- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ മൃഗങ്ങളും രോഗവ്യാപന ഭീഷണിയിൽ; തിരുവനന്തപുരത്തെ മൃഗസംരക്ഷണ പാർക്കുകളിൽ വൈറസ് പടർന്നുപിടിക്കുന്നു; കോട്ടൂരിൽ രണ്ടാഴ്‌ച്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിയാനയും ചരിഞ്ഞു; രണ്ട് ആനക്കുട്ടികൾ കൂടി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ വൈറസ് ബാധ മൂലം രണ്ടാഴ്‌ച്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിയാനയും ചരിഞ്ഞതോടെ കേരളത്തിലെ മൃഗസംരക്ഷണ പാർക്കുകളിലെ മൃഗങ്ങളുടെ കോവിഡ് കാലത്തെ മരണങ്ങൾ ചർച്ചയാകുന്നു. രണ്ടുമാസത്തിനുള്ളിൽ നെയ്യാർഡാം ലയൺസ് പാർക്കിലെ അവശേഷിക്കുന്ന സിംഹവും കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ രണ്ട് കുട്ടിയാനകളും പതിനഞ്ചിലേറെ മാനുകളുമാണ് ചത്തത്.
നെയ്യാർഡാം ലയൺസ് സഫാരി പാർക്കിലെ സിംഹങ്ങളെല്ലാം ചത്തതിനെതുടർന്ന് പാർക്ക് അടച്ചുപൂട്ടിയിരുന്നു നെയ്യാർഡാം വ്ലാവെട്ടിയിലെ മാൻ പാർക്കിലെ മാനുകളും കൂട്ടത്തോടെ ചത്തിരുന്നു. ഒരു മാസത്തിനകം പാർക്കിലെ പതിനഞ്ചിലേറെ മാനുകളാണ് ചത്തത്. ഏറ്റവും ഒടുവിലായി കോട്ടൂർ ഗജഗ്രാമത്തിലെ പ്രായം കുറഞ്ഞ ആനക്കുട്ടി അടക്കം രണ്ട് കുട്ടിയാനകളും ചരിഞ്ഞു. മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് സിംഹസഫാരി പാർക്കും മാൻപാർക്കും ആന പുനരധിവാസ കേന്ദ്രവും സ്ഥിതിചെയ്യുന്നത്.
കോട്ടൂർ കാപ്പുകാട് ഗജഗ്രാമത്തിൽ ഒന്നര വയസ്സുള്ള ശ്രീകുട്ടി എന്ന കുട്ടിയാന രണ്ടാഴ്‌ച്ച മുമ്പാണ് ചരിഞ്ഞത്. കൂട്ടിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന വൈറസ് ബാധിച്ചതാണ് മരണകാരണമെന്ന് വനം വകുപ്പിന്റെ വിശദീകരണം. ഗജഗ്രാമത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശ്രീകുട്ടിയുടെ ഒന്നാം പിറന്നാൾ നവംബർ എട്ടിന് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കേക്കുമുറിച്ചാണ് ആഘോഷിച്ചത്.
ഇതിനിടെ ആനപാർക്കിലെ ഇരുപതിലേറെ പാപ്പാന്മാർക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതിനുശേഷമാണ് ശ്രീകുട്ടിയും അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. കോവിഡ് ബാധിച്ച ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ശ്രീക്കുട്ടിക്ക് പുറമെ ഇന്ന് അർജുൻ എന്ന ആറ് വയസുള്ള കുട്ടിയാനയും ചരിഞ്ഞു. വൈറസ് ബാധ തന്നെയാണ് അർജുന്റെയും മരണകാരണം. കണ്ണൻ, ആമിന എന്നീ രണ്ട് കുട്ടിയാനകൾ കൂടി ഗുരുതരാവസ്ഥയിയാണ്. 21 ആനകൾ വരെയുണ്ടായിരുന്ന പാർക്കിൽ ഇപ്പോൾ എട്ട് കുട്ടിയാനകൾ ഉൾപ്പെടെ 16 ആനകളാണുള്ളത്. ആന പുനരധിവാസ കേന്ദ്രത്തിൽ കുട്ടിയാനകൾ തുടർച്ചയായി ചരിയുന്ന സാഹചര്യത്തിൽ നടപടിക്ക് വനംവകുപ്പ് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് ഹെർപ്പിസ് വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് ആനകളിലേക്ക് വൈറസ് ബാധ പടരുന്നത് തടയുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ സിംഹ സഫാരി പാർക്കിൽ അവശേഷിച്ച സിംഹവും കഴിഞ്ഞമാസം ചത്തിരുന്നു. ഇതോടെയാണ് നെയ്യാർഡാം സിംഹ സഫാരി പാർക്ക് അടച്ചുപൂട്ടിയത്. അഞ്ച് ഹെക്ടറോളം വിസ്തൃതിയുള്ള ദ്വീപ് പോലുള്ള സ്ഥലത്താണ് നെയ്യാർഡാം സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്. സ്വതന്ത്രമായി അലഞ്ഞുനടക്കുന്ന സിംഹങ്ങളെ കാണാനായി വിദേശസഞ്ചാരികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് പാർക്കിലെത്തിയിരുന്നത്. ഇരുമ്പഴികൾകൊണ്ട് സുരക്ഷിതമാക്കിയ പ്രത്യേക വാഹനത്തിലാണ് സിംഹങ്ങളെ കാണിക്കാനായി സഞ്ചാരികളെ പാർക്കിനുള്ളിൽ എത്തിച്ചിരുന്നത്.
