- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിമാസനഷ്ടം 101 കോടി; വൈദ്യുതി ചാർജ് കുത്തനെ കൂട്ടാൻ നീക്കം; ഒരു രൂപ കുറഞ്ഞാൽ ഫ്യൂസൂരുന്നവർക്കു വമ്പന്മാരെ തൊടാൻ ഭയം, വൈദ്യുതി കുടിശിക 1700 കോടിയായി
പാലക്കാട്: വൈദ്യുതി കുടിശികയും ബില്ലും പിരിച്ചെടുക്കുന്നതിൽ ഗുരുതരമായ അനാസ്ഥ. കോടികൾ പിരിച്ചെടുക്കാനുള്ളപ്പോൾ പ്രതിമാസം 101.02 കോടി രൂപയുടെ നഷ്ടത്തിലാണ് വൈദ്യുതി ബോർഡ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഡിസംബർ വരെ മാത്രം പിരിച്ചു കിട്ടാനുള്ളത് 1699.90 കോടി രൂപയാണ്. ഇതിൽ പിരിച്ചെടുത്തത് 15.17 കോടി രൂപ മാത്രമാണ്. കുത്തക കമ്പനികളിൽനിന്നും പ
പാലക്കാട്: വൈദ്യുതി കുടിശികയും ബില്ലും പിരിച്ചെടുക്കുന്നതിൽ ഗുരുതരമായ അനാസ്ഥ. കോടികൾ പിരിച്ചെടുക്കാനുള്ളപ്പോൾ പ്രതിമാസം 101.02 കോടി രൂപയുടെ നഷ്ടത്തിലാണ് വൈദ്യുതി ബോർഡ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഡിസംബർ വരെ മാത്രം പിരിച്ചു കിട്ടാനുള്ളത് 1699.90 കോടി രൂപയാണ്. ഇതിൽ പിരിച്ചെടുത്തത് 15.17 കോടി രൂപ മാത്രമാണ്. കുത്തക കമ്പനികളിൽനിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും വൈദ്യുതി ബിൽ പിരിച്ചെടുക്കാതെ നഷ്ടത്തിലേക്ക് കുതിക്കുന്ന വൈദ്യുതി ബോർഡ് ഈ നഷ്ടം മുഴുവൻ സാധാരണക്കാരനിൽ നിന്നാണ് ഈടാക്കുന്നത്. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് ഇടയ്ക്കിടെ വൈദ്യുതി ചാർജ് ഉയർത്തുന്നതിന് ഒരു പ്രധാന കാരണം ഈ കോടികൾ പിരിച്ചെടുക്കാത്തതാണ്. പ്രതിമാസം 101 കോടിയിലേറെ രൂപ നഷ്ടത്തിലോടുന്ന വൈദ്യുതി ബോർഡ് വൻ തകർച്ചയിലേക്കാണ് കൂപ്പുകുത്തുന്നത്.
പക്ഷേ ഈ നഷ്ടം ഒരു പരിധി വരെ നികത്താൻ വൈദ്യുതി മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഉടൻ തന്നെ അനിവാര്യമായ ഒരു ചാർജ്‌വർദ്ധന വേണ്ടിവരും. എന്നാൽ എത്ര ചാർജ് കൂട്ടിയാലും രക്ഷപ്പെടാനാവാത്ത വിധത്തിൽ ഫീസടിച്ചു പോകുന്ന വിധത്തിലാണ് ഈ വകുപ്പ്. ചാർജ്‌വർദ്ധന ബാധിക്കുന്നത് സാധാരണജനങ്ങളെ മാത്രമാണെന്നതും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തിൽ താൽക്കാലിക കണക്കനുസരിച്ച് വൈദ്യുതി ബോർഡിന്റെ പ്രതിമാസച്ചെലവ് 838.80 കോടി രൂപയും വരവ് 737.78 കോടി രൂപയുമാണ്.
വൈദ്യുതി പോയാൽ ലൈൻ ശരിയാക്കാൻ വിളിച്ചാൽ ഫോൺ കിട്ടാത്തത് പോലെയല്ല സാധാരണക്കാരൻ ബിൽ അടയ്ക്കാൻ വൈകിയാൽ ഫീസ് ഊരുന്ന കാര്യത്തിൽ വൈദ്യുതി ബോർഡിന്റെ കൃത്യനിഷ്്ഠ.ഒരു ദിവസം വൈകിയാൽ അതു കൃത്യമായി ഊരിയിരിക്കും .പിന്നെ റീകണക്ഷൻ ചാർജായി 30 രൂപ കൂടി അധികം അടച്ച് ലൈന്മാനെയൊക്കെ ഒന്നു കണ്ടാൽ മാത്രമേ അന്നു തന്നെ ഫീസ് ഇട്ടു തരൂ. ഇത് 100 രൂപ ബിൽ ആയാലും ഫീസ് ഊരുന്ന കാര്യത്തിലെ കൃത്യനിഷ്ഠത ശ്ലാഘനീയമാണ്. എന്നാൽ കുത്തക കമ്പനികളുടെ ഫീസ് ആണെങ്കിൽ ഇവരുടെ മുട്ടുവിറയ്ക്കും.
