- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മഹാ ദുഷ്ടൻ രസത്തിനായി ചൂഴ്ന്നെടുത്തത് ലോകത്തെ ഏറ്റവും നീളം കൂടിയ ഈ ആനക്കൊമ്പ്; 50,000 ഡോളർ മുടക്കി ബോത്സ്വാന കാട്ടിൽ പോയി വേട്ടയാടിയത് ഈ ആനയെ; കരുണയില്ലാത്ത മനുഷ്യന്റെ ക്രൂരതകൾക്ക് ഒരു ഉദാഹരണം കൂടി
കറുത്ത കാടുകളിൽ മനുഷ്യർ വേട്ടയാടിക്കഴിഞ്ഞ നാളുകൾ ഉണ്ടായിരുന്നു, കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞ് സംസ്‌കാരം അവനിൽ ഉടലെടുക്കുന്നതിനു മുൻപ്. എന്നാൽ, അന്നും അവൻ വേട്ടയാടിയിരുന്നത് അവന്റെ വിശപ്പടക്കാനായിരുന്നു. വിശക്കാത്ത മനുഷ്യൻ ആരെയും കൊന്നിരുന്നില്ല. മനുഷ്യരോളം വിവേചന ബുദ്ധിയില്ലാത്ത വന്യമൃഗങ്ങളും വിശപ്പടക്കാനായല്ലാതെ മറ്റു മൃഗങ്ങളെ ആക്രമിക്കാറില്ല. എന്നാൽ, കാടിനു പുറത്ത് നാഗരികതകൾ സൃഷ്ടിച്ച് സംസ്‌കാരം നേടിയെന്ന് അവകാശപ്പെടുന്ന മനുഷ്യൻ പക്ഷെ കൂടുതൽ ക്രൂരനാവുകയായിരുന്നു.
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ട്രോഫി ഹണ്ടിങ് എന്നത്. ആഫ്രിക്കൻ വനാന്തരങ്ങളിലാണ് ഇത് കൂടുതലും നടക്കുന്നത്. വലിയ വന്യമൃഗങ്ങളെ കൊന്ന് അവയുടെ മൃതദേഹം മുഴുവനായോ അല്ലെങ്കിൽ ഭാഗങ്ങളോ, ഒരു മത്സരത്തിനു ലഭിച്ച ട്രോഫി എന്നതുപോലെ പ്രദർശിപ്പിക്കുന്നതാണ് ഈ ക്രൂരവിനോദം. സാധാരണയായി കൊമ്പുകൾ, വലിയ നഖങ്ങൾ, പല്ലുകൾ തുടങ്ങിയവ യുള്ള മൃഗങ്ങളെയാണ് ട്രോഫി ഹണ്ടിംഗിനായി തെരഞ്ഞെടുക്കുക. ഈ ഭാഗങ്ങൾ ഏറേ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ ആകും എന്നതാണ് അതിനു കാരണം.
ഇത്തരത്തിൽ അടുത്തയിടെ നടന്ന ഒരു ട്രോഫി ഹണ്ടിംഗിൽ ഒരു പ്രൊഫഷണൽ ട്രോഫി ഹണ്ടർ കൊന്നത് ഒരു വലിയ ആനയേയായിരുന്നു. 50,000 ഡോളർ കൊടുത്തിട്ടായിരുന്നു അയാൾ ഈ ഹണ്ടിംഗിൽ ചേർന്നത്. ബോത്സ്വാനയിൽ, നമീബിയയുടെ അതിർത്തിക്ക് സമീപമുള്ള വനത്തിൽ വച്ചായിരുന്നു ലിയോൺ കാഷ്ഹോഫർ എന്ന ഈ നായാട്ടുകാരൻ ആനയെ കൊന്നത്. അതിന്റെ കൊമ്പിന് മാത്രം 92 കിലോഗ്രാം ഭാരം വരുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
50 വയസ്സിനു മുകളിൽ പ്രായം വരുന്ന ആന ഒറ്റവെടിക്ക് തന്നെ മരിച്ചു എന്ന് ഹണ്ടിങ് ഇൻഡസ്ട്രി വക്താവും സ്ഥിരീകരിച്ചു. ഒരു കൊമ്പെങ്കിലും 100 പൗണ്ട്(45 കിലോഗ്രാം) ഭാരം വരുന്ന 40 ആനകൾ മാത്രമാണ് ഇപ്പോൾ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഉള്ളത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തന്റെ ധീരകൃത്യത്തിന്റെ ചിത്ര സഹിതമുള്ള വിവരണം ഫേസ്‌ബുക്കിലൂടെ പങ്കുവയ്ക്കുക മാത്രമല്ല, അതിനെ കുറിച്ച് വിശദീകരിക്കുവാൻ ഒരു പോഡ്കാസ്റ്റിൽ പങ്കെടുക്കുകയും ചെയ്തു ഈ നായാട്ടുകാരൻ.
ട്രോഫി ഹണ്ടിങ് ബോത്സ്വാനയിൽ നിയമവിരുദ്ധമാക്കിയ മുൻ പ്രസിഡണ്ട്ഇയാൻ ഖമ, സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഖമയെ തുടർന്ന് അധികാരത്തിലെത്തിയ മസ്സിസ്സിയാണ് 2019-ൽ ട്രോഫി ഹണ്ടിങ് വീണ്ടും നിയമവിധേയമാക്കിയത്. വിനോദ സഞ്ചാരികളെ ആഫ്രിക്കയുടെ പ്രതീകമായി കാണിക്കാറുള്ള ഒരു ആനയാണ് ഇവിടെ ചത്തുകിടക്കുന്നത് എന്നായിരുന്നു ഈ ആനയുടെ മൃതദേഹത്തിന്റെ ചിത്രത്തിനൊപ്പം ഖമ പോസ്റ്റ് ചെയ്തത്.
ബോത്സ്വാനയിൽ ഇപ്പോഴും 1,30,000 ആനകളുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള വലിയ കൊമ്പുള്ളവ വളരെ ദുർലഭമാണ്. ഇത്തരം ആനകളേയാണ് ട്രോഫി ഹണ്ടിംഗിൽ ലക്ഷ്യമിടുന്നത്. ട്രോഫി ഹണ്ടിങ് കാരണം ഇവിടെ കാട്ടുപോത്തുകൾക്ക് ഏതാണ്ട് വംശനാശം സംഭവിച്ചിരിക്കുകയാണ്. എന്നാൽ, ഇത്തരത്തിലുള്ള ഹണ്ടിംഗുകൾ കഴിഞ്ഞവർഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് മുതൽ കൂട്ടിയത് 2.7 മില്യൺ ഡോളർ ആയിരുന്നു. ഈ വരുമാനം തള്ളിക്കളയാൻ മാത്രം ചെറുതല്ല എന്നാണ് ഹണ്ടിങ് ഇൻഡസ്ട്രി വക്താവ് പറയുന്നത്.
മറുനാടന് ഡെസ്ക്