കോതമംഗലം: അനധികൃതമായി ആനക്കൊമ്പുകൾ വിൽപ്പന നടത്തിയതിന് ദേവസ്വങ്ങളുൾപ്പെടെ സംസ്ഥാനത്തെ നാൽപതോളം ആന ഉടമകൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇടമലയാർ ആനവേട്ടക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആന ഉടമകൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

വിവാദങ്ങൾക്കിടയാക്കുമെന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ അതീവ രഹസ്യമായിട്ടാണ് കേസ് നടപടികൾ പുരോഗമിക്കുന്നത്. കൊമ്പ് വിൽപ്പനക്കേസിൽ കൊച്ചിദേവസ്വവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തായ വിവരം.

ചരിഞ്ഞ ആനകളുടെ കൊമ്പും കൈവശത്തിലുള്ള ആനകളുടെ കൊമ്പുകളിൽ നിന്നും മുറിച്ചെടുത്ത ഭാഗങ്ങളും വിറ്റ് ഉടമകൾ വൻസാമ്പത്തീക നേട്ടമുണ്ടാക്കിയതായിട്ടാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ നേരത്തെ പിടിയിലായ ഈഗിൽ രാജൻ, അജി ബ്രൈറ്റ് , മുകേഷ് അഗർവാൾ എന്നിവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആന ഉടമകൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്.

ഇതുസംബന്ധിച്ച അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷക സംഘം തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ദേവസ്വങ്ങളിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചശേഷമാവും തുടർനടപടിയെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ ആന ഉടമകൾ കേസിൽ ഉൾപ്പെടുന്നതിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസ് നടപടികൾ ശരിയായ രീതിയിൽ പുരോഗമിച്ചാൽ ദേവസ്വം ഭരണകർത്താക്കളും ഇവരുടെ അനധികൃത പ്രവർത്തനങ്ങൾക്ക് കുടപിടിച്ച രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ ഉന്നതർ പ്രതിസ്ഥാനത്താവുമെന്നാണ് അറിയുന്നത്.

കേസിലെ പ്രതി മുകേഷ് അഗർവാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷക സംഘം ഡൽഹിയിൽ നിന്നും 500-ൽപ്പരം കിലോ ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. ഇതിൽ മുന്തിയ പങ്കും സംസ്ഥാനത്തുനിന്നും കടത്തിയതാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ കൂടുതൽ തെളിവെടുപ്പിലാണ് ഈഗിൾ രാജനുൾപ്പെടെയുള്ള പ്രതികളിൽ നിന്നും നിർണ്ണായക വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്. കൊമ്പ് വാങ്ങിയവരെ കുറിച്ചുള്ള ഇവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്

ഇതിനിടെ കേസിലെ മുഖ്യപ്രതി തങ്കച്ചിയെ കുടുക്കാൻ കോൽക്കത്തയ്ക്കുപോയ ഉദ്യോഗസ്ഥസംഘം വെറും കയ്യോടെ നാട്ടിൽ തിരിച്ചെത്തി. ഒരാഴ്ചയോളം കോൽക്കത്തയിൽ തങ്ങി അന്വേഷണം നടത്തിയ സംഘത്തിന് കോൽക്കത്ത തങ്കച്ചിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. ഫോറസ്റ്റ് വിജിലൻസ് സി സി എഫ് സുരേന്ദ്രകുമാർ, പെരിയാർ ടൈഗർ പ്രോജക്ട് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ അമിത് മല്ലിക് തുടങ്ങിയവരുൾപ്പെട്ട അന്വേഷക സംഘമാണ് തങ്കച്ചിയെ കണ്ടെത്താൻ കോൽക്കത്ത അരിച്ചുപെറുക്കിയത്. 45 വയസ് തോന്നിക്കുന്ന വെളുത്ത് സുന്ദരിയാണ് തങ്കച്ചിയെന്നും ഇവരുടെ ബന്ധങ്ങൾ ഉന്നതന്മാരുമായിട്ടാണെന്നും മറ്റുമുള്ള ഈഗിൾ രാജനുൾപ്പെടെയുള്ള പ്രതികളുടെ വെളിപ്പെടുത്തലുകളുടെയും കേട്ടുകേൾവികളുടെയും ബലത്തിലാണ് ഇപ്പോൾ അന്വേഷക സംഘം തങ്കച്ചിയെ കുടുക്കാൻ രംഗത്തിറങ്ങിരിക്കുന്നത്.

തങ്കച്ചിയുടെ സ്വദേശം തിരുവനന്തപുരമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥസംഘം കാര്യമായി അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇവിടത്തുകാരെ സംബന്ധിച്ചിടത്തോളം തങ്കച്ചി അജ്ഞാതയാണ്. ഇവരെക്കുറിച്ച് നാട്ടിൽ കേട്ടുകേൾവികൾ മാത്രമാണ് നിലനിൽക്കുന്നത്.

കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു പ്രതികളുടെ പ്രധാനവെളിപ്പെടുത്തൽ .കൊമ്പ് വിൽപ്പനയിൽ തങ്കച്ചി കൂടുതൽ ബന്ധംപുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പിനികൾക്കും വിജയ് മല്യ ഉൾപ്പെടെ നിരവധിപ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടെന്നുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.