മാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾക്കും ശീശകൾക്കും നിരോധനമേർപ്പെടുത്തി. കാൻസറിന് കാരണമാവുന്ന ഘടകങ്ങളുടെ സാന്നിധ്യം ഇവയിലുണ്ടെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം. കൂടാതെ പരമ്പരാഗത സിഗരറ്റിനേക്കാൾ ആരോഗ്യത്തിന് ദോഷകരമല്ലെന്ന വാദം ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്ത പശ്ചാത്തലത്തിൽ കൂടിയാണ് നിരോധനം. പബ്ലിക്ക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷന്റെ തീരുമാനം അനുസരിച്ചാണ് നിരോധനം നിലവിൽ വന്നിരിക്കുന്നത്.

നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിൽപനയ്ക്കായി വ്യാപാര സ്ഥാപനങ്ങളിൽ എത്തിച്ചിട്ടുള്ള ഇലക്ട്രോണിക് സിഗരറ്റിന്റെയും ശീശയുടെയും സ്റ്റോക്കുകൾ ഉടൻ നീക്കണം. അനധികൃതമായി വിൽപന നടത്തുന്നത് പിടിക്കപ്പെട്ടാൽ 500 റിയാൽ ആണ് പിഴ ചുമത്തുക. നിയമലംഘനം ആവർത്തിക്കുന്നവരിൽ ഇരട്ടി പിഴ ചുമത്തും. കൂടാതെ ആവർത്തിച്ചുള്ള നിയമ ലംഘനത്തിന് നൂറ് ഒഎംആർ അധികമായി നൽകേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. നിരോധനം നിലവിൽ വന്നതിനാൽ ശക്തമായ പരിശോധനകളായിരിക്കും രാജ്യമെമ്പാടും ഉണ്ടാവുക.

പുകയില ഉപേക്ഷിക്കുന്നവർക്കായി സിഗരറ്റുകൾക്ക് പകരം നിക്കോട്ടിന്റെ നീരാവി ഉപയോഗിച്ചുള്ള ഉപകരണങ്ങളാണ് ഈ സിഗരറ്റുകൾ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ സിഗരറ്റുകൾക്ക് അകത്തുള്ള വേപ്പറൈസർ ആണ് വലിക്കുന്നവന് പുകവലിയുടെ അനുഭൂതി നൽകുന്നത്. സാധാരണ സിഗരറ്റിലേതിനേക്കാൾ അപകടം കുറഞ്ഞതാണ് ഇ സിഗരറ്റ് എന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ പുകയില ഇല്ലെങ്കിലും ഇ സിഗരറ്റുകളുടെ അമിത ഉപയോഗം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാക്കുമെന്ന് വിവിധ പഠനങ്ങളിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ആലോചന ആരോഗ്യ മന്ത്രാലയത്തിന് മുൻപിൽ വന്നത്.

ഇ സിഗരറ്റുകൾ പൊട്ടി തെറിക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇവ ഉപയോഗിക്കുമ്പോൾ തൊണ്ടയിൽ അസുഖകരമായ അവസ്ഥയും ഇ സിഗരറ്റിലെ നിക്കോട്ടിൻ രക്തസമ്മർദം കൂട്ടുകയും ഹൃദയമിടിപ്പ് നിരപ്പിൽ വ്യത്യാസം വരുത്തുകയും ചെയ്യുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.