പാലക്കാട്: മണ്ണാർക്കാട് വനമേഖലയിൽ ആനക്കൊമ്പ് അപഹരിക്കാനായി പൈനാപ്പിളിൽ ബോംബ് വെച്ച് ആനയെ കൊന്ന സംഭവത്തിൽ രണ്ട് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ വനംവകുപ്പ്. ഭക്ഷണമെന്ന് കരുതി ബോംബ് കടിച്ചുപൊട്ടിച്ച് ആന ചരിഞ്ഞ സംഭവം ദേശീയ തലത്തിൽ പോലും വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. 2020 മെയ് 27-നായിരുന്നു സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പ്രതിചേർത്തെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.

തിരുവിഴാംകുന്ന് വനമേഖലയിലെ അമ്പലപ്പാറ വെള്ളിയാറിലാണ് 15 വയസ്സ് തോന്നിക്കുന്ന പിടിയാന ബോംബ് കടിച്ച് ചരിഞ്ഞത്. ആന ഒരുമാസം ഗർഭിണിയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 1997-ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിൽ സമാനമായ രീതിയിൽ ഒരു കാട്ടാന ചരിഞ്ഞിരുന്നു.

ശക്തിയേറിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽതാടിയും കീഴ്താടിയും തകർന്നിരുന്നു. ബോംബ് നിർമ്മിച്ച വിൽസൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി റിയാസുദ്ദിൻ സംഭവം നടന്ന് ആറ് മാസത്തിന് ശേഷം കീഴടങ്ങിയെങ്കിലും ഇയാളുടെ പിതാവും ഒന്നാം പ്രതിയുമായ അബ്ദുൽ കരീം ഇപ്പോഴും ഒളിവിലാണ്. ഈ കേസ് സംബന്ധിച്ച വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ കൃത്യമായ മറുപടി പോലും വനംവകുപ്പ് പുറത്തുവിടുന്നില്ല.

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും തീവ്ര അക്രമപ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതിൽ പ്രശസ്തമാണ് മലപ്പുറമെന്നുള്ള ബിജെപി എംപിയും പരിസ്ഥിതി പ്രവർത്തകയുമായ മനേക ഗാന്ധിയുടെ ട്വീറ്റ് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മൃഗങ്ങൾക്കെതിരെ അക്രമം നടത്തുന്നതിൽ ഒരാൾക്കെതിരെ പോലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും കേരളത്തിലെ ക്ഷേത്രങ്ങളിൽ 600-ലേറെ ആനകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് തന്റെ ട്വീറ്റിൽ മനേക ആരോപിച്ചത്. പിന്നീട് ഈ സംഭവം രാജ്യവ്യാപകമായി സംഘപരിവാർ സൈബർ സെല്ലുകൾ ഈ ആരോപണം ഏറ്റെടുക്കുകയും ഇതിനെ വർഗീയമായി പോലും തിരിച്ചുവിടാൻ ശ്രമങ്ങളുണ്ടായി. ഹിന്ദുക്കളുടെ ഗണേശ ദൈവമായ ആനയെ ക്രൂരമായി കൊന്നൊടുക്കുകയാണ് എന്നൊക്കെയായിരുന്നു നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

കോഴിക്കോട് നിന്നുള്ള വൈൾഡ് ലൈഫ് ഇൻവെസ്റ്റിഗേഷൻ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ആനകൾക്ക് നേരെ നടന്ന ഏതെങ്കിലും അക്രമണത്തിലോ കൊന്നുതള്ളിയ സംഭവങ്ങളിലോ ഒരു നടപടിയും സമീപകാലത്ത് വനംവകുപ്പ് എടുത്തതായി സൂചനയില്ല.

ചങ്ങനാശേരി തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ വള്ളംകുളം നാരായണൻകുട്ടി എന്ന ആനക്ക് നേരേ കഴിഞ്ഞ മെയ്‌ 3 ന് കുരുമുളക് സ്പ്രേ അടിച്ചതിന് പ്രണവ് എന്നയാളെ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി 14 ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതാണ് അടുത്ത കാലത്ത് റിമാൻഡ് ചെയ്യപ്പെട്ട ഏക സംഭവം. പൊലീസ് ആണ് ഇതിൽ കേസ് രജിസ്റ്റർ ചെയ്തത്.

കേന്ദ സർക്കാരിന്റെ കണക്ക് പ്രകാരം കേരളത്തിൽ 2017-18 കാലഘട്ടത്തിൽ 3054 ആനകൾ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ (20182021) 454 ആനകൾ കാട്ടിൽ ചെരിഞ്ഞത്. പലതും വേട്ടയാടപ്പെടുകയോ പരിസരവാസികൾ കൊല്ലുകയോ ആണ് ചെയ്തിട്ടുള്ളത്. നാട്ടാനകൾ 459 എണ്ണമുണ്ട്. 93 നാട്ടാനകൾ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ചരിഞ്ഞു. പീഡനത്താലും മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാതെയാണ് ഈ മരണങ്ങളത്രയും.

ഇതിൽ വയസായി ചെരിഞ്ഞത് 88 വയസുള്ള ദാക്ഷായണി എന്ന ആന മാത്രം ആയിരുന്നു. ഏതെങ്കിലും ഒരു സംഭവത്തിൽ അന്വേഷണമോ കുറ്റക്കാരെ ശിക്ഷിക്കാനോ വനം വകുപ്പ് ഇതുവരെയും മുതിർന്നിട്ടില്ല.