കോതമംഗലം; നേര്യമംഗലം- ഇടുക്കി റോഡിൽ നാട്ടുകാരെയും വാഹനയാത്രക്കാരെയും പിന്നാലെയെത്തി ആക്രമിക്കാൻ ശ്രമിച്ചിരുന്ന കാട്ടാന അവശനിലയിൽ. ലോവർ പെരിയാർ ആഡിറ്റ് 2-ൽ പാതയോരത്തെ വനത്തിൽ നിലയുറപ്പിച്ചിട്ടുള്ള പിടിയാന ഏതുനിമിഷവും ചെരിയുമെന്ന സ്ഥിതിയിലാണെന്നാണ് വനം വകുപ്പധികൃതർ നൽകുന്ന സൂചന.

ആന അവശനിലയിലാണെന്ന് മനസിലാക്കിയ പ്രദേശവാസികളിൽ ചിലരുടെ ഒത്താശയോടെ വാഹനയാത്രക്കാർ ആനയുടെ സമീപത്തെത്തി സെൽഫിയെടുക്കുന്നുണ്ട് .അവശനിലയിലാണെങ്കിലും ആന ആക്രമിക്കുന്നതിന് സാധ്യതയുണ്ടെന്നും അതിനാൽ ഇത്തരം നീക്കങ്ങൾ ജീവഹാനിക്കുകാരണമായേക്കാമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇക്കര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടുണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അടുത്തിടെ ഇതുവഴിയുള്ള വാഹനയാത്രക്കാർക്കു പിന്നാലെ ആന പാഞ്ഞടുക്കുന്നത് പതിവായിരുന്നു. തല നാരിഴയ്ക്കാണ് പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. പാതയോരത്തെ ഈറ്റച്ചോലയിലും ചെറുമരക്കുട്ടങ്ങൾക്കുമിടയിൽ മറഞ്ഞുനിൽക്കുന്ന ആന വാഹനങ്ങൾ സമീപത്തെത്തുമ്പോൾ ഞൊടിയിടയിൽ പാതയിലേക്ക് പാഞ്ഞെത്തുകയാണ് പതിവ്. സ്വകാര്യ ബസ്സിനുപിന്നാലെ ഈ ആന പാഞ്ഞെത്തിയത് സംബന്ധിച്ച വാർത്ത ചിത്രം സഹിതം മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു.

രണ്ടാഴ്ചമുൻപ് പതിനഞ്ചോളം വരുന്ന ആനക്കൂട്ടത്തിനൊപ്പമാണ് ഈ പിടിയാന പാംബ്ലയിലെത്തിയതെന്നും മറ്റാനകൾ ഉൾവനത്തിലേക്ക് കയറിപ്പോയെങ്കിലും ഈ പിടിയാന പാതയോരത്തെ വനപ്രദേശത്ത് തമ്പടിക്കുകയായിരുന്നെന്നുമാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.ഇവിടെ പകൽ സമയങ്ങളിൽപ്പോലും കാട്ടാനകൾ വാഹനങ്ങൾക്ക് പിന്നാലെ പാഞ്ഞെത്തുന്നത് പതിവായിട്ടുണ്ട്.

ഭക്ഷണം കഴിക്കാൻ പോലും പ്രയാസപ്പെടുന്ന നിലയിൽ ക്ഷീണീച്ച് എല്ലുകൾ പൊന്തിയ അവസ്ഥയിലാണ് ആനയെ കണ്ടെത്തിയിട്ടുള്ളതെന്നും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ മുഹമ്മദ് റാഫി പറഞ്ഞു.വാർദ്ധക്യസഹജമായ അസുഖങ്ങളായിരിക്കാം ആന അവശനിലയിലാവാൻ കാരണമെന്നാണ് വനംവകുപ്പധികൃതരുടെ പ്രാഥമീകനിഗമനം.ആവശ്യമെങ്കിൽ ആനക്ക് ചികത്സ ലഭ്യമാക്കുന്നതിനും വനം വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.