കൊച്ചി: വീടുകളിൽ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവങ്ങളിൽ വനം വകുപ്പിന്റെ ഇരട്ടത്താപ്പ് പുറത്ത്. വർഷങ്ങൾക്ക് മുമ്പ് നടൻ മോഹൻലാലിന്റ വീട്ടിൽ നിന്നും കണ്ടെടുത്ത ആനക്കൊമ്പുകൾ കേസ് രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന് തന്നെ വിട്ടുനൽകി ഉദ്യോഗസ്ഥ സംഘം മടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്‌പെയർ പാർട്‌സ് വ്യാപാരി മനീഷ് ഗുപ്തയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ആനക്കൊമ്പ് കസ്റ്റഡിയിൽ എടുത്തുവെന്നു മാത്രമല്ല ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തു.

കസ്റ്റഡിയിലുള്ള ഇയാളെക്കൊണ്ട് ആനക്കൊമ്പ് ലഭിച്ചത് മുതലുള്ള സംഭവ പരമ്പരകളുടെ ഭൂതവും ഭാവിയുമൊക്കെ പറയിക്കുന്നതിനുള്ള ഭഗീരഥ പ്രയത്‌നത്തിലാണിപ്പോൾ അധികൃതർ. മോഹൽലാലിന്റെ വീട്ടിൽ നിന്നും മനീഷ്ഗുപ്തയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് നാട്ടാനയുടെ കൊമ്പുകളാണെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിലും തുടർന്നുള്ള നടപടികളിലും ബന്ധപ്പെട്ട ആധികൃതർ സാമന നടപടികൾ തന്നെയാണ് സ്വീകരിക്കേണ്ടിയിരുന്നതെന്നും അഭിപ്രായമുയരുന്നു. മനീഷ് ഗുപ്തയുടെ കാര്യത്തിൽ സൂപ്പർസ്റ്റാറിന്റെ കാര്യത്തിൽ നിന്ന് ഭിന്നമായി മറ്റൊരു നീതി നടപ്പിലാക്കിയത് എന്തുകൊണ്ടെന്ന ചോദ്യമുയരുകയാണ് ഇപ്പോൾ.

മനീഷ്ഗുപ്ത വീട്ടിലില്ലാതിരുന്ന സമയത്താണ് കൊച്ചി കടവന്ത്രയിലെ ഇയാളുടെ വീട്ടിൽ വനംവുപ്പിന്റെ വിവിധ വിഭാഗങ്ങൾ ചേർന്ന് റെയ്ഡ് നടത്തിയത്. പിന്നാലെ പിറ്റേന്ന് മനീഷ് ഗുപ്തയെ പിൻതുടർന്ന് പിടികൂടി അധികൃതർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതിയുടെ അനുമതിയോടെയാണ് ഇപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സമാന സംഭവങ്ങളിൽ രണ്ടുതരത്തിലുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.

ഇൻകംടാക്‌സ് റെയിഡിനിടെ ലാലിന്റെ കൊച്ചിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ അധികൃതർ കണ്ടെത്തുകയും വിവരം വനംവകുപ്പധികൃതർക്ക് കൈമാറുകയും ചെയ്‌തെന്നാണ് പുറത്തായ വിവരം. തുടർന്ന് വനംവകുപ്പ് അധികൃതർ വീട്ടിലെത്തി ആനക്കൊമ്പുകൾ പരിശോധിച്ച് മടങ്ങി. സംഭവത്തിൽ പിന്നീട് കേസെടുക്കുകയും ചെയ്തു.

ആനക്കൊമ്പുകൾ എങ്ങിനെ കൈവശം എത്തി എന്നത് സംബന്ധിച്ച് മോഹൻലാൽ പിന്നീട് വനംവകുപ്പ് അധിതകൃതർക്ക് വിശദമായ മൊഴി നൽകിയെന്നും ഇത് ശരിയാണെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിൽ കേസിൽ ബന്ധപ്പെട്ട അധികൃതർ തുടർനടപടികളിൽ നിന്നും പിന്മാറിയെന്നുമായിരുന്നു പരക്കെ പ്രചരിച്ച വിവരം.

എന്നാൽ ഇക്കാര്യത്തിൽ വനംവകുപ്പ് ലാലിനായി ചെയ്തുകൊടുത്ത സഹായങ്ങൾ പുറത്തറിഞ്ഞതിലും വിലപ്പെട്ടതാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആനക്കൊമ്പുകൾ വീട്ടിൽ സൂക്ഷിക്കുന്നതിന് അനുമതി തേടി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകുന്ന സത്യവാങ് മൂലത്തോടൊപ്പം കൊമ്പിന്റെ അളവും തൂക്കവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം എന്നാണ് ചട്ടം.

ഈ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണോ എന്നറിയാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ കൊമ്പുകൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും വേണം. പൊതുജനങ്ങൾക്ക് ഇത്തരത്തിൽ സത്യാവാങ്മൂലം സമർപ്പിക്കുന്നതിനായി 1972 മുതൽ വനംവകുപ്പ് പലതവണ അവസരമൊരുക്കിയിരുന്നു. എന്നാൽ അന്നൊന്നും ലാലിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ലെന്നാണ് ബന്ധപ്പെട്ട ആധികൃതർ പുറത്ത് വിട്ട വിവരം.

ആനക്കൊമ്പ് കേസ് സജീവമായതോടെ ലാലിന് സത്യവാങ് മൂലം സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനായി കഴിഞ്ഞ സർക്കാർ പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയെന്നാണ് ഉദ്യോഗസ്ഥരിൽ ഒരുവിഭാഗത്തിന്റെ ആരോപണം. ഈ അവസരം ഉപയോഗപ്പെടുത്തി ലാൽ നൽകിയ സത്യവാങ് മൂലം വനംവകുപ്പ് അംഗീകരിക്കുകയും ലാലിന് കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതി ലഭിക്കുകയായിരുന്നു എന്നുമാണ് ഏറ്റവുമൊടുവിൽ പുറത്ത് വന്ന വിവരം. ഇതോടെ ലാൽ പ്രതിയായ ആനക്കൊമ്പ് കേസ് നല്ലരീതിയിൽ പര്യവസാനിക്കുകയും ചെയ്തു.

ആനക്കൊമ്പിന് പുറമേ കൈവശത്തിലുണ്ടായിരുന്ന ഗീതോപദേശം, രാധാമാധവം, രാമലക്ഷമണന്മാർ എന്നീ ശില്പങ്ങളടക്കം ആനക്കൊമ്പിൽ തീർത്ത ഇരുപതോളം വസ്തുക്കൾ സൂക്ഷിക്കാൻ പീന്നീട് സമർപ്പിച്ച അപേക്ഷയിൽ വനംവകുപ്പ് ലാലിന് അനുമതി നൽകിയതായും അറിയുന്നു.

മനീഷ്ഗുപ്തക്ക് നീതിലഭിച്ചില്ലന്നുള്ള കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നേരത്തെ ലാലിനെതിരെ ആനക്കൊമ്പ് കേസിൽ നിയമ നടപടികളുമായി രംഗത്തുണ്ടായിരുന്നവർ വീണ്ടും കോടതിയെ സമീപിക്കുന്നതിന് നീക്കം നടത്തുന്നതായുള്ള സൂചനകളും ലഭിക്കുന്നുണ്ട്.