- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻകാലിൽ പാപ്പാൻ ക്രൂരമായി മർദ്ദിച്ചു; പ്രകോപിതനായി ആനയുടെ ആക്രമണം; ഒന്നാം പാപ്പാനെ നിലത്തിട്ട് ചവിട്ടി; ഗുരുതര പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്ന് ആന പാപ്പാനെ നിലത്തിട്ട് ചവിട്ടി. ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കേരളപുരത്താണ് ആനയുടെ ചവിട്ടേറ്റ് പാപ്പാന് പരിക്കേറ്റത്. ഒന്നാം പാപ്പാൻ സച്ചുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാപ്പാൻ മർദ്ദിച്ചതിനെ തുടർന്നാണ് ആന പാപ്പാനെ ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആനയുടെ മുൻകാലിൽ പാപ്പാൻ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സമീപത്തെ അമ്പലത്തിലെ ഉത്സവ ചടങ്ങുകൾക്കായി കൊണ്ടുവന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. ആനയുടെ പുറത്തിരുന്ന പാപ്പാന്റെ കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണു. അത് എടുക്കാനായി പാപ്പാൻ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം ആനയുടെ മുൻകാലിൽ രണ്ടാം പാപ്പാൻ വടി കൊണ്ട് മർദ്ദിച്ചു. ഇതിൽ പ്രകോപിതനായ ആന ഇരു പാപ്പാന്മാരെയും ആക്രമിക്കുകയായിരുന്നു.
ആന അബദ്ധത്തിൽ പാപ്പാനെ ചവിട്ടി എന്നായിരുന്നു ആദ്യം ഇവർ പറഞ്ഞിരുന്നത്. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രകോപനം ഉണ്ടായതിനെത്തുടർന്നാണ് ആന ആക്രമിച്ചതെന്ന് വ്യക്തമായത്. ഒന്നാം പാപ്പാൻ സച്ചുവിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ശരീരത്തിൽ വിവിധ ഭാഗങ്ങളിലെ എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്.
പരിക്കേറ്റ പാപ്പാനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