- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ നോക്കണ്ട, എങ്ങനെയെങ്കിലും ചേട്ടായിയെ രക്ഷിക്ക്.... എന്ന അലറി കരഞ്ഞ ജിനി; രണ്ടു ദിവസത്തിന് ശേഷം ആ ദുഃഖ സത്യം തിരിച്ചറിഞ്ഞത് സ്ട്രെക്ചറിൽ കിടന്ന്; വെള്ളപുതപ്പിച്ച് കിടത്തിയ ഭർത്താവിന് ഭാര്യ യാത്രാമോഴി നൽകി; കാട്ടാന ജീവനെടുത്തത് കുടുംബത്തിന്റെ പ്രതീക്ഷ
കണ്ണൂർ: വേദനയ്ക്കിടയിലും ഭർത്താവിനെ രക്ഷിക്കാനായിരുന്നു നാട്ടുകാരോട് ജിനി പറഞ്ഞത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴും ഭർത്താവും ജീവനോടെ ഉണ്ട് അവർ കരുതി. പക്ഷേ അവസാനം അവർ ആ സത്യം തിരിച്ചറിഞ്ഞു. ആശുപത്രിയിൽ സ്ട്രെക്ചറിൽ കിടന്നുകൊണ്ട് ജിനി, തൊട്ടടുത്ത് വെള്ളപുതപ്പിച്ചു കിടത്തിയ തന്റെ ഭർത്താവിനെ അവസാനമായി കണ്ടു. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം പോസറ്റ്മോർട്ടത്തിനു ശേഷം ധനലക്ഷ്മി ആശുപത്രിയിലാണു സൂക്ഷിച്ചിരുന്നത്.
മൃതദേഹം പെരിങ്കരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ്, ചികിത്സയിൽ കഴിയുന്ന ഭാര്യ ജിനിയെ കാണിച്ചു. ഇന്നലെ വൈകിട്ട് 4.30 നാണ് ജസ്റ്റിന്റെ മൃതദേഹം ആസ്റ്റർ മിംസ് ആശുപത്രിയിൽ കൊണ്ടുവന്നത്. ഇടുപ്പെല്ലിനു ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്നതിനാലും കാൽമുട്ടിനു സാരമായ പരുക്കുള്ളതിനാലും എണീക്കാവുന്ന സ്ഥിതിയിലല്ല, ജിനി. എന്നിട്ടും ആശുപത്രിയുടെ താഴത്തെ നിലയിലേക്ക് സ്ട്രെക്ചറിൽ കൊണ്ടുവന്ന് ജിനിയെ ഭർത്താവിനെ അവസാനമായി കാണിച്ചു. കണ്ടുനിന്നവരുടെയെല്ലാം കരളലിയിക്കുന്നതായിരുന്നു ആ യാത്രാമൊഴി.
ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് ജസ്റ്റിൻ കൊല്ലപ്പെട്ടത്. പെരിങ്കരിയിലെ ചെങ്ങഴശ്ശേരിൽ ജസ്റ്റിനും ഭാര്യയും രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയായിരുന്നു കാട്ടാന ആക്രമണം. ഞായറാഴ്ച പുലർച്ചയുണ്ടായ അപ്രതീക്ഷിത ആക്രണത്തിൽ ഭാര്യയ്ക്ക് പരിക്കേറഅറു. ജസ്റ്റിന്റെ മൃതദേഹം ഇന്ന് 11ന് പെരിങ്കരി സെന്റ് അൽഫോൻസ ദേവാലയത്തിൽ സംസ്കരിക്കും. വീട്ടിൽ നിന്നു ഇതേ പള്ളിയിലേക്ക് പോവുകയായിരുന്ന ജസ്റ്റിനെയും ഭാര്യ ജിനിയെയും അപ്രതീക്ഷിതമായാണ് കാട്ടാന ആക്രമിച്ചത്.
ആശുപത്രിയിലേക്കുള്ള വഴി മധ്യേ ജസ്റ്റിൻ മരിച്ചു. ജിനി പരുക്കുകളോടെ ചികിത്സയിലാണ്. ജസ്റ്റിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ, ഭാര്യ ജിനിയെ മൃതദേഹം കാണിച്ച ശേഷം പെരിങ്കരിയിലെ വീട്ടിൽ എത്തിച്ചു. ജിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആന എടുത്തെറിഞ്ഞതിനാൽ ഇടുപ്പെല്ലിനുണ്ടായ സ്ഥാനമാറ്റം പരിഹരിക്കാൻ നടത്തിയ ശസ്ത്രക്രിയ വിജയകരമാണ്. കുത്തിയാണ് ജസ്റ്റിനെ ആന കൊന്നത്.
