- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിഞ്ഞ കുട്ടിയാനയെ എഴുന്നേൽപിക്കാൻ അമ്മയാന നടത്തിയ ശ്രമങ്ങൾ നാട്ടുകാരുടേയും കണ്ണ് നയിച്ചു; രണ്ടര വയസ്സുള്ള കുട്ടിക്കൊമ്പന്റെ ജീവനെടുത്തത് വെള്ളം പമ്പ് ചെയ്യാനുള്ള വൈദ്യുത കണക്ഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള കുഴൽക്കിണറിലേക്ക് എടുത്ത കേബിൾ; മലമ്പുഴ ആനക്കൽ എലാക്ക് എസ്റ്റേറ്റിൽ സംഭവിച്ചത്
പാലക്കാട്: കാട്ടിൽ വന്യമൃഗങ്ങൾക്കും അവിടെ താമസിക്കുന്ന സാധാരണക്കാർക്കും രക്ഷയില്ലാ കാലം. ഒരു ഭാഗത്ത് മനുഷ്യനെ ആക്രമിക്കുന്ന കാട്ടുമൃഗങ്ങൾ. മറുവശത്ത് അപകടകാരികളല്ലാത്ത മൃഗങ്ങളെ പോലും മരണത്തിന് വലിച്ചെറിയുന്ന മനുഷ്യന്റെ ചതിയും. സ്വകാര്യ എസ്റ്റേറ്റിലെ വൈദ്യുത കേബിളിൽ നിന്നു ഷോക്കേറ്റ് രണ്ടര വയസ്സുള്ള കുട്ടിക്കൊമ്പൻ മലമ്പുഴയിൽ ചരിഞ്ഞത് മനുഷ്യന്റെ ക്രുരതയുടെ തെളിവാണ്.
മലമ്പുഴ ആനക്കൽ എലാക്ക് എസ്റ്റേറ്റിൽ ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. അമ്മയാനയ്ക്കും മറ്റു 4 ആനകൾക്കും ഒപ്പമെത്തിയ കുട്ടിയാന, തറയിലൂടെ പോകുന്ന കേബിളിൽ കടിക്കുകയായിരുന്നു. വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് മരണം. എങ്ങനെ വൈദ്യുതി കേബിൾ ഇടരുതോ അങ്ങനെ ഇട്ടതാണ് അപകടമുണ്ടാക്കിയത്. മിണ്ടാപ്രാണികളെ ചതിയൊരുക്കി കൊല്ലുന്നതിന് തുല്യം.
രാവിലെ 7.30നു തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്. ഇവ വിറളിപൂണ്ടു നടക്കുന്നതു കണ്ടു സംശയം തോന്നി അടുത്തു ചെന്നപ്പോഴാണു കുട്ടിയാന ചരിഞ്ഞതു കണ്ടത്. ഉടനെ സമീപവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. വനംവകുപ്പ് അധികൃതർ എത്തിയപ്പോഴും മറ്റ് ആനകൾ കുട്ടിയാനയുടെ ചുറ്റുമുണ്ടായിരുന്നു. ചരിഞ്ഞ കുട്ടിയാനയെ എഴുന്നേൽപിക്കാൻ അമ്മയാന നടത്തിയ ശ്രമങ്ങൾ കണ്ടു നിന്നവർക്കു വേദനയായി.
ആളുകൾ കൂടിയതോടെ ആനകൾ കാട്ടിലേക്കു തിരികെക്കയറി. കൂട്ടത്തിൽ മറ്റൊരു കുട്ടിയാനയും ഉണ്ടായിരുന്നു. തോട്ടത്തിലെ കാർഷിക ആവശ്യങ്ങൾക്കായി കുളത്തിൽ നിന്നു വെള്ളം പമ്പ് ചെയ്യാനുള്ള വൈദ്യുത കണക്ഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള കുഴൽക്കിണറിലേക്ക് എടുത്ത കേബിളിൽ നിന്നാണു കുട്ടിയാനയ്ക്കു ഷോക്കേറ്റത്. എന്നാൽ, ഈ കണക്ഷൻ അനുമതി കൂടാതെയാണ് ഇത്രദൂരം വലിച്ചതെന്നു പരിശോധന നടത്തിയ കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും വാളയാർ റേഞ്ച് ഓഫിസർ യു. ആഷിക് അലി പറഞ്ഞു. സാധാരണ ഇത്തരം കേസുകളിൽ ആരേയും പ്രതിചേർക്കാറില്ല. എസ്റ്റേറ്റ് ഉടമയുടെ സ്വാധീനമാകും ഇതിന് സാഹചര്യമൊരുക്കുക. ഇവിടേയും അതു തന്നെ നടക്കുമെന്ന് ഉറപ്പാണ്. പുലിപ്പേടിയിലാണ് മലമ്പുഴ ആനക്കൽ ഗ്രാമം.
പുലിയുടെ സാന്നിധ്യം പതിവായതിനാൽ പുറത്തിറങ്ങാൻ പോലും ഭയമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഈ പുലിയെ പിടിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. എന്നാൽ പ്രശ്‌നക്കാരല്ലാത്ത ആനകളെ കൊല്ലാൻ വൈദ്യുത കേബിളിലും കെണി ഒരുക്കുന്നുവെന്നതാണഅ വസ്തുത.
മറുനാടന് മലയാളി ബ്യൂറോ