കോതമംഗലം: പുഴകടന്നെത്തിയ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയ കുട്ടിയാന രാത്രി കിണറ്റിൽ വീണു. മീറ്ററുകൾ മാത്രമകലെ ചിന്നം വിളിമായി നിലയുറപ്പിച്ച ആനക്കൂട്ടത്തിന്റെ 'വേവലാതി' ആകറ്റിയത് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പാതിരാത്രിയിലെ ഇടപെടൽ. ആക്രമണ ഭീഷിണിയുടെ നിറവിലും ലക്ഷ്യം നേടാനായതിന്റെ ആഹ്‌ളാദത്തിൽ രക്ഷാപ്രവർത്തകർ. ഗ്രാമവാസികൾക്കാകട്ടെ ഭീതി വിട്ടൊഴിഞ്ഞതിന്റെ ആശ്വാസവും.

ഇന്നലെ രാത്രി എട്ടുമണിയോടടുത്താണ് കുട്ടമ്പുഴ കുറ്റിയാംചാൽ തോപ്പിൽക്കുടി ഷംസുവിന്റെ റബ്ബർതോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ ആനക്കൂട്ടി അകപ്പെട്ടത്.ചിഹ്നം വിളിച്ച് ആനക്കൂട്ടം തലങ്ങുംവിലങ്ങും ഓട്ടം തുടങ്ങിയതോടെ നാട്ടുകാർ ഒത്തുകൂടി ബഹളമുണ്ടാക്കി. ഇതേത്തുടർന്ന് കിണറിന്റെ ഭാഗത്തുനിന്നും അനക്കൂട്ടം സമീപത്തെ പുഴിയിലേയ്ക്കിറങ്ങി നിലയുറപ്പിച്ചു.

ഈ സമയത്താണ് കിണറിൽ ആനക്കൂട്ടി കുടുങ്ങിയതായി നാട്ടുകാർക്ക് ബോദ്ധ്യമായത്.കിണറ്റിൽ നിന്നും ആനക്കൂട്ടിയുടെ നിർത്താതെയുള്ള ചിഹ്നം വിളിമൂലം തള്ളയാന ഉൾപ്പെടുന്ന ആനക്കൂട്ടം മീറ്ററുകൾ മാത്രമകലെ പുഴതീരത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചത് പ്രകാരം വനംവകുപ്പധികൃതരും കുട്ടമ്പുഴ സ്റ്റേനിൽ നിന്നും എസ് ഐ ബ്രിജുകുമാറിന്റെ നിർദ്ദേശപ്രകാരം അഡീഷണൽ എ എസ് ഐ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥത്തെത്തി. ഈ സമയം പരിസരത്ത് 20 തോളം വരുന്ന ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ഉദ്യോഗസ്ഥ സംഘത്തെ ധരിപ്പിച്ചു.

ആനക്കൂട്ടി കരയ്ക്ക് കയറാതെ ആനക്കൂട്ടം പ്രദേശത്തുനിന്നും മാറില്ലന്ന് വ്യക്തമായതോടെ രാത്രി തന്നെ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ചുറ്റും ജനവാസ മേഖലയായതിനാൽ പുലരും വരെ കാത്തിരിക്കുന്നത് ദുരന്തത്തിന് വഴിതെളിച്ചേക്കാമെന്ന കണക്കുകൂട്ടലിലാണ് ഉടൻ രക്ഷാപ്രവർത്തനെ ആരംഭിക്കാൻ ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചത്. നാട്ടുകാരുടെ തികഞ്ഞ സഹകരണത്തിൽ രാത്രി 9 മണിയോടടുത്ത് ആരംഭിച്ച ഈ വഴിക്കുള്ള നീക്കം പുലർച്ചെ ഒരുമണിയോയാണ് വിജയം കണ്ടത്.

ആനക്കൂട്ടം ഏതുനിമവും ആക്രമിച്ചേക്കാമെന്ന ഭയാശങ്കകളുടെ നിറവിലായിരുന്നു രക്ഷാപ്രവർത്തനം പുരോഗമിച്ചിരുന്നത്. ഏതാനും ബൾബുകൾ മരക്കൊമ്പുകളിൽ സ്ഥാപിച്ച് വെളിച്ചമൊരുക്കിയ ശേഷം ജെ സി ബി എത്തിച്ച്് കിണറിന്റെ തീരം ഇടിച്ച് അനക്കുട്ടിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു.വിവരമറിഞ്ഞതോടെ പ്രദേശത്ത് വൻ ജനക്കൂട്ടവും എത്തിയിരുന്നു.