കണ്ണൂർ: നവജീവൻ കോളനിക്കു സമീപം കൊല്ലപ്പെട്ട പിടിയാനക്ക് വെടിയേറ്റത് ആരുടെ തോക്കിൽനിന്ന്? കണ്ണൂർ ജില്ലയിലെ വിയറ്റ്നാമിനു സമീപം പരിപ്പുതോടിലെ ചതിരൂർ വനത്തിലാണ് ഇരുപതു വയസ്സുള്ള പിടിയാന വെടിയേറ്റു ചരിഞ്ഞത്. ആനയെ വെടിവച്ചതെന്നു കാണിക്കാൻ സമീപത്തെ കുരുമുളകു തോട്ടത്തിൽ ഒരു തോക്കുകൊണ്ടിട്ടെങ്കിലും അതിലെ വെടിയുണ്ടയല്ല ആനയുടെ ശരീരത്തിൽനിന്നു കിട്ടിയത്.

തലശ്ശേരി അതിരൂപതയുടെ 110 ഏക്കർ റബ്ബറും തെങ്ങും പൈനാപ്പിളും അടങ്ങുന്ന സാന്മരിയ എസ്റ്റേറ്റിന്റെ മാനേജർ കൂടിയായ ഫാ. ജോസഫ് കാവനാടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ നേർക്കാണു സംശയത്തിന്റെ മുന നീളുന്നത്. ആന കൊല്ലപ്പെടുന്നതിനു തലേദിവസം കൃഷിയിടത്തിലിറങ്ങിയ ആനയെ ഓടിക്കാൻ ഫാ. ജോസഫിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. തൊട്ടു പിറകേയാണ് പിടിയാന കൊല്ലപ്പെട്ടത്. നായാട്ടുസംഘമാണ് ഇതിനു പിറകിലെന്നു വരുത്തിത്തീർക്കാൻ ബോധപൂർവ്വം ശ്രമം നടത്തിയിരുന്നു. വനത്തോട് ചേർന്ന സ്ഥലത്താണ് ആനക്ക് വെടിയേറ്റതെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. എസ്റ്റേറ്റിൽ ഫാ ജോസഫ് താമസിക്കുന്ന സ്ഥലത്തിനടുത്തു നിന്നും ആന വീണിടം വരെ ചോരപ്പാടുകളുമുണ്ടായിരുന്നു.

കുടക് വനത്തോടു ചേർന്ന ഈ പ്രദേശം വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. എന്നാൽ കാട്ടിൽ കയറിയും വനാതിർത്തിയിലും വച്ച് വന്യജീവികളെ ആക്രമിക്കുന്നവർ നിരവധിയാണ്. കാർഷിക പ്രശ്നമുയർത്തി വന്യജീവികളെ നേരിടാനുള്ള ശ്രമത്തിനു ഫാ ജോസഫും സംഘവും നേതൃത്വം വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കർഷകർ മറ്റെല്ലാം മറന്ന് ഫാ. ജോസഫിനോടൊപ്പം നിൽക്കുകയാണ്. അതിനാൽത്തന്നെ ഈ പ്രദേശത്തെ വന്യജീവികൾക്കു നേരെയുള്ള ഏത് അക്രമവും ബാഹ്യലോകമറിയാറില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ പരിക്കേറ്റ നിലയിൽ ആനയെ കണ്ടെത്തിയെന്നാണ് വനം വകുപ്പുകാർ പറയുന്നത്. രാത്രി പതിനൊന്നു മണിക്ക് ആനയെ വനത്തിൽ കടത്തിവിടാൻ ഫാദറും സംഘവും ചേർന്നു ശ്രമിച്ചിരുന്നു.

മുതുകിലും കാലിലും പരിക്കേറ്റ പിടിയാനയെ മറ്റ് ആനകൾ ആക്രമിച്ചെന്നായിരുന്നു വനപാലകരുടെ പ്രചാരണം. ഏഴുമണിയോടെ കണ്ട ആനയെ ചികിത്സിക്കാൻ തയ്യാറെടുക്കവേ ഒമ്പതുമണിയോടെ ചരിഞ്ഞെന്നും വനം വകുപ്പുകാർ തട്ടി വിടുന്നു. മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തിയിട്ടും അവർക്ക് സംശയമേ ഉണ്ടായിരുന്നില്ല. ഒടുവിൽ പോസ്റ്റ്‌മോർട്ടത്തിലാണ് വയറ്റിൽ വെടിയുണ്ടയുണ്ടെന്നു കണ്ടെത്തിയത്. തലശ്ശേരി രൂപതയുടെ പൈനാപ്പിൾ തോട്ടത്തിൽ വച്ചുതന്നെയാണ് ആനയെ വെടിയുതിർത്തതെന്ന നിഗമനത്തിലാണ് അധികൃതർ. വടക്കൻ കേരളത്തിലെ ഏറ്റവും കൂടുതൽ നാടൻ തോക്കുകൾ ഉപയോഗപ്പെടുത്തുന്നതും ഈ മേഖലയിലാണ്.

ആസൂത്രിതമായ ഈ ആനക്കൊല ഒതുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എസ്റ്റേറ്റിലെ കുരുമുളകു തോട്ടത്തിൽ നിന്നും ഒരു നാടൻ തോക്ക് വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഈ തോക്കിൽനിന്നുള്ള ഉണ്ടയല്ല ആനക്ക് കൊണ്ടത് എന്നാണ് പ്രാഥമിക വിവരം. കേസിന്റെ തെളിവു നശിപ്പിക്കാൻ വനം വകുപ്പുകാരുടെ ഒത്താശയോടെ നടത്തുന്ന നാടകമാണിത്.

ആന ചരിഞ്ഞകേസിൽ തോട്ടത്തിൽ പാട്ടത്തിനു കൃഷിചെയ്യുന്ന വിയറ്റ്നാമിലെ നാണത്ത് സലാം, മൂവാറ്റുപുഴ സ്വദേശി ഡി. സുബാഷ് എന്നിവരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികളെ മാറ്റൽ പ്രക്രിയ പോലെയാണ് ഇതെന്ന് സമീപവാസികൾ പറയുന്നു. കസ്തൂരിരംഗൻ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാൻ സ്ഥലത്തെ സിപിഐ. നേതാവ് കെ.ടി. ജോസിനും ആനി രാജയ്ക്കുമൊപ്പം ഫാദർ ഡൽഹിയിൽ പോയിരുന്നു. മുകളിൽ പിടിപാടുള്ളതിനാൽ ഈ കേന്ദ്രങ്ങളെ സംശയിക്കാനോ ചോദ്യം ചെയ്യാൻ പോലുമോ പൊലീസ് തയാറാകുന്നില്ല.