കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടർന്ന് വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. നടവയൽ നെയ്ക്കുപ്പ പരേതനായ വെള്ളിലാട്ട് ദിവാകരന്റെ ഭാര്യ ഗംഗാദേവി (53) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സഹോദരി ഭർത്താവ് കരുണാകരനുമൊത്ത് വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ചുറ്റും മുൾപ്പടർപ്പുകളായതിനാൽ ഓടിമാറാനോ രക്ഷപ്പെടാനോ കഴിയാതെ ഗംഗാദേവി ആനക്ക് മുമ്പിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ബഹളം വച്ചതോടെ ആന ഉൾക്കാട്ടിലേക്കു പോയി. അപ്പോഴേക്ക് ആന ഗംഗാദേവിയെ ആക്രമിച്ചിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടതോടെ വയനാട്ടിൽ പ്രതിഷേധം ശക്തമായി. ഗംഗാദേവി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടവയൽ പുൽപള്ളി റോഡ് ഉപരോധിച്ചു. വിവരമറിഞ്ഞ് എത്തിയ വനപാലകരെ കൽപറ്റ സ്വകാര്യ ആശുപത്രി പരിസരത്ത് നാട്ടുകാർ തടയുകയും ഇത് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമാകുകയും ചെയ്തു. നെയ്ക്കുപ്പയിൽ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫിസിന് സമീപത്തെ റോഡ് ഉപരോധിക്കുകയും ചെയ്തു. ഗംഗാദേവിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും നാട്ടുാകാർ ആവശ്യപ്പെട്ടു.

ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങാതിരിക്കാനുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തുക, നിലവിലെ വാച്ചർമാരെ ഒഴിവാക്കി സർക്കാർ ജീവനക്കാരെ നിയമിക്കുക, അവർക്ക് ആവശ്യമായ വാഹനവും ആയുധങ്ങളും നൽകുക, പ്രദേശത്ത് ലൈറ്റുകൾ സ്ഥാപിക്കുക, മണൽവയൽ കോളനിയിൽ അടിയന്തരമായി വൈദ്യുതവേലി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉടൻ നടപ്പിലാക്കണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഫാ. ജെയിംസ് അഞ്ചുകണ്ടം, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടി ജോസ്, പൂതാടി പഞ്ചായത്തംഗങ്ങളായ പി. സരിത, എൻ. ഇമ്മാനുവൽ, എ. വിജയൻ, ഗ്രേഷ്യസ്, വി.എ. കുര്യാച്ചൻ ജോസ്, ഷാന്റി ചേനപ്പാടി തുടങ്ങിയവരുടെ നേതൃത്വത്തിൽ റേഞ്ച് ഓഫിസർ ശശികുമാറുമായി നടത്തിയ ചർച്ചയിൽ ഇന്നു മുതൽ ഫോറസ്റ്റ് ഓഫിസ് പരിസരത്ത് 3 ജീവനക്കാരെ നിയമിക്കുമെന്നും കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകുമെന്നും ഉറപ്പ് നൽകിയതോടെയാണ് ഇന്നലെ സമരക്കാർ പിരിഞ്ഞുപോയത്.

അതേ സമയം കൊല്ലപ്പെട്ട ഗംഗാദേവിയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനമായിട്ടുണ്ട്. കൽപറ്റയിൽ സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത്തുമായി നടത്തിയ ചർച്ചയിൽ കുടുംബത്തിന് ഇന്നു തന്നെ 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും രേഖകൾ ലഭിക്കുന്ന മുറയ്ക്ക് മറ്റൊരു 5 ലക്ഷവും ഇൻഷുറൻസ് തുകയായി ഒരു ലക്ഷവും നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ദിവ്യ, ധനേഷ്, ഭാവന എന്നിവരാണ് മരണപ്പെട്ട ഗംഗാദേവിയുടെ മക്കൾ.