കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിൽ 72 ലക്ഷം രൂപയുടെ വൈദ്യുതി ദുരുപയോഗം കണ്ടെത്തിയ സംഭവത്തിൽ തുക തിരിച്ചടക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകി. പ്രൊവിഷണൽ ബില്ല് കൈപറ്റിയ ശേഷം 72 ലക്ഷം രൂപ അടക്കുകയോ പകുതി തുക അടച്ച് അപ്പീൽ സമർപ്പിക്കുകയോ ചെയ്തില്ലെങ്കിൽ മാനേജ്‌മെന്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ചീഫ് വിജിലൻസ് ഓഫീസർ കെ പത്മകുമാറിന്റെ നിർദേശപ്രകാരം ആന്റി പവർ ത്രെഫ്റ്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സിക്യീട്ടീവ് എഞ്ചിനീയർ പിവി രഘുനാഥന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ജൂൺ 29ന് വൻ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയത്. ആന്റി പവർ ത്രെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പത്തു മണിക്കൂർ നീണ്ട പരിശോധനക്കൊടുവിലായിരുന്നു വലിയ രീതിയിലുള്ള വൈദ്യുതി ദുരുപയോഗം കണ്ടെത്തിയത്. 29ന് രാവിലെ 10 മുതൽ 7.45 വരെയായിരുന്നു പരിശോധന.

ഗർഭിണിയായ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട സംഭവത്തിലൂടെ വിവാദത്തിലായ കോളേജ് കൂടിയാണ് കോഴിക്കോട് മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജ്. ഭൂഗർഭകേബിൾ വഴി അനധികൃതമായിട്ടായിരുന്നു ഇവിടെ വലിയ രീതിയിൽ വൈദ്യുതി ദുരുപയോഗം നടന്നിട്ടുള്ളത്. ചുരുങ്ങിയത് ഒരു വർഷത്തിലേറെയായി ഇത്തരത്തിൽ ദുരുപയോഗം നടന്നിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ എഡിജിപി കെ പത്മകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയത്. പത്തു മണിക്കൂർ നീണ്ട പരിശോധനയിൽ ഏഴ് കെട്ടിടങ്ങളിലെ അനധികൃത ഭൂഗർഭ വൈദ്യുതി ലൈൻ കണ്ടെത്തുകയായിരുന്നു. ഒരു കെട്ടിടത്തിലേക്ക് മാത്രമാണ് നിയമാനുസൃതം വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നത്. ഇതിനു പുറമെ മെഡിക്കൽ കോളേജിന്റെ ഏഴ് കെട്ടിടങ്ങളിലേക്കും ഭൂഗർഭ കേബിൽ വഴി വൈദ്യുതി വലിക്കുകയായിരുന്നു. 234 കിലോവാട്ട് വൈദ്യുതിയായിരുന്നു മെഡിക്കൽ കോളേജ് മാനാജ്‌മെന്റ് അനധികൃതമായി ഉപയോഗിച്ചു വന്നത്.

മലബാർ മെഡിക്കൽ കോളേജിന്റെ വൈദ്യുതി മോഷണം വലിയ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയിട്ടുള്ളത്. നിലവിൽ കെ.എസ്.ഇ.ബിക്ക് ആവശ്യമായ വൈദ്യുതിയുടെ 60 ശതമാനം വൈദ്യുതിയും പുറത്ത് നിന്നുമാണ് വാങ്ങുന്നത്. കൺസ്യൂമർക്ക് നൽകുന്നതിനേക്കൾ വലിയ വില നൽകിയാണ് ഈ വൈദ്യുതിയെല്ലാം വാങ്ങിക്കുന്നത്. ഫിക്‌സഡ്, കറന്റ് ചാർജ് നൽകി പർച്ചേസ് ചെയ്യുന്ന വൈദ്യുതിയേക്കാളും ഉപയോഗം നടക്കുന്നതു മൂലം വലിയ ബാധ്യതയാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നത്. അത്തോളി ഇലക്ട്രിക്കൽ സെക്ഷൻ പിരിതിയിൽ വരുന്ന മലബാർ മെഡിക്കൽ കോളേജിലെ ഒരു കെട്ടിടത്തിലേക്ക് ഹൈടെൻഷൻ കൺസ്യൂമർ കണക്ഷൻ എടുത്തായിരുന്നു മറ്റു ഏഴു കെട്ടിടങ്ങളിലേക്കും ഭൂമിക്കടിയിലൂടെ വൈദ്യുതി വലിച്ചത്.

ഓരോ കെട്ടിടത്തിലേക്ക് വൈദ്യുതി വലിക്കുന്നതിനും പ്രത്യേകം അപേക്ഷയും അനുമതിയും വേണമെന്നാണ് ചട്ടം. എന്നാൽ മലബാർ മെഡിക്കൽ കോളേജ് കാമ്പസിലെ ഡെന്റൽ കോളേജ് കെട്ടിടം, ഗേൾസ് ഹോസ്റ്റൽ, ബോയ്‌സ് ഹോസ്റ്റൽ, കാന്റീൻ, ട്യൂട്ടേഴ്‌സ് ഹോസ്റ്റൽ, മെഡിക്കൽ കോളേജിനോടു ചേർന്ന മറ്റു രണ്ട് കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം ചട്ടങ്ങൾ മറികടന്ന് വൈദ്യുതി വലിക്കുകയായിരുന്നു. ഓരോ കെട്ടിടത്തിലേക്കും ഭൂഗർഭ വഴി 50 മുതൽ 200 വരെ മീറ്റർ ദൈർഘ്യത്തിലാണ് കേബിൾ വഴി വൈദ്യുതി കടത്തിയതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി നടക്കുന്ന വൈദ്യുതി ദുരുപയോഗം ഇലക്ടിക്കൽ സെക്ഷൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നത് ദുരൂഹത ഉണർത്തുന്നു.

ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷൻ 126 പ്രകാരം ഇത്തരത്തിൽ വൈദ്യുതി ദുരുപയോഗം ചെയ്യുന്നവരിൽ നിന്നും ഉപയോഗത്തിന്റെ ഫിക്‌സഡ് ചാർജും കറന്റ് ചാർജും ആനുപാതികമായി കണക്കാക്കി ഈടാക്കും. മലബാർ കോളേജിൽ ഏഴു കെട്ടിടങ്ങളിലായി 72 ലക്ഷത്തിൽ അധികം രൂപയുടെ വൈദ്യുതി ക്രമക്കേടാണ് വിജിലൻ സ് കണ്ടെത്തിയിട്ടുള്ളത്. ഈ തുക അടക്കുന്നതിനായി പ്രൊവിഷണൽ അസിസ്‌മെന്റ് ബിൽ മെഡിക്കൽ കോളേജിന് നൽകിയിട്ടുണ്ട്. ബില്ലിന്മേലുള്ള കോളേജ് അധികൃതരുടെ ആക്ഷേപം ഏഴു ദിവസത്തിനുള്ളിൽ ഇലക്ട്രിക്കൽ വിഭാഗം വിളിച്ചു ചേർക്കുന്ന ഹിയറിംങിൽ പരിശോധിക്കും. ഇതിനു ശേഷമായിരിക്കും അന്തിമ ബിൽ നൽകുക. ഫൈനൽ ബില്ലിൽ ഇപ്പോൾ ഈടാക്കിയ തുകയിൽ നിന്നും വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിജിലൻസ് നിഗമനം.

ഫൈനൽ ബിൽ നൽകിയതുമുതൽ 14 ദിവസത്തിനകം നിർദേശിക്കപ്പെട്ട തുക അടക്കണം അല്ലെങ്കിൽ വൈദ്യുതി വിഛേതിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഈ തുക അടക്കാൻ തയ്യാറല്ലെങ്കിൽ സെക്ഷൻ 127 പ്രകാരം പിഴ ചുമത്തിയ തുകയുടെ പകുതി ആദ്യം കെട്ടി വച്ച ശേഷം അപ്പീൽ അഥോറിറ്റിയെ സമീപിക്കുവാനും അവസരമുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതായി വിജിലൻസ് പരിസോധനയിൽ വ്യക്തമായ സാഹചര്യത്തിൽ വിജിലൻസിന്റെ വിശദമായ പരിശോധനാ റിപ്പോർട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് തിരിച്ചടിയാകും. ഈ മാസം 20 ഓടെ സംഭവത്തിന്മേലുള്ള അന്തിമ നടപടികൾ പൂർത്തീകരിക്കാനാകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.