1984ൽ നാല് സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്ത് തുടങ്ങിയ പാർക്ക് ഇന്ത്യയിലെ ആദ്യത്തെ ലയൺസ് സഫാരി പാർക്കാണ്. 16 സിംഹങ്ങൾ വരെയുണ്ടായിരുന്ന പ്രതാപകാലമുണ്ടായിരുന്നു ഇവിടെ. പിന്നീട് സിംഹങ്ങളുടെ വംശവർധന തടയാൻ വന്ധ്യംകരണം നടത്തിത്തുടങ്ങിയതോടെയാണ് പാർക്കിന് ശനി ദശ തുടങ്ങിയത്. വന്ധ്യംകരണത്തിനുശേഷം സിംഹങ്ങൾ ഓരോന്നായി ചത്തുതുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസത്തിലാണ് സഫാരി പാർക്കിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. അപ്പോൾ പാർക്കിൽ രണ്ട് സിംഹങ്ങളുണ്ടായിരുന്നു. ഇവ രണ്ടും ചത്തതോടെയാണ് പാർക്കിന് താഴുവീണത്. ലയൺസ് സഫാരി പാർക്ക് ഇപ്പോൾ സിംഹങ്ങളില്ലാത്ത പാർക്കായി മാറി.
നെയ്യാർഡാം വ്ലാവെട്ടിയിലെ മാൻപാർക്കിലെ പതിനഞ്ചിലേറെ മാനുകൾക്ക് അണുബാധയാണ് മരണകാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. മഴക്കാലത്ത് പാർക്കിനുള്ളിൽ നടത്തിയ ക്ലോറിനേഷനാണ് അണുബാധയേൽക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അമിതമായ തോതിൽ ബ്ലീച്ചിങ് പൗഡറിന്റെ ഉപയോഗം മാനുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായും വിവരമുണ്ട്. മാനുകൾക്ക് കുളമ്പുകൾക്ക് വ്രണം വരികയും പിന്നാലെ മരണത്തിലേക്ക് നീങ്ങുകയുമാണ് ചെയ്യുന്നത്.1995ൽ ആരംഭിച്ച മാൻ പാർക്കിൽ മാനുകൾ പെറ്റുപെരുകിയതോടെ പത്ത് വർഷം മുമ്പ് കുറച്ച് മാനുകളെ കാട്ടിലേക്ക് തുറന്നുവിട്ടു നെയ്യാർഡാം സംഭരണിയോട് ചേർന്ന് ദ്വീപുപോലുള്ള കാട്ടിൽ 25 ഏക്കർ സ്ഥലത്ത് ചുറ്റിവേലി നിർമ്മിച്ചാണ് മാൻ പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെയും വൈകുന്നേരവും തീറ്റ നൽകുന്ന സമയത്താണ് മാനുകൾ കൂട്ടമായെത്തുന്നത്. ഈ സമയം മാനുകളെ കാണാനായി നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. ആഹാരശേഷം പാർക്കിലെ പാറ അപ്പിലും സഞ്ചാരികൾക്ക് കാണാൻ കഴിയാത്ത ദൂരത്തിൽ ഓടിപ്പോകുകയും ചെയ്യുന്നതാണ് പാർക്കിലെ നിലവിലെ സ്ഥിതി.
വർഷംതോറും കോടികൾ ചെലവിടുന്ന പാർക്കിൽ സഞ്ചാരികളെ ആകർഷിക്കാനും വരുമാനം കൂട്ടുന്നതിനും വേണ്ടി വനം വകുപ്പ് പദ്ധതി തയാറാക്കുന്നുണ്ടെങ്കിലും ഒന്നും യാഥാർഥ്യമാകുന്നില്ല. ഇതിനിടെയാണ് മാനുകൾ ഓരോന്നായി ചത്തുതുടങ്ങിയത്. തിരുവനന്തപുരം മൃഗശാലയിൽ കിരൺ എന്ന കടുവയും ചത്തിരുന്നു. 17 വയസുണ്ടായിരുന്ന കിരണിന് ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായത്. തുടർച്ചയായി ഉണ്ടാകുന്ന വൈറസ് മരണങ്ങൾ നേരിടുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് വിമർശനവുമായി മൃഗസ്നേഹികളും രംഗത്തെത്തിക്കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