- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിൽ കൽക്കരി തീർന്നു; 135 നിലയങ്ങളിൽ 116 എണ്ണത്തിലും പ്രതിസന്ധി; ഊർജക്ഷാമം രൂക്ഷമായതോടെ ബിഹാറിലടക്കം വൈദ്യുതി മുടങ്ങി; മഴ തുണച്ചതോടെ കേരളത്തിൽ ഉപയോഗം കുറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും ആകെയുള്ള താപവൈദ്യുത 135 നിലയങ്ങളിൽ 116 എണ്ണത്തിലും കൽക്കരി ക്ഷാമം ഗുരുതരമാണെന്ന് റിപ്പോർട്ട്. സെൻട്രൽ ഇലക്ട്രിക്കൽ അഥോറിറ്റിയുടെ പുതിയ കണക്കനുസരിച്ച് രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്‌റ്റോക്ക് തീർന്നു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ഇത് 15 നിലയങ്ങളായിരുന്നു.
ഇവയുടെ മാത്രം ശേഷി 18,630 മെഗാവാട്ട് ആണ്. 26 നിലയങ്ങളിൽ ഒരു ദിവസത്തെ സ്റ്റോക്കും 17 ഇടത്ത് 2 ദിവസത്തെ സ്റ്റോക്കും മാത്രമാണുള്ളത്. ഗുരുതര പ്രതിസന്ധിയുള്ള 38 നിലയങ്ങളും അതീവഗുരുതര പ്രതിസന്ധിയുള്ള 78 നിലയങ്ങളുമാണുള്ളത്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ചട്ടമനുസരിച്ച് ഖനികൾക്ക് സമീപമുള്ള താപവൈദ്യുതി നിലയങ്ങൾ 10 ദിവസത്തേക്കും അകലെയുള്ളവ 20 ദിവസത്തേക്കും കൽക്കരി സ്റ്റോക്ക് സൂക്ഷിക്കണം.
ഊർജക്ഷാമം രൂക്ഷമായതോടെ ബിഹാറിൽ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. ബിഹാറിന് 6500 മെഗാവാട്ട് ആവശ്യമുണ്ടെങ്കിലും 4700 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുന്നത്. പഞ്ചാബിൽ നാലാം ദിവസവും പവർകട്ട് തുടരുകയാണ്.
ഉയർന്ന വൈദ്യുതി ആവശ്യം നിറവേറ്റാൻ 10% വരെ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. കൽക്കരി വിതരണം വർധിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. 20 ലക്ഷം ടൺ കൽക്കരിയാണ് വിവിധ സ്രോതസ്സുകളിൽ നിന്ന് എത്തിച്ചത്. തമിഴ്‌നാട് നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ കൽക്കരി ഉൽപാദനം പ്രതിവർഷം 2 കോടി ടൺ ആയി ഉയർത്തുമെന്ന് അറിയിച്ചു. നിലവിലിത് 40 ലക്ഷം ടൺ ആണ്.
കേരളത്തിൽ മഴ മൂലം ചൂടും വൈദ്യുതി ഉപയോഗവും കുറഞ്ഞതിനാൽ ഇന്നലെ കാര്യമായ വൈദ്യുതി കമ്മി ഉണ്ടായില്ല. 65 മെഗാവാട്ടിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. ഇതു പുറത്തു നിന്നു ലഭ്യമായ വൈദ്യുതിക്ക് അനുസരിച്ചു ക്രമപ്പെടുത്തി. വരും ദിവസങ്ങളിൽ പൊതു അവധി ആയതിനാൽ ഉപയോഗം വീണ്ടും കുറയുമെന്നാണ് പ്രതീക്ഷ. ചൂട് കൂടിയാൽ വീണ്ടും കമ്മി ഉണ്ടാകും.
പീക് ലോഡ് സമയത്ത് ആവശ്യം വന്നാൽ കോഴിക്കോട് ഡീസൽ നിലയം പ്രവർത്തിപ്പിച്ച് 100 മെഗാവാട്ട് ഉൽപാദിപ്പിക്കാൻ ബോർഡ് തീരുമാനിച്ചു. ഇതിനായി 500 ടൺ ഇന്ധനം വാങ്ങും. പീക് ലോഡ് സമയത്ത് യൂണിറ്റിന് 20 രൂപയ്ക്കാണ് പവർ എക്‌സ്‌ചേഞ്ചിൽ നിന്നു വൈദ്യുതി വാങ്ങുന്നത്. കോഴിക്കോട്ട് പരമാവധി 16 രൂപയേ വില വരൂ. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കേന്ദ്ര ഊർജ മന്ത്രി ആർ.കെ.സിങ്ങിനു കത്തയച്ചു.
ന്യൂസ് ഡെസ്ക്