തിരുവനന്തപുരം: സ്‌കൂൾ മാനേജർ വൈദ്യുതി മോഷ്ടിച്ചെന്ന കേസിൽ കെ എസ് ഇ ബി എഞ്ചിനീയർ സ്‌കൂൾ മാനേജരെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴി നൽകി. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി മുമ്പാകെ നടക്കുന്ന വൈദ്യുതി മോഷണ കേസ് വിചാരണയിലാണ് വെള്ളറട കെ എസ് ഇ ബി സബ് എഞ്ചിനീയർ ജയരാജ് നിർണ്ണായക മൊഴി നൽകിയത്.വെള്ളറട ചൂണ്ടിക്കൽ - മണത്തോട്ടം റോഡിലുള്ള ശ്രീ ശങ്കര സ്‌കൂൾ മാനേജർ ബാലചന്ദ്രൻ നായരാണ് വിചാരണ നേരിടുന്ന ഏക പ്രതി. ഇലക്ട്രിസിറ്റി നിയമത്തിലെ വകുപ്പ് 135 (1) ചുമത്തിയാണ് പ്രതിയെ ജഡ്ജി എ. ഇജാസ് വിചാരണ ചെയ്യുന്നത്.

2011 ഫെബ്രുവരി 24 ന് മോഷണം കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും മോഷണം തുടർന്നതായി സബ് എഞ്ചിനീയർ മൊഴി നൽകി. 6,864 രൂപയുടെ വൈദ്യുതി മോഷണമാണ് നടന്നത്. തൊട്ടടുത്ത ആറാട്ടുകുഴി വാർഡിലെ കെട്ടിട നമ്പർ ഉപയോഗിച്ച് കെ എസ് ഇ ബി യെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂൾ കെട്ടിടത്തിലേക്ക് നിയമ വിരുദ്ധമായി കണക്ഷൻ എടുക്കുകയായിരുന്നു.

2011 ൽ താൻ വെള്ളറട സബ് എഞ്ചിനീയറായിരുന്നു. കെ എസ് ഇ ബി ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരം അസി.എഞ്ചിനീയറും താനും ഓവർസിയറും വർക്കറും ഒന്നിച്ചാണ് കൃത്യ സ്ഥലത്ത് പോയത്. സ്‌കൂൾ നടക്കുന്ന കെട്ടിടത്തിലാണ് പോയത്. വർക്കറാണ് ഇലക്ട്രിക് പോസ്റ്റിൽ കയറി വൈദ്യുതി ബന്ധം വിഛേദിച്ചത്.അസി. എഞ്ചിനീയർ കെട്ടിടത്തിനകത്ത് കയറി ഫ്യൂസൂരി നിലവിലുള്ള റീഡിങ് എടുത്തു പോയി.വീണ്ടും കണക്ഷൻ നിലനിൽക്കുന്നതായി പരാതി ലഭിച്ചതനുസരിച്ച് എ ഇ യുടെ നിർദ്ദേശപ്രകാരം വീണ്ടും ചെന്നു.

അപ്പോൾ മുമ്പ് ഡിസ്‌കണക്റ്റ് ചെയ്തത് വീണ്ടും അതേ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്ക് കണക്റ്റ് ചെയ്ത് ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നതായും സപ്ലേ ഉള്ളതായും ബോധ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന സബ് എഞ്ചിനീയർ സൈറ്റ് മഹസർ തയ്യാറാക്കി വീണ്ടും കണക്ഷൻ കട്ട് ചെയ്തു. സംഭവത്തിൽ വെള്ളറട പൊലീസിന് മൊഴി കൊടുത്തതായും സബ് എഞ്ചിനീയർ മൊഴി നൽകി.

2013 ൽ വെള്ളറട പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ വരുത്തി കുറ്റപത്ര പകർപ്പ് നൽകിയ ശേഷം വിചാരണക്കായി 2014 ജനുവരി 29 ന് കമ്മിറ്റ് ചെയ്ത് ജില്ലാ സെഷൻസ് കോടതിക്കയക്കുകയായിരുന്നു.