കണ്ണൂർ: കാട്ടാനയിറങ്ങിയ വിവരമറിഞ്ഞ് ഞായറാഴ്ച പുലർച്ചെ തിരച്ചിലിനിറങ്ങിയതായിരുന്നു പെരിങ്കരിയിലെ നാട്ടുകാർ കേട്ടത് ജിനിയുടെ കരച്ചിൽ. ഇതുവരെ ആനയിറങ്ങാത്ത പ്രദേശമായിരുന്നു ഇത്. ''എന്നെ നോക്കണ്ട, എങ്ങനെയെങ്കിലും ചേട്ടായിയെ രക്ഷിക്ക്''-മൺപാതയ്ക്കരികിൽ അർധബോധാവസ്ഥയിൽ കിടന്ന ജിനി നാട്ടുകാരോട് വിളിച്ചുപറഞ്ഞു. അപ്പോഴാണ് മൺപാതയിൽനിന്ന് 20 മീറ്ററോളം അകലെ ജസ്റ്റിൻ ചലനമറ്റ് കിടക്കുന്നത് കണ്ടത്. തേക്കിൻതോട്ടത്തിലേക്ക് തെറിച്ചുവീണ ജസ്റ്റിനെ വീണ്ടും ആന കുത്തിയതായി കരുതുന്നു. ഇവിടം രക്തം തളംകെട്ടി കിടന്നിരുന്നു. തേക്കിൻതൈകൾ മറിഞ്ഞുവീണ നിലയിലും.

രാവിലെ ആറര കഴിഞ്ഞിട്ടുണ്ടാകും. വെളിച്ചം വീണുതുടങ്ങിയതേയുള്ളൂ. ഞങ്ങൾ ഇടവഴികൾ നോക്കി വരികയായിരുന്നു. പെട്ടെന്നാണ് ദൂരെ ബൈക്ക് തകർന്നുകിടക്കുന്നത് കണ്ടത്. ജസ്റ്റിൻ ഉപയോഗിക്കുന്നതാണത്. ഓടിയെത്തിയപ്പോൾ കണ്ടത് രണ്ടോ മൂന്നോ മീറ്റർ അകലെ പാറയോടുചേർന്ന് ചെരിഞ്ഞുകിടക്കുന്ന ജിനിയെ ആണ്. അടുത്തെങ്ങും ജസ്റ്റിനില്ല. തേക്കിൻതൈകൾ നട്ട, ചെറിയ ഇറക്കമുള്ള പറമ്പാണ്. ജിനിയുടെ കരച്ചിൽ ജസ്റ്റിനിന് അടുത്തേക്ക് നാട്ടുകാരെ എത്തിച്ചു. അപ്പോഴേക്കും വൈകിപോയിരുന്നു. കാട്ടാനാക്രമണത്തിൽ ജസ്റ്റിൻ അതിഭീകരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നു അപ്പോൾ. ഉണ്ടായിരുന്നത് ചെറിയ നാടിമിടിപ്പുമാത്രം.

ജസ്റ്റിന്റെ ദേഹമാകെ ചെളി പുരണ്ടിരിക്കുന്നു. വലതുകവിളിൽ ചതച്ചുകളഞ്ഞതുപോലുള്ള മുറിവ്. നെഞ്ചിനുതാഴെ ഇരുവശവും കുത്തിക്കീറിയ നിലയിൽ. കഴുത്തിനും മുറിവുണ്ടായിരുന്നു. എട്ടരയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും ജസ്റ്റിൻ മരിച്ചിരുന്നു. സാധാരണ നില കൈവരിച്ച ജിനി അപ്പോഴും ജസ്റ്റിനെ തിരഞ്ഞു. മറ്റൊരു ആശുപത്രിയിലുണ്ടെന്ന് കൂടെയുള്ളവർ ആശ്വസിപ്പിച്ചു. അത് വിശ്വസിച്ച് അവർ അവിടെ കിടന്നു. ആറുമാസം മുൻപാണ് ജസ്റ്റിനും കുടുംബവും മേലേ പെരിങ്കരിയിലെ വീട്ടിലേക്ക് താമസം മാറിയത്.

കോവിഡായതിനാൽ കുട്ടികളെ പള്ളിയിൽ കൊണ്ടുപോകാൻ വിലക്കുണ്ടായിരുന്നു. അതിനാൽ മക്കളെ തൊട്ടടുത്ത വീട്ടിലേൽപ്പിച്ചാണ് പോയത്.അതുകൊണ്ട് ദുരന്ത വ്യാപ്തി കുറഞ്ഞു. പെരിങ്കരിയിൽ ആനയിറങ്ങിയ വിവരം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പക്ഷേ മൊബൈൽ നോക്കാഞ്ഞതിനാൽ വിവരം ജസ്റ്റിൻ അറിഞ്ഞില്ല. ഇതാണ് ദുരന്തമായി മാറിയത്.

സാധാരണ ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ചിരുന്ന കാട്ടാനകൾ മനുഷ്യജീവനുമെടുക്കാൻ തുടങ്ങിയതോടെ കണ്ണുരിലെ മലയോര കർഷകർ ഭീതിയിലായി. കർണാടക വനത്തിൽ നിന്നുമിറങ്ങിയ ഒറ്റയാനാണ് ഇരിട്ടി വള്ളിത്തോട് പെരിങ്കരിയിൽ ജസ്റ്റിന്റെ ജീവനെടുത്തത്. ഞായറാഴ്‌ച്ച പുലർച്ചെ പള്ളിയിലേക്ക് ബുള്ളറ്റിൽ പോകുമ്പോഴായിരുന്നു ജസ്റ്റിനെയും ഭാര്യ ജിനിയെയും കാട്ടാന അക്രമിച്ചത്.അബദ്ധവശാൽ ഇവർ സഞ്ചരിക്കുകയായിരുന്ന ബുള്ളറ്റ് കാട്ടാനയുടെ മുൻപിൽ പെട്ടു പോവുകയായിരുന്നു. ജസ്റ്റിനെ കുത്തിയും ചവുട്ടിയുമാണ് കാട്ടാന കൊന്നത്.

കാട്ടാന ഇറങ്ങിയതു കൊണ്ടു തന്നെ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് പുലർച്ചെ തന്നെ പരിശോധനയ്ക്ക് എത്തിയത്. അപ്പോഴാണ് ജസ്റ്റിനുണ്ടായ ദുരന്തം അവർ അറിഞ്ഞത്.