഇരിട്ടി: അപ്രതീക്ഷിതമായാണ് ഇത്തവണ പ്രതീക്ഷിച്ചതിലും കൂടുതൽ മഴ ലഭിച്ചത്. വേനലിൽ നീരുറവകൾ വറ്റിയുണ്ടയായ ജല ലഭ്യതക്കുറവ് മൂലം ബാരാപ്പോളിൽ മൂന്ന് മാസം മുൻപ് നിർത്തിവെച്ച വൈദ്യുതോത്പാദനം വീണ്ടും ആരംഭിച്ചു. വേനൽ മഴ ലഭ്യത കൂടിയതും പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചതുമാണ് ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതിയിൽ ഉത്പാദനം തുടങ്ങാൻ സാധിച്ചത്.

മൂന്ന് ജനറേറ്ററുകളിൽ ഒരു ജനറേറ്റർ മാത്രമാണ് ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതെങ്കിലും ഒരാഴ്ചക്കുള്ളിൽ മൂന്ന് ജനറേറ്ററുകളും പ്രവർത്തിപ്പിക്കാനുള്ള ജലം ലഭ്യമാകുമെന്നാണ് അധികൃതർ കരുതുന്നത്.

ബാരാപോൾ പുഴയിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ മൂന്ന് മാസമായി നിർത്തിവെച്ച വൈദ്യുതോത്പ്പാദനം വീണ്ടും ആരംഭിച്ചത്. 36 മില്യൻ യുണിറ്റ് പ്രതിവർഷ ഉത്പ്പാദനം പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതിയിൽ നിന്നും ഇക്കുറി മെയ് ആവസാനമാകുമ്പോഴെക്കും ഉത്പ്പാദനം ആരംഭിക്കാൻ കഴിഞ്ഞത് വൻ നേട്ടമായി. കഴിഞ്ഞവർഷം മേയിൽ ഉത്പ്പാദനം തുടങ്ങിയിരുന്നെങ്കിലും തുടർച്ചയായി ഉത്പ്പാദനം നടത്താൻ കഴിഞ്ഞിരുന്നില്ല.

കുടക് മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ജലമാണ് പ്രധാനമായും ബാരാപോൾ പുഴയെ ജലസമൃദ്ധമാക്കുന്നത്. കർണ്ണാടക വനമേഖലകളിലും കർണ്ണാടകത്തിലും വേനൽ മഴ കൂടുതൽ ലഭിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നതിനാൽ നീരൊഴുക്കിന്റെ ശക്തി കൂടിയിട്ടുണ്ട്.

ബാരാപ്പോൾ പദ്ധതി കമ്മീഷൻ ചെയ്തിട്ട് അഞ്ചു വർഷം കഴിഞ്ഞെങ്കിലും കഴിഞ്ഞ വർഷം മുതലാണ് യഥാസമയം ഉത്പ്പാദനം തുടങ്ങാൻ കഴിഞ്ഞത് . കേരളത്തിലെ ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും ലാഭകരമായ പദ്ധതിയായി ബാരാപോൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കൂറി നേരത്തെ ഉത്പ്പാദനം ആരംഭിക്കാൻ കഴിഞ്ഞത് മൂലം അടുത്ത ഉത്പ്പാദന സീസൺ അവസാനിക്കുമ്പോഴെക്കും 50 മെഗാവാട്ട് മറികടക്കാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.