കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസിലെ ഹൈടെക് ഇടനിലക്കാരി തങ്കച്ചിയെത്തേടി അന്വേഷകസംഘം കൊൽക്കത്തയിൽ.

ഫോറസ്റ്റ് വിജിലൻസ് സി സി എഫ് സുരേന്ദ്രകുമാർ, പെരിയാർ ടൈഗർ പ്രോജക്ട് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ അമിത് മല്ലിക് തുടങ്ങിയവരുൾപ്പെട്ട അന്വേഷക സംഘം കഴിഞ്ഞ നാലുദിവസമായി കോൽക്കത്ത കേന്ദ്രീകരിച്ചു നടത്തിവരുന്ന അന്വേഷണത്തിൽ സുപ്രധാന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ഈ കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഈഗിൾ രാജൻ, കൂട്ടാളികളായ ഉമേഷ് അഗർവാൾ, അജി ബ്രൈറ്റ് തുടങ്ങിയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം തങ്കച്ചിയെത്തേടി കോൽക്കത്തക്ക് തിരിച്ചിരിക്കുന്നത്.

കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു ഇവരുടെ പ്രധാന വെളിപ്പെടുത്തൽ. കൊൽക്കത്ത തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പ്രതികൾ അന്വേഷക സംഘത്തിന് കൈമാറിയിട്ടുണ്ട്. ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരിയായ തങ്കച്ചി ബഹുഭാഷ വിദഗ്ധയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും യഥാർത്ഥ പേര് സിന്ധു എന്നാണെന്നുമാണ് ഇതുവരെ അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ.

വർഷങ്ങളായി കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തങ്കച്ചി കൂടുതൽ ബന്ധം പുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പിനിക്കും വിജയ് മല്യ ഉൾപ്പെടെ നിരവധി പ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടെന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ അധികൃതർക്ക് വ്യക്തമായിട്ടുണ്ട്. ഈ സ്ഥിതിയിൽ തങ്കച്ചിയുടെ ഇടപാടുകൾ പല കോടികൾക്കു മുകളിൽ കണ്ടേക്കാമെന്നും ഇതുസംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ നിരവധി പ്രമുഖർ കേസിൽ കുടുങ്ങുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തങ്കച്ചിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിൽ ആക്രമണമുണ്ടാവുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷകസംഘം കൊൽക്കത്ത പേലീസിന്റെ സഹായവും തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. കോൽക്കത്ത വിട്ടാൽ തങ്കച്ചിയുടെ ഇടത്താവളം കാഠ്മണ്ഡു ആണെന്നാണ് സൂചന.തദ്ദേശിയരുമായി നല്ല അടുപ്പത്തിൽ കഴിയുന്ന ഇവർ അംഗരക്ഷകരും പരിവാരങ്ങളുമായി ആർഭാടജീവിതത്തിലാണെന്നുള്ള സൂചനയുമുണ്ട്.