കോതമംഗലം: കോട്ടപ്പടി വാവേലിയിൽ വീട്ടുകാരെ വിറപ്പിച്ച് കാട്ടുകൊമ്പൻ. ഇന്ന് പുലർച്ചെ വീപ്പനാട്ട് വർഗീസിന്റെ വീട്ടുമുറ്റത്തും പുരയിടത്തിലുമായിരുന്നു മണിക്കൂറുകളോളം നീണ്ട കുട്ടിക്കൊമ്പന്റെ വിളയാട്ടം. 4 മണിയോടടുത്താണ് ആന വീട്ടുമുറ്റത്തെത്തുന്നത്. കൃഷിയിടത്തിൽ ആനയിറങ്ങിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് വീട്ടുകാർ വാതിൽതുറന്ന് ടോർച്ചടിച്ച് നോക്കുന്നതിനിടെയാണ് മുറ്റത്തുനിൽക്കുന്ന കുട്ടിക്കൊമ്പനെ കാണുന്നത്. ഉടൻ ആനയെ ഒച്ചയിട്ട് ഓടിക്കുന്നതിനായി വീട്ടുകാരുടെ ശ്രമം.

ഇത് ഇഷ്ടപ്പെടാഞ്ഞിട്ടാവണം കലിപൂണ്ട് ആന വീട്ടുകാർക്കുനേരെ പാഞ്ഞടുത്തു. ഉടൻ കതകടച്ച് ഇവർ പിന്നോട്ടുവലിഞ്ഞു. പിന്നെ പരാക്രമം പോർച്ചിൽക്കിടന്ന കാറിനോടായി. പാഞ്ഞടുത്ത് കാറിൽ കുത്തി. പിന്നെ മസ്തകത്തിന് ഒരുതാങ്ങും. വീട്ടുകാർ ഉടൻ വിവരം വനംവകുപ്പുജീവനക്കാരെ അറിയിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരുമടങ്ങുന്ന സംഘം ഉടൻ വീട്ടിലേക്ക് എത്തി. പിന്നെ എല്ലാവരും ചേർന്ന ആനയെ തുരത്തുന്നതിനായി നീക്കം. ഒരു വശത്തുനിന്നും ഓടിക്കുമ്പോൾ അടുത്ത ഭാഗത്തേക്ക് നീങ്ങും.

ഏതാണ്ട് ഒരു മണിക്കൂറോളം ആന ഇത്തരത്തിൽ ഇവിടെ ചുറ്റിക്കറങ്ങി. നേരം പുലർന്നുനോക്കുമ്പോൾ പുരയിടത്തിലുണ്ടായിരുന്ന വാഴയും മറ്റ കാർഷിക വിളകളും പാടെ നശിച്ച നിലയിലായിരുന്നു. ഈ പ്രദേശത്ത് പലവീട്ടുകാർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
രാവിലെ ഇവിടെ നിന്നും പല ആവശ്യങ്ങൾക്കായി പുറത്തുപോകുന്നവർ രാത്രിക്കുമുമ്പ് എത്തിയില്ലങ്കിൽ വീട്ടുകാർക്ക് ഭയമാണ്.

പ്രധാന റോഡുകളിലെല്ലാം ആനയിറങ്ങുന്നതാണ് ഇതുകാരണം. വീടിന്റെ പോർച്ചിൽകെട്ടിയിരുന്ന കന്നുകുട്ടിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാവാം ആന വീട്ടുമുറ്റത്തേക്ക് എത്തിയതെന്നാണ് വീട്ടുകാരുടെ സംശയം. അടുത്തിടെ ഈ ഭാഗത്ത് നിരവധി കന്നുകാലികളെ കാട്ടാനകുത്തിയും ചവിട്ടിയുമെല്ലാം കൊലപ്പെടുത്തിയിരുന്നു.