- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം കോട്ടപ്പടിക്കാർ രാത്രി കഴിച്ചുകൂട്ടുന്നത് ആനപ്പേടിയിൽ; വാവേലിയിലും സമീപത്തും എട്ട് മണിയോടെ ആനയിറങ്ങി; ഫോറസ്റ്റ് വാച്ചറെ ആക്രമിച്ച ഒറ്റയാൻ എന്നും സംശയം; തുരത്താൻ വനം വകുപ്പിന് തടസ്സമാകുന്നത് വാച്ചർമാരുടെ കുറവും
കോതമംഗലം: വൈദ്യുതബന്ധം പാടെ തകരാറിൽ. തലങ്ങും വിലങ്ങും കാട്ടാനകളുടെ പരക്കം പാച്ചിൽ. ഓടിക്കാൻ ഇറങ്ങിയവർക്കാവട്ടെ എത്തും പിടിയും കിട്ടാത്ത അവസ്ഥയിലും. ഭീതിയുടെ മുൾമുനയിലാണ് കോട്ടപ്പടി നിവാസികൾ. 8 മണിയോടെ തന്നെ വാവേലിയും സമീപപ്രദേശത്തുമൊക്കെ ആനയിറങ്ങിയിരുന്നു. ഇതെത്തുടർന്ന് നാട്ടുകാർ ആനകളെ ഓടിക്കാൻ സാധാരണ എത്താറുള്ള വാച്ചർമാരെ വിളിച്ചെങ്കിലും ഡ്യൂട്ടിയിലില്ല എന്നുള്ള മറുപടിയാണ് ലഭിച്ചത്. ഡ്യൂട്ടിയിൽ ആരൊക്കെ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഇവരുടെ നീക്കവും ആരംഭത്തിൽ ഫലം കണ്ടില്ല.
നേരത്തെ ഫോറസ്റ്റ് വാച്ചറെ ആക്രമിച്ച ഒറ്റയാനാണ് ഇറങ്ങിയിട്ടുള്ളതെന്ന് പരക്കെ സംശയം ഉയർന്നത് മേഖലയിൽ ഭീതി വർദ്ധിക്കുന്നതിനും കാരണമായി. ഇതിനടിയിൽ പലസ്ഥലത്തും ഗുണ്ടുപൊട്ടിച്ച് ആനകളെ തുരത്താനും നാട്ടുകാരുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി. വെളിച്ചക്കുറവാണ് ആനകളെ തുരത്താൻ ഒത്തുകൂടിയവർ നേരിട്ട പ്രധാന പ്രശ്നം.
പ്രദേശവാസി കൂടിയായ ഫോറസ്റ്റ് വാച്ചർ ജുവൽ ജൂഡിയും ആനകളെ തുരത്തുന്നതിനുള്ള ശ്രമത്തിൽ നാട്ടുകാർക്കൊപ്പം പങ്കാളികളായി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നേരാംവണ്ണം ഇടപെടൽ ഉണ്ടാവാതിരുന്നത് നാട്ടുകാരെ രോഷാകുലരാക്കിയിട്ടുണ്ട്.ആവശ്യത്തിന് വാച്ചർമാർ ഇല്ലാത്തതിനാൽ ഉള്ളവർ തന്നെ പരമാവധി സമയം ജോലിചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഒരുപോള കണ്ണടയ്ക്കാൻ സമയമില്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലാണ് വാച്ചർമാർ. പകൽ മറ്റ് പല ജോലികളും ഉദ്യോഗസ്ഥർ ഇവരുടെ പെടലിക്ക് വയ്ക്കും. ഫലത്തിൽ ഇവർക്ക് നടുനിവർത്താൻ പറ്റാത്ത അവസ്ഥ. ഈ സ്ഥിതിയിൽ തുടർച്ചയായ ദിവസങ്ങളിൽ വാച്ചർമാർ ആനകളെ തുരത്താൻ എത്താതിരുന്നാൽ അവരെ കുറ്റംപറയാൻ പറ്റുമോ എന്നാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ ചോദ്യം.രാത്രി വൈകുന്നതോടെ കൂടുതൽ മേഖലകളിൽ ആനക്കൂട്ടം എത്തുമെന്ന ഭീതി നാട്ടുകാർക്കുണ്ട്. പലവഴിക്കായി ഫോറസ്റ്റ് വാച്ചർമാരും മറ്റും ഉൾപ്പെട്ട സക്വാഡ് റോന്തുചുറ്റുന്നുണ്ട്. ഒന്നും സംഭവിക്കാതെ ഈ രാവും പുലരണമെ എന്ന പ്രാർത്ഥനയിലാണിപ്പോൾ ഇവിടുത്തുകാർ.
മറുനാടന് മലയാളി ലേഖകന്.