- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തിന്റെ കൊച്ചു സുൽത്താൻ അതിഥിയായെത്തിയത് രണ്ടു മാസം മുൻപ്; ദഹനപ്രശ്നങ്ങളും ഹെർണിയയും ബാധിച്ചതോടെ അവശനായി; കോന്നി ആനക്കൂട്ടിൽ ചരിഞ്ഞത് മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടിയാന മണികണ്ഠൻ: ആനത്താവളത്തിൽ അടുത്ത കാലത്ത് ചരിഞ്ഞത് കുട്ടികൾ സഹിതം മൂന്ന് ആനകൾ
കോന്നി: ആനത്താവളത്തിൽ നിന്ന് കൊണ്ടു പോയ സുരേന്ദ്രന് പകരമായിട്ടാണ് രണ്ടു മാസം മുൻപ് മലപ്പുറത്തിന്റെ കുട്ടി സുൽത്താൻ ഇവിടെയെത്തിയത്. പേര് മണികണ്ഠൻ എന്നായിരുന്നെങ്കിലും കോന്നിക്കാർ അവനെ ജൂനിയർ സുരേന്ദ്രൻ എന്ന് വിളിച്ചു. മൂന്നു മാസം മാത്രം പ്രായമുള്ള അവൻ ശനിയാഴ്ച രാവിലെ ചരിഞ്ഞു. ദഹനസംബന്ധമായ പ്രശ്നങ്ങളും ഹെർണിയയുമൊക്കെ മരണ കാരണങ്ങളായി അധികൃതർ നിരത്തുന്നു. പക്ഷേ, ആനത്താവളത്തിൽ അടുത്ത കാലത്ത് മൂന്ന് ആനകളാണ് ചരിഞ്ഞത്. ഇതിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആനപ്രേമികളും രംഗത്തു വന്നു.
രാവിലെ എട്ടരയോടെയായിരുന്നു മണികണ്ഠൻ ചരിഞ്ഞത്. ദഹനസംബന്ധമായ അസുഖങ്ങൾക്കും ഹെർണിയയ്ക്കും വനംവകുപ്പിലെ വെറ്റിനറി സർജൻ ഡോ.ശ്യാമിന്റെ ചികിത്സയിൽ കഴിയുകയായിരുന്നു.വെള്ളിയാഴ്ച സന്ധ്യയോടെ ജൂനിയർ സുരേന്ദ്രൻ തീർത്തും അവശനായി. ശനിയാഴ്ച രാവിലെ ശസ്ത്രക്രിയ ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ കുട്ടിയാന ചത്തു.
മാർച്ച് 13 ന് മലപ്പുറംവഴിക്കടവ് പുരുത്തിപ്പാടത്തെ മൈതാനത്ത് നിന്നാണ് രണ്ട് മാസം പ്രായമായ കുട്ടിക്കൊമ്പനെ കിട്ടിയത്. വനപാലർ ആനക്കുട്ടിയെ ഏറ്റെടുത്തു. അമ്മയിൽ നിന്ന് കൂട്ടം തിരിഞ്ഞ് എത്തിയതാണെന്ന് മനസിലാക്കിയ വനപാലകർ ആനക്കുട്ടിയെ തിരികെ വനത്തിലേക്ക് വിടാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ആനത്താരകളിൽ കുട്ടിയാനയെ കൊണ്ടുവിട്ടെങ്കിലും തള്ളയാന എത്തിയില്ല. തുടർന്ന് വനം വകുപ്പ് ആനക്കുട്ടിയുടെ പരിചരണം ഏറ്റെടുത്തു. മുത്തങ്ങ ആനവളർത്തൽ കേന്ദ്രത്തിലെ പാപ്പാന്മാരായ സജീഷ്, വിജീഷ് എന്നിവരാണ് ആനക്കുട്ടിയെ പരിചരിച്ചിരുന്നത്. ലാക്ടോജൻ അടങ്ങിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നൽകിയിരുന്നത്. ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെയാണ് രോഗങ്ങൾ പിടിപെടുന്നതും അവശനിലയിലാകുന്നതും.
കോന്നി ആനത്താവളത്തിലെ അഞ്ച് വയസുകാരൻ പിഞ്ചു ആറ് മാസം മുൻപ് ചരിഞ്ഞ ശേഷം കുട്ടിയാനകൾ ഇല്ലായിരുന്നു. ഈ കുറവ് പരിഹരിച്ചു വന്നത് ജൂനിയർ സുരേന്ദ്രനായിരുന്നു.കുസൃതിയും കുറുമ്പും കാട്ടി അവൻ വിനോദ സഞ്ചാരികളുടെ മനം കവർന്നു. സുരേന്ദ്രന്റെ കുസൃതി കാണാൻ വേണ്ടി മാത്രം നിരവധിയാളുകളാണ് ആനത്താവളത്തിലെത്തിയിരുന്നത്. സുരേന്ദ്രന്റെ വേർപാടോടെ ആനകളുടെ എണ്ണം അഞ്ചായി കുറഞ്ഞു. നീലകണ്ഠൻ, പ്രിയദർശിനി, ഇവ, കൃഷ്ണ, മീന എന്നീ ആനകളാണ് നിലവിലുള്ളത്.
കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമായി കൂട്ടിയോജിപ്പിച്ചുള്ള ആനത്താവളത്തിലെത്തിക്കുന്ന കുട്ടിയാനകൾക്ക് ആയുസില്ലെന്നതാണ് പ്രത്യേകത. രോഗബാധയെ തുടർന്നാണ് ആനകൾ ചരിയുന്നത്. വിവിധ രോഗങ്ങൾ കുട്ടിയാനകൾക്ക് എങ്ങനെ ബാധിക്കുന്നുവെന്ന് അന്വേഷിക്കുന്നില്ല. ആറ് മാസത്തിനുള്ളിൽ രണ്ട് കുട്ടിയാനകളാണ് ഇവിടെ ചെരിഞ്ഞത്. മണിയൻ (75) എരണ്ട കെട്ടിനെ തുടർന്ന് ചരിഞ്ഞതിന്റെ മൂന്നാം ദിവസമാണ് നാലു വയസുള്ള പിഞ്ചു ചരിയുന്നത്. ഏതാനും വർഷം മുമ്പ് മറ്റൊരു കുട്ടിയാനയും ചരിഞ്ഞിരുന്നു. അതിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം എരണ്ട കെട്ടാണെന്നാണ് വ്യക്തമായത്. കുട്ടിയാനകൾ തള്ളയാനയുടെ പാല് കുടിച്ചാണ് വനത്തിലെ ആവാസ്ഥ വ്യവസ്ഥയിൽ വളരുന്നത്.
കൂട്ടം തെറ്റി കിട്ടുന്ന ആനക്കുട്ടികളെ യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണ് ആനത്താവളത്തിലെത്തിക്കുന്നത്. കൃത്രിമ ആഹാരം കൊടുത്താണ് ഇവയുടെ വിശപ്പ് അകറ്റുന്നത്. പഞ്ഞിപ്പുല്ലും മറ്റും അമിതമായി ഉള്ളിൽ ചെന്നാൽ ആന കുട്ടികൾക്ക് ഉദരസംബന്ധമായ രോഗം പിടിപെടും. വനപാലകരുടെയും വെറ്റിനറി ഡോക്ടറുടെയും തികഞ്ഞ അനാസ്ഥ ആനകളുടെ സംരക്ഷണിൽ ഉണ്ടാകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.ആനത്താവളത്തിൽ തുടരെയുള്ള ആനകളുടെ മരണങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, അവശേഷിക്കുന്ന ആനകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാരും, ആനപ്രേമികളും ആവശ്യപ്പെടുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്