കുവൈറ്റ് സിറ്റി: ഇലക്ട്രിസിറ്റി, പെട്രോൾ, വാട്ടർ ചാർജുകൾ വർധിപ്പിക്കുന്നതു സംബന്ധിച്ച് മിനിസ്റ്റീരിയൽ ഇക്കണോമിക് കമ്മിറ്റി റിപ്പോർട്ട് പൂർത്തിയാക്കിയതായി മന്ത്രാലയം വക്താവ് വെളിപ്പെടുത്തി. അടുത്ത ജനുവരിയോടെ ഇലക്ട്രിസിറ്റി, പെട്രോൾ വില വർധന പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വെള്ളം, ഇലക്ട്രിസിറ്റി ചാർജുകൾ ഈടാക്കാനാണ് നിലവിലുള്ള തീരുമാനം. ഇതോടൊപ്പം തന്നെ പെട്രോൾ വില വർധിപ്പിക്കാനും ശുപാർശയുണ്ട്. ഇവയ്ക്ക് ജനുവരിയിൽ കാബിനറ്റ് അപ്രൂവൽ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ചാർജ് വർധന സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാക്കും.

പ്രവാസികൾക്ക് അഞ്ചു വർഷത്തെ റസിഡൻസി വിസാ നൽകുന്ന കാര്യത്തിലും കാബിനറ്റിലേക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. പാസ്‌പോർട്ട് കാലാവധി അനുവദിക്കുന്ന പക്ഷം മാത്രമേ റസിഡൻസി വിസാ അനുവദിക്കുകയുള്ളൂ. കൂടാതെ പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു മാസം മുമ്പ് പുതുക്കാൻ അപേക്ഷ നൽകിയില്ലെങ്കിൽ വിസാ സ്വാഭാവികമായും കാൻസൽ ചെയ്യുന്ന തരത്തിലായിരിക്കും നിയമപരിഷ്‌ക്കരണം നടത്തുക.