മറയൂർ:'ഒന്നരകൊമ്പന് ഒന്നും പേടിക്കണ്ട. അവൻ ഇനിയും ആളെ കൊല്ലും. ഇപ്പോൾ ആറ് പേരായി. നാളെ ചിലപ്പോൾ ഇത് ഏഴും എട്ടുമൊക്കെയാവും. ഞങ്ങളുടെ ജീവന് സർക്കാരിട്ടിട്ടുള്ള വില അഞ്ച് ലക്ഷമാ.ഇപ്പോ അത് പത്ത് ലക്ഷമാക്കാൻ പോകുന്നെന്നും കേൾക്കുന്നു. ഇപ്പോൾ ഞങ്ങൾ സർക്കാരിന്റെ ബലിമൃങ്ങളാ..ബലിമൃഗങ്ങൾ.'

മറയൂർ നിവാസിയായ ജയന്റെ വാക്കുകളാണിത്. ഒന്നരകൊമ്പൻ എന്ന കൊലയാളി കാട്ടുകൊമ്പന് തട്ടികളിക്കാൻ തങ്ങളുടെ ജീവൻ 'പണയപ്പെടുത്തിയ'സർക്കാർ മേലാളന്മാരോടുള്ള ദേഷ്യവും സങ്കടവുമൊക്കൊ എത്രത്തോളമുണ്ടെന്ന് ഇയാളുടെ ഈ വാക്കുകളിൽ നിന്നും വ്യക്തം. ജയൻ ഇവിടുത്തുകാരുടെ പ്രതിനിധി മാത്രമാണ്. ഇയാൾക്ക് ചുറ്റും ഇതേ വേദനയും സങ്കടവുമൊക്കെയായി ആയിരങ്ങളുണ്ടെന്നതാണ് യാഥാർത്ഥ്യം.

കാര്യങ്ങളുടെ കിടപ്പുവശം വിശദീകരിച്ച മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസും എതാണ്ട് ഇതേ അഭിപ്രയം തന്നെയാണ് പങ്കുവച്ചത്. കൊല വെറിപൂണ്ട മറയൂരിലെ ഒന്നരകൊമ്പൻ ഇതുവരെ മൂന്ന് ആദിവാസികളും ഒരു സ്ത്രിയുമടക്കം ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് ഇരുവരും നൽകിയ വിവരം. മറയൂർ കാന്തല്ലൂർ മേഖലയിൽപെട്ടവരാണ് ആനയുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഒരുകൊമ്പിന് നീളക്കുറവായതിനാൽ വീണ വിളിപ്പേരാണ് ഒന്നരകൊമ്പൻ.

ഇന്നലെ വൈകിട്ടാണ് അന്ധയായ കാന്തല്ലൂർ കുണ്ടാക്കാട് ഭാഗത്ത് താമസിച്ചുവരുന്ന ഭാസ്‌കരൻ -സുലോചന ദമ്പതികളുടെ കാഴ്ചയില്ലാത്ത മകൾ ബേബി( 24)യെ കൊമ്പൻ കുത്തിവീഴ്തിയത്. വീടിന് പുറത്തറങ്ങിയ ബേബിയെ സമീപത്തു നിന്നിരുന്ന കൊമ്പൻ ആക്രമിക്കുകയായിരുന്നു.

എന്നിട്ടും കലിയടങ്ങാതെ രക്തത്തിൽ കുളിച്ച ശരീരം എറിഞ്ഞ് കളിച്ചും ഇവൻ കാഴ്ചക്കാരരുടെ നെഞ്ചിടിപ്പ് കൂട്ടി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർക്കുനേരെയായി കൊമ്പന്റെ പരാക്രമം. ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ കരട്ടേ അധ്യപകനായ സണ്ണി സ്റ്റീഫനടകം നിരവധി പേർക്ക് പരിക്കേറ്റു. മകളുടെ നേരെയുള്ള കൊമ്പന്റെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ പിതാവിനും മാതാവിനും പരിക്കേറ്റു. ഇരുവരും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

അരമണിക്കൂറിലേറെ സമയത്തിന് ശേഷം കൂടുതൽ ആളുകളെത്തി ഒച്ചപ്പാടും ബഹളവുമൊക്കെയായി കൊമ്പനെ പ്രദേശത്ത് നിന്നകറ്റിയ ശേഷമാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനുള്ള നീക്കം ആരംഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആടിമാലിയിലെത്താറയപ്പോൾ നില വഷളായി.തുടർന്ന് ഇവിടെ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള ബേബിയുടെ മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണം തുടർക്കഥയായതോടെ ഒന്നരകൊമ്പന്റെ ശല്യം അവസാനിപ്പിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടികാർ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. റോഡ് ഉപരോധവും ഫോറസ്റ്റ് റെയിസ് മാർച്ചും മറ്റും നടത്തിയി എങ്കിലും ഇക്കാര്യത്തിൽ ചെറുവിരലനക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

പതിവ് പോലെ ഇന്നും ഇത്തരത്തിലുള്ള പ്രധിഷേധ പരിപാടികൾക്ക് നാട്ടുകാർ പുലർച്ചെ മുതൽ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇനിയെങ്കിലും അധികൃതർ കണ്ണുതുറന്നില്ലെങ്കിൽ ഇവിടം വീണ്ടും ഒന്നരകൊമ്പന്റെ കുരുതിക്കളമാവും.ആനപ്പകയിൽ ജീവൻ നഷ്ടവരുടെ കുടുമ്പാംഗങ്ങളുടെ കണ്ണീരും കഷ്ടപ്പാടും കണ്ടില്ലന്ന് നടിക്കുന്ന ഉദ്യോഗസ്ഥ മേധാവികൾ ഇന്നത്തെ പ്രതിഷേധത്തോടെയെങ്കിലും കണ്ണുതുറക്കണേ എന്നാണ് ഇവിടുത്തുകാരുടെ അകമഴിഞ്ഞ പ്രാർത്ഥന.