വൻകിട സ്വകാര്യാശുപത്രികൾ ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നുമായി പിരിച്ചുകിട്ടാനുള്ളത് 615.99 കോടി രൂപയാണ്. ഇതിൽ ബില്ലിൽ ഒരു രൂപ കുറഞ്ഞാൽ ശവം വരെ വിട്ടുകൊടുക്കാത്ത വൻകിട സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ വരെയുണ്ട്. ബില്ലടയ്ക്കാൻ വൈകിയാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരെ ഫീസ് ഊരാൻ മടിക്കാത്ത ഒരു വകുപ്പാണ് ഇതെന്ന് ഓർക്കണം. സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു മറ്റും കിട്ടാനുള്ള 334 കോടി രൂപ കേസ്സിൽപെട്ടു കിടക്കുകയാണ്. ബാക്കി വരുന്ന തുക വേണമെങ്കിൽ ഒറ്റ ദിവസം കൊണ്ട് പിരിക്കാൻ കഴിയും.
സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ളത് 114 കോടിയോളം രൂപയാണ്. എന്നാൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ 38 ലക്ഷമേ നൽകാനുള്ളൂ. പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾ നൽകാനുള്ളത് 909.53 കോടി രൂപയാണ്. തദ്ദേശസ്ഥാപനങ്ങൾ 4.39 കോടി നൽകാനുണ്ട്. സ്വയംഭരണ സ്ഥാപനങ്ങൾ 2.50 കോടി രൂപയും വൈദ്യുതി ചാർജ് ഇനത്തിൽ കുടിശിക വരുത്തിയിട്ടുണ്ട്.
കേരള വാട്ടർ അഥോറിറ്റി 728.56 കോടി രൂപ അടയ്ക്കാനുണ്ട്. കുടിവെള്ളബിൽ വൈകിയാൽ കണക്ഷൻ വിച്ഛേദിക്കുന്ന മറ്റൊരു വകുപ്പാണ് ഇതെന്ന് ഓർക്കണം. എന്നാൽ അതിനു കുറച്ച് സാവാകാശം കിട്ടുമെന്ന ഗുണമുണ്ട്. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് 92.92 നൽകാനുണ്ട്. ഇങ്ങനെ കോടികൾ ബിൽ കുടിശിക വരുത്തിയ കമ്പനികൾ കുറെയുണ്ട്. സർക്കാർ ഓഫീസുകളുടെ കുടിശിക നോക്കിയാൽ വയനാട് ജില്ലയിൽനിന്നു മാത്രമാണ് ഏറ്റവും കുറവ് കിട്ടാനുള്ളത് ഒരു കോടി രൂപ. കൂടുതൽ തൃശൂർ ജില്ല 29 കോടി.
മുൻ സർക്കാർ പോകുമ്പോൾ 1191.04 കോടി രൂപയാണ് സംസ്ഥാനത്ത് വൈദ്യുതി കുടിശിക ഉണ്ടായിരുന്നത്. യു.ഡി.എഫ്. സർക്കാർ വന്ന ശേഷം അത് 1699.90 കോടിയായി വർദ്ധിച്ചു. അഞ്ചു വർഷത്തിനുമേൽ കുടിശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം 24 ശതമാനത്തിൽനിന്ന് 18 ശതമാനമായും രണ്ടു വർഷത്തിനുമേൽ കുടിശികയുള്ളവർക്ക് 18 ശതമാനത്തിൽനിന്നു എട്ടു ശതമാനമായും തുക കുറവ് ചെയ്തിട്ടുണ്ട്. പക്ഷേ എന്നിട്ടും കാര്യമായ തിരിച്ചടവൊന്നും നടന്നിട്ടില്ല.
വൈദ്യുതി ബോർഡിന്റെ കുടിശിക പിരിച്ചെടുക്കുന്നതിൽ കാര്യമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പ്രധാന സ്വകാര്യ സ്ഥാപനങ്ങളുടേയും വൈദ്യുതി ബന്ധം താൽക്കാലികമായി പോലും വിച്ഛേദിച്ചിട്ടില്ല. കുടിശികത്തുക വർദ്ധിച്ചുവരുന്നതിന്റെ ഭാരം പാവപ്പെട്ടവൻ ചുമക്കേണ്ട ഗതികേടിലാണ്.