മെൽബൺ: അപകടകരമല്ലാത്ത നാണയപ്പെരുപ്പം നേരിടുന്ന അന്തരീക്ഷത്തിലാണ് ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയെന്നാണ്  ആർബിസി കാപ്പിറ്റൽ മാർക്കറ്റ്‌സ് എക്കണോമിസ്റ്റായ സു ലിൻ ഓംഗ് പറയുന്നത്. സെപ്റ്റംബർ ക്വാർട്ടറിനിടെ വിലകൾ 0.5 ശതമാനമാണ് ഉയർന്നത്. എന്നാൽ വാർഷിക നാണയപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനത്തിൽ നിന്നും 2.3 ശതമാനമായി താണിരിക്കുകയുമാണെന്നാണ് കണക്കുകൾ വെളിവാക്കുന്നത്. പഴങ്ങളുടെ വിലയിലും കാറുമായി ബന്ധപ്പെട്ട ചെലവുകളിലുമാണ് വലിയ വർധനവുണ്ടായത്. പുതിയ വീടുകളുടെ വിലയിലും കുതിച്ച് കയറ്റമുണ്ടായി.

പെട്രോൾ വിലയിലും ഇലക്ട്രിസിറ്റി ചാർജിലും കുറവുണ്ടായി. എന്നാൽ ഇലക്ട്രിസിറ്റി ചാർജിൽ പ്രതീക്ഷിച്ചത്ര കുറവുണ്ടായിട്ടില്ലെന്നാണ് മുതിർന്ന എക്കണോമിസ്റ്റായ ജോഷ്വ വില്യംസൺ പറയുന്നത്.  ഇപ്പോൾ വൈദ്യുതി ചാർജിൽ അഞ്ച് ശതമാനം കുറവേ ഉണ്ടായിട്ടുള്ളുവെന്നും എന്നാൽ ഒമ്പത് ശതമാനത്തിന് മുകളിൽ കുറവ് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇർഗൺ എനർജി വൈദ്യുതിചാർജിൽ  9.4 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്നാണ് ഫെഡറൽ എൻവയോൺമെന്റ് മിനിസ്റ്റർ ഗ്രെഗ് ഹണ്ട് പറയുന്നത്.

എന്നാൽ തനിക്ക് ഉയർന്ന നിരക്കിലുള്ള വൈദ്യുതി ബില്ലാണ്  ലഭിച്ചതെന്നാണ് നാലു കുട്ടികളുടെ അമ്മയായ ജോസി പെരാത പറയുന്നത്.  വൈദ്യുത ഉപയോക്താക്കൾക്ക് ചാർജിളവിന്റെ ആശ്വാസം ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് ഒരു പവർ കമ്പനിയുടെ എക്‌സിക്യൂട്ടിവ് പറയുന്നത്.
വർധിച്ചു നിൽക്കുന്ന പ്രോപ്പർട്ടി മാർക്കറ്റിനെ അപേക്ഷിച്ച് റിസർവ് ബാങ്കിന്റെ താഴ്ന്ന പലിശ നിരക്കും മറ്റുമാണ് രാജ്യത്ത് നാണ്യപ്പെരുപ്പം താഴ്ന്ന തോതിലായിരിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത ആറു മാസം മുതൽ 12 മാസം വരെ നാണ്യപ്പെരുപ്പം ഏറെ വർധിക്കാനിടയില്ലെന്നാണ് പറയപ്പെടുന്നത്.