തിരുവനന്തപുരം: ബാർ ഉടമാ അസോസിയേഷനിലെ പ്രധാനിയാണ് എലഗന്റ് ബിനോയ്. ബാർ കോഴയിലെ ഇടപാടുകളെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തി. ബാർ കോഴയിൽ കുടുങ്ങി കെഎം മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷം ബിനോയ് ഇട്ട പോസ്റ്റാണ് ചർച്ചാ വിഷയം. ഇന്ന് ഞാൻ നാളെ നീയൊക്കെ എന്ന മാണിയുടെ ചിത്രത്തിന്റെ താഴിയുള്ള കുറിപ്പും. അതിന് താഴെ ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കെ ബാബുവിന്റേയും വി എസ് ശിവകുമാറിന്റേയും ചിത്രങ്ങളും. ഇവരെല്ലാം ബാർ കോഴയിൽ പങ്കുപറ്റിയെന്ന ധ്വനിയുമായാണ് ബിനോയിയുടെ പോസ്റ്റ്. ഈ സാഹചര്യത്തിൽ ബാർ ഉടമാ നേതാക്കളിൽ നിന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുകയാണ്.

പാലക്കാരനാണ് ബാറുടമായ എലഗൻസ് ബിനോയ്. എക്‌സൈസ് മന്ത്രി കെ ബാബുവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയായിരുന്നു എലഗൻസ് ബിനോയ്. ബാർ കോഴയിലെ ആരോപണങ്ങൾ തേച്ചുമാച്ചു കളയാൻ യുഡിഎഫ് സർക്കാർ ഉപയോഗിച്ചത് ബിനോയിയെ ആയിരുന്നു. ബാബുവിന്റെ ബിനാമിയെന്നാണ് ബിനോയിയെ ബിജു രമേശ് വിശേഷിപ്പിച്ചത്. എലഗൻസ് ബാറിൽ ബാബുവിന്റെ പണവുമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ബാർ പൂട്ടൽ വിവാദം ഇരുവരേയും പിണക്കി. എങ്ങനേയും ബാർ തുറക്കുമെന്ന ഉറപ്പ് ഭരണകേന്ദ്രങ്ങൾ ബിനോയിക്ക് നൽകിയിരുന്നു. കോടതി വിധികൾ അനുകൂലമാക്കാമെന്നായിരുന്നു വാദം. ഇതിന് അനുസരിച്ചാണ് ബിനോയിയും കൂട്ടരും കരുക്കൾ നീക്കി ബാർ കോഴയിൽ ആരോപണം ഉന്നയിച്ച ബിജു രമേശിനെ ഒറ്റപ്പെടുത്തിയത്. എന്നാൽ ബാർ മാത്രം തുറന്നില്ല. സുപ്രീംകോടതി വിധി പോലും എതിരായി.

ഇതോടെ ബാബുവും എലഗന്റ് ഗ്രൂപ്പിന്റെ മുതലാളിയും ഉടക്കി. ഒൻപതോളം ബാറുള്ള ബിനോയ് എക്‌സൈസ് മന്ത്രിയുടെ ശത്രുപക്ഷത്തായി. ഇതിനിടെയിൽ നൽകിയ പണം ബാബു തിരിച്ചു ചോദിച്ചെന്നും ആക്ഷേപമുണ്ട്. ഇതോടെ ബിനോയ് പണികൊടുക്കാൻ മനസ്സിലുറപ്പിച്ചു. ബിജു രമേശുമായി വീണ്ടും അടുത്തു. കെഎം മാണിയെ പിന്തുണച്ച് പോസ്റ്റുകളിട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പലതും കുറിച്ചു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പലതും നഷ്ടപ്പെടുത്തി സത്യം തെളിയിക്കാനും പ്രതികരിക്കാനും ഞാനും തയ്യാറാണു. എന്നോടൊപ്പം നിങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനും സ്വന്തം കീശ വീർപ്പിക്കാനും എന്തുകൊള്ളരുതായ്മയും എത്ര അഴിമതിയും ചെയ്യുന്നവരാണൂ ഇപ്പോഴത്തെ ഭൂരിഭാഗം നേതാക്കന്മാർ. ഇങ്ങനെ ഉള്ളവരാണോ നാട് ഭരിക്കേണ്ടത്?-തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബിനോയ് കുറിച്ചു.