കാട്ടാനയിറങ്ങിയ വിവരമറിഞ്ഞ് ഞായറാഴ്ച പുലർച്ചെ തിരച്ചിലിനിറങ്ങിയതായിരുന്നു പെരിങ്കരിയിലെ നാട്ടുകാർ കേട്ടത് ജിനിയുടെ കരച്ചിലായിരുന്നു. ''എന്നെ നോക്കണ്ട, എങ്ങനെയെങ്കിലും ചേട്ടായിയെ രക്ഷിക്ക്''-മൺപാതയ്ക്കരികിൽ അർധബോധാവസ്ഥയിൽ കിടന്ന ജിനി നാട്ടുകാരോട് വിളിച്ചുപറഞ്ഞു. അപ്പോഴാണ് മൺപാതയിൽനിന്ന് 20 മീറ്ററോളം അകലെ ജസ്റ്റിൻ ചലനമറ്റ് കിടക്കുന്നത് കണ്ടത്. തേക്കിൻതോട്ടത്തിലേക്ക് തെറിച്ചുവീണ ജസ്റ്റിനെ വീണ്ടും ആന കുത്തിയതായി കരുതുന്നു. ഇവിടം രക്തം തളംകെട്ടി കിടന്നിരുന്നു. തേക്കിൻതൈകൾ മറിഞ്ഞുവീണ നിലയിലും.
രാവിലെ ആറര കഴിഞ്ഞിട്ടുണ്ടാകും. വെളിച്ചം വീണുതുടങ്ങിയതേയുള്ളൂ. ഞങ്ങൾ ഇടവഴികൾ നോക്കി വരികയായിരുന്നു. പെട്ടെന്നാണ് ദൂരെ ബൈക്ക് തകർന്നുകിടക്കുന്നത് കണ്ടത്. ജസ്റ്റിൻ ഉപയോഗിക്കുന്നതാണത്. ഓടിയെത്തിയപ്പോൾ കണ്ടത് രണ്ടോ മൂന്നോ മീറ്റർ അകലെ പാറയോടുചേർന്ന് ചെരിഞ്ഞുകിടക്കുന്ന ജിനിയെ ആണ്. അടുത്തെങ്ങും ജസ്റ്റിനില്ല. തേക്കിൻതൈകൾ നട്ട, ചെറിയ ഇറക്കമുള്ള പറമ്പാണ്. ജിനിയുടെ കരച്ചിൽ ജസ്റ്റിനിന് അടുത്തേക്ക് നാട്ടുകാരെ എത്തിച്ചു. അപ്പോഴേക്കും വൈകിപോയിരുന്നു. കാട്ടാനാക്രമണത്തിൽ ജസ്റ്റിൻ അതിഭീകരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നു അപ്പോൾ. ഉണ്ടായിരുന്നത് ചെറിയ നാടിമിടിപ്പുമാത്രം.
ജസ്റ്റിന്റെ ദേഹമാകെ ചെളി പുരണ്ടിരിക്കുന്നു. വലതുകവിളിൽ ചതച്ചുകളഞ്ഞതുപോലുള്ള മുറിവ്. നെഞ്ചിനുതാഴെ ഇരുവശവും കുത്തിക്കീറിയ നിലയിൽ. കഴുത്തിനും മുറിവുണ്ടായിരുന്നു. എട്ടരയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും ജസ്റ്റിൻ മരിച്ചിരുന്നു. സാധാരണ നില കൈവരിച്ച ജിനി അപ്പോഴും ജസ്റ്റിനെ തിരഞ്ഞു. മറ്റൊരു ആശുപത്രിയിലുണ്ടെന്ന് കൂടെയുള്ളവർ ആശ്വസിപ്പിച്ചു. അത് വിശ്വസിച്ച് അവർ അവിടെ കിടന്നു. പിന്നീട് ആ സത്യം അവർ അറിഞ്ഞു. ആറുമാസം മുൻപാണ് ജസ്റ്റിനും കുടുംബവും മേലേ പെരിങ്കരിയിലെ വീട്ടിലേക്ക് താമസം മാറിയത്.
കോവിഡായതിനാൽ കുട്ടികളെ പള്ളിയിൽ കൊണ്ടുപോകാൻ വിലക്കുണ്ടായിരുന്നു. അതിനാൽ മക്കളെ തൊട്ടടുത്ത വീട്ടിലേൽപ്പിച്ചാണ് പോയത്.അതുകൊണ്ട് ദുരന്ത വ്യാപ്തി കുറഞ്ഞു. പെരിങ്കരിയിൽ ആനയിറങ്ങിയ വിവരം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പക്ഷേ മൊബൈൽ നോക്കാഞ്ഞതിനാൽ വിവരം ജസ്റ്റിൻ അറിഞ്ഞില്ല. ഇതാണ് ദുരന്തമായി മാറിയത്. സാധാരണ ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ചിരുന്ന കാട്ടാനകൾ മനുഷ്യജീവനുമെടുക്കാൻ തുടങ്ങിയതോടെ കണ്ണുരിലെ മലയോര കർഷകർ ഭീതിയിലായി. കർണാടക വനത്തിൽ നിന്നുമിറങ്ങിയ ഒറ്റയാനാണ് ജസ്റ്റിന്റെ ജീവൻ എടുത്തത്.
കാട്ടാന ഇറങ്ങിയതു കൊണ്ടു തന്നെ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് പുലർച്ചെ തന്നെ പരിശോധനയ്ക്ക് എത്തിയത്. അപ്പോഴാണ് ജസ്റ്റിനുണ്ടായ ദുരന്തം അവർ അറിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