സൗദിയിൽ നടത്തിവരുന്ന തൊഴിൽ പരിശോധനക്ക് ഇനി ഐപാഡും. പരിശോധന ഇലക്ട്രോണിക് രീതിയിലാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് മിനി ഐപാഡ് നൽകുന്നത്. തൊഴിൽ പരിശോധന എളുപ്പമാക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷൻ മുഖേനയാണ് പരിശോധന നടത്തുക. സ്ഥാപനങ്ങൾ കമ്പനിക്ക് നൽകിയ വിവരങ്ങൾ സ്ഥാപനത്തിലെ ജോലിക്കാർ നൽകുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യാൻ പരിശോധകർക്ക് സൗകര്യമൊരുക്കുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ ആപ്ലിക്കേഷൻ.

തൊഴിൽ മന്ത്രാലയത്തിൽ നിന്നോ വാണിജ്യ മന്ത്രാലയത്തിൽ നിന്നോ എന്തെങ്കിലും വിവരങ്ങൾ ആവശ്യമായി വന്നാൽ അതും പുതിയ ആപിൽ ലഭ്യമാണ്. ആദ്യഘട്ട പരിശോനയുടെ വിവരങ്ങളും ഡാറ്റാ ബേസിൽ ലഭ്യമായിരിക്കും. നിയമലംഘനങ്ങൾ അപ്പോൾ തന്നെ ക്യാമറയിൽ പകർത്താനും പിഴ ഈടാക്കാനും കഴിയും. പരിശോധന നടപടികൾ കൂടുതൽ സുതാര്യമാക്കാനും ഇതുവഴി കഴിയുന്നു.

സ്ഥാപനങ്ങളുടെ ഫയലുകൾ, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വിവരങ്ങളും പരിശോധിക്കാൻ ഇതിലൂടെ ഉദ്യോഗസ്ഥർക്ക് സാധിക്കും. മുമ്പ് നടത്തിയ റെയ്ഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനും നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും രേഖകളും ഉൾപ്പെടുത്താനും കഴിയും.

തൊഴിൽ പരിശോധനയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും നിയമ ലംഘനങ്ങൾക്കുള്ള പിഴ അടക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും സ്ഥാപന അധികൃതർക്ക് എസ്.എം.എസ് വഴി ലഭിക്കുമെന്നും തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി പറഞ്ഞു