ഇതിന്റെ തുടർച്ചയാണ് പുതിയ ഫോട്ടോ പോസ്റ്റും. നേരത്തെ വിജിലൻസ് കോടതി വിധി വന്നതിന് ശേഷം കെ.എം മാണി പറഞ്ഞതുപോലെ 101 തവണ അന്വേഷിച്ചാൽ പലരുടെയും തലയുരുളുമെന്ന് ബാറുടമ എലഗൻസ് ബിനോയ് വ്യക്തമാക്കിയിരുന്നു. 2014 ഏപ്രിൽ ഒന്നിന് ബാറുടമ പോളക്കുളം കൃഷ്ണദാസ് വിളിച്ച ഫോൺകോളുകൾ പരിശോധിക്കണമെന്ന് എലഗൻസ് ബിനോയി തുറന്നടിക്കുകയുണ്ടായി. പിരിച്ചെടുത്ത പണം സംബന്ധിച്ച് ബാറുടമകൾ തമ്മിലുള്ള വാക്കു തർക്കം പൊതു സമൂഹത്തിലേക്ക് എത്തുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു എലഗൻസ് ബിനോയുടെ വാക്കുകൾ. കുറച്ചു നാളുകൾക്കു മുൻപ് ചേർന്ന ബാറുടമകളുടെ യോഗത്തിൽ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ബോധ്യപ്പെടുത്തണമെന്ന് ധാരണയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബാറുടമകളുടെ ഭാരവാഹികൾ മൗനം പാലിക്കുകകയാണ്. ഈ സാഹചര്യത്തിലാണ് ബാറുടമകളിൽ പ്രധാനികളിലൊരാളായ എലഗൻസ് വിനോയ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

ബാറുടമാ അസോസിയേഷന്റെ നിർണ്ണായക യോഗത്തിലും എലഗന്റ് ബിനോയ് പലതും പറഞ്ഞിരുന്നു. ഈ യോഗത്തിൽ തെളിവുകളെക്കുറിച്ചുള്ള ചർച്ച മുഴുവൻ എത്തയത് എലഗന്റ് ബിനോയ് എന്ന ബാറുടമയുടെ ഭാഗത്താണ്. ബിജു രമേശ് പോലും തെളിവിനെക്കുറിച്ച് ബിനോയ് പറയട്ടെ എന്നായിരുന്നു പറഞ്ഞത്. മന്ത്രി കെ ബാബുവിനെതിരെ ആരോപണവുമായി ബിനോയ് എണീറ്റ് നിന്നു. ഇത് പക്ഷേ, പലരേയും അത്ഭുതപ്പെടുത്തി. കാരണം ബിനോയും മന്ത്രിയും തമ്മിലുള്ള ബന്ധം ബാറുടമകൾക്ക് അറിയാമായിരുന്നു. അതൊക്കെ വേറെ കാര്യം നമ്മുടെ നിലപാടിന് ദോഷം സംഭവിച്ചാൽ ഇങ്ങനെയല്ലേ നിലപാടെടുക്കാൻ കഴിയൂ എന്ന മറുചോദ്യം ഉന്നയിച്ച ബിനോയ് കയ്യടി നേടി.മന്ത്രി ബാബുവുമായുള്ള എല്ലാ ഇടപാടുകളുടെയും തെളിവുകൾ തന്റെ കയ്യിലുണ്ടെന്ന് ബിനോയ് വെളിപ്പെടുത്തി. എന്നാൽ എന്താണ് തെളിവ് എന്നു മാത്രം ബിനോയ് വ്യക്തമാക്കിയില്ല.

ഇതിന് ശേഷം ബിനോയ് ചുവടുമാറ്റവും ശ്രദ്ധേയമായി. ഇതോടെയാണ് ബാർ കോഴ ആരോപണങ്ങൾ വഴി മാറിയത്. എന്നാൽ ബാബുവുമായുള്ള പോര് മുറുകിയതോടെ എല്ലാം തുറന്നു പറയാൻ എലഗന്റ് ബിനോയ് തയ്യാറാകുന്നുവെന്നതാണ് പുതിയ പോസ്റ്റുകൾ നൽകുന്ന സൂചന.