കോതമംഗലം: ഡൽഹിയിൽ കണ്ടെടുത്ത ആനക്കൊമ്പ് ശേഖരം നേരത്തെ ചരിഞ്ഞ വളർത്താനകളുടെതെന്നു വരുത്തി തീർത്ത് കേസ് നടപടികളിൽ നിന്നും തടിതപ്പാൻ പ്രതികൾ നീക്കം തുടങ്ങി. ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെയാണ് ഇക്കൂട്ടർ ഈ വഴിക്കുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്.

പിടിച്ചെടുത്ത ആനക്കൊമ്പുകൾ ചരിഞ്ഞ വളർത്താനകളുടെന്നു വരുത്തി തീർത്താൽ കണക്കുവിവരങ്ങൾ യഥാസമയം വെളിപ്പെടുത്താതിനുള്ള പിഴ ഒടുക്കി പ്രതികൾക്ക് കേസിൽ നിന്നും തലയൂരാൻ സാധിക്കുമെന്നാന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാനും വർഷംമുൻപുവരെ ചരിയുന്ന വളർത്താനകളുടെ കൊമ്പുകൾ ഉടമസ്ഥർക്ക് നേരിട്ട് വിൽപ്പന നടത്താമായിരുന്നു.

ഇത്തരത്തിൽപ്പെട്ട കൊമ്പുകളാണോ പിടികൂടിയിട്ടുള്ളത് എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം ആയിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരുകയാണെന്നും മലയാറ്റൂർ ഡി എഫ് ഒ അറിയിച്ചു.

കൊല്ലപ്പെട്ട ആനകളുടെ കൊമ്പുകളാണ് കണ്ടെടുത്തിട്ടുള്ളതെന്ന് തെളിഞ്ഞാൽ ബന്ധപ്പെട്ട സ്ഥലങ്ങളിലെ ചുമതലക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും തുടർനടപടികളുമുണ്ടാവുമെന്നും അദ്ദേഹം സൂചന നൽകി.

ഡൽഹിയിൽ നിന്നും ആനവേട്ട കേസന്വേഷക സംഘം കണ്ടെടുത്ത 6 കോടിയുടെ ആനക്കൊമ്പ് ശേഖരത്തിൽ സംസ്ഥാനത്തെ വനമേഖലയിൽ നിന്നും കടത്തിയ കൊമ്പുകൾ നാമമാത്രമെന്നാണു സൂചന.

കേസിൽ അറസ്റ്റിലായ ഉമേഷ് അഗർവാളിന്റെ ഡൽഹിയിലെ ഗോഡൗണിൽ നിന്നുമാണ് 450 കിലോയോളം വരുന്ന കൊമ്പ് ശേഖരം കഴിഞ്ഞദിവസം അന്വേഷകസംഘം കണ്ടെടുത്തിട്ടുള്ളത്. കൊമ്പ്‌ശേഖരത്തിൽ മുന്തിയപങ്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഇടനിലക്കാർ വഴി വാങ്ങയതാണെന്നും കേരളത്തിലെ ആനവേട്ടക്കാരുമായി തനിക്ക് കാര്യമായി ബന്ധമില്ലന്നുമാണ് ഉമേഷ് അഗർവാളിന്റെ വെളിപ്പെടുത്തൽ.ഇക്കാര്യത്തിൽ കൂടുതൽ തെളിവെടുപ്പും അന്വേഷണവും നടന്നുവരികയാണെന്ന് മലയാറ്റൂർ ഡിഎഫ്ഒ വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങൾ പ്രകാരം 15 ആനകളുടെ കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത ഏതാനും വിഗ്രഹങ്ങളുമാണ് ഡൽഹിയിൽ നിന്നും പിടികൂടിയിട്ടുള്ളത്. ഒരാനയുടെ ഒരുകൊമ്പിന്റെ തൂക്കം 12 മുതൽ 15 കിലോവരെയാണ്. ഡൽഹിയിൽ കണ്ടെടുത്തതിൽ ഒട്ടുമുക്കാലും കൊമ്പുകൾക്കും ഈ നിലവാരത്തിൽ തൂക്കം ഉണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ 20 വർഷമായി താൻ സൂക്ഷിച്ചുവന്നിരുന്ന ആനക്കൊമ്പ് ശേഖരമാണ് ഇതെന്നും വില ഒത്തുവരാത്തതിനാൽ വിൽപ്പന മന്ദഗതിയിലായിരുന്നെന്നും ഇതുമൂലമാണ് കൊമ്പ്‌ശേഖരം വർദ്ധിച്ചതെന്നുമാണ് ഉമേഷ് അഗർവാൾ അന്വേഷക സംഘത്തേ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കൊമ്പുകളുടെ പഴക്കം നിർണ്ണയിക്കുന്ന കാർബൺ ഡെയിറ്റിങ് ടെസ്റ്റും ഡി എൻ എ പരിശോധനയും നടത്തേണ്ടത് അനിവാര്യമാണെന്നും ഇതുവഴി മാത്രമേ കൊമ്പുകൾ സംബന്ധിച്ച പൂർണ്ണവിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു.