- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിരാത്രിയിൽ കലിതുള്ളിയെത്തിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നു മുൻ പഞ്ചായത്തംഗവും ഭാര്യയും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്; രക്ഷപെട്ടോടി ഒടുവിൽ മടങ്ങിയെത്തിയപ്പോൾ താമസിച്ചിരുന്ന കുടിൽ നാമാവശേഷം: കൊലകൊമ്പന്മാരെ ഭയന്ന് ഒരു നാട് കഴിയുന്നതിങ്ങനെ
കോതമംഗലം: കലിതുള്ളിയെത്തിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ആശ്വാസത്തിലാണ് മുൻ പഞ്ചായത്തംഗം രാജു രാമനും ഭാര്യ സീതയും. ഒരുരാത്രി മുഴുവൻ തന്നെയും കുടുംബത്തെയും ഭയാശങ്കകളുടെ മുൾമുനയിൽ നിർത്തിയ സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ രാജുവിന്റെ മുഖത്ത് ഭയപ്പാട് വിട്ടൊഴിഞ്ഞിരുന്നില്ല. "രാത്രി അയൽവാസിയുടെ പുരയിടത്തിൽനിന്നും ഒച്ചപ്പാട് കേട്ടാണ് ഉണർന്നത്. കുടിലിനു പുറത്തുവന്നപ്പോഴേക്കും ആനക്കൂട്ടം തൊട്ടുമുന്നിലെത്തിയിരുന്നു. ഉടൻ വീടിനുള്ളിലേക്ക് കടന്ന് സീതയെയും കൂട്ടി നിമിഷങ്ങൾക്കുള്ളിൽ പിൻവശം വഴി പുറത്തുകടന്നു. ഇരുട്ടായിരുന്നതിനാൽ എങ്ങോട്ടെന്നില്ലാതെ ഓടി. നേരം പുലരും വരെ ഈ പരക്കംപാച്ചിലായിരുന്നു. പുലർച്ചെ വീടിരുന്നിടത്തു ചെന്നുനോക്കിയപ്പോൾ നെഞ്ചുകിടുങ്ങി. വീട് അപ്പാടെ തകർത്ത നിലയിലായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്നെങ്കിൽ ആനയുടെ ആക്രമണത്തിൽ ഞങ്ങൾ രണ്ടുപേരും തീർന്നേനെ..." പറഞ്ഞു നിർത്തുമ്പോൾ രാജുവിന്റെ വാക്കുകളിലെ വിറയൽ വിട്ടുമാറിയിരുന്നില്ല. ഇവർ താമസിച്ചിരുന്ന കുടിൽ
കോതമംഗലം: കലിതുള്ളിയെത്തിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ആശ്വാസത്തിലാണ് മുൻ പഞ്ചായത്തംഗം രാജു രാമനും ഭാര്യ സീതയും.
ഒരുരാത്രി മുഴുവൻ തന്നെയും കുടുംബത്തെയും ഭയാശങ്കകളുടെ മുൾമുനയിൽ നിർത്തിയ സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ രാജുവിന്റെ മുഖത്ത് ഭയപ്പാട് വിട്ടൊഴിഞ്ഞിരുന്നില്ല.
"രാത്രി അയൽവാസിയുടെ പുരയിടത്തിൽനിന്നും ഒച്ചപ്പാട് കേട്ടാണ് ഉണർന്നത്. കുടിലിനു പുറത്തുവന്നപ്പോഴേക്കും ആനക്കൂട്ടം തൊട്ടുമുന്നിലെത്തിയിരുന്നു. ഉടൻ വീടിനുള്ളിലേക്ക് കടന്ന് സീതയെയും കൂട്ടി നിമിഷങ്ങൾക്കുള്ളിൽ പിൻവശം വഴി പുറത്തുകടന്നു. ഇരുട്ടായിരുന്നതിനാൽ എങ്ങോട്ടെന്നില്ലാതെ ഓടി. നേരം പുലരും വരെ ഈ പരക്കംപാച്ചിലായിരുന്നു. പുലർച്ചെ വീടിരുന്നിടത്തു ചെന്നുനോക്കിയപ്പോൾ നെഞ്ചുകിടുങ്ങി. വീട് അപ്പാടെ തകർത്ത നിലയിലായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്നെങ്കിൽ ആനയുടെ ആക്രമണത്തിൽ ഞങ്ങൾ രണ്ടുപേരും തീർന്നേനെ..." പറഞ്ഞു നിർത്തുമ്പോൾ രാജുവിന്റെ വാക്കുകളിലെ വിറയൽ വിട്ടുമാറിയിരുന്നില്ല.
ഇവർ താമസിച്ചിരുന്ന കുടിൽ കാട്ടാനക്കൂട്ടം അപ്പാടെ തകർത്ത് നാമാവശേഷമാക്കിയ നിലയിലാണ്. ഓട്ടത്തിനിടയിൽ വീണ് പരിക്കേറ്റ രാജുവിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മക്കളെ പഠനാർത്ഥം സ്‌കൂൾ ഹോസ്റ്റലിൽ ആക്കിയിരുന്നതിനാൽ മാത്രമാണ് ജീവൻ രക്ഷിക്കാനായതെന്നും ജീവൻ പണയപ്പെടുത്തിയാണ് താനുൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോൾ രാപകലുകൾ തള്ളി നീക്കുന്നതെന്നും രാജു വ്യക്തമാക്കി.
ആനക്കൂട്ടങ്ങൾ കാടിന്റെ മക്കളിൽ ഭീതി വിതച്ചിട്ട് വർഷങ്ങളായി. പാഠം ചൊല്ലിക്കൊടുത്തിരുന്ന അംഗൻവാടി ടീച്ചറെയും സഹവാസിയെയും കാലപുരിക്കയച്ച സഹ്യന്റെ മക്കൾ കുലം മുടിക്കാനൊരുമ്പെട്ടിറങ്ങിയിരിക്കുകയാണെന്നാണ് കുട്ടംപുഴ, പൂയംകൂട്ടി, താളും കണ്ടം മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ പരിദേവനം.
കുഞ്ചിപ്പാറ ബദൽ സ്‌കൂൾ അദ്ധ്യാപികയായിരുന്ന കുട്ടംപുഴ സ്വദേശിനി ലിസ്സിയെ കാട്ടുകൊമ്പൻ കുത്തികൊലപ്പടുത്തുകയായിരുന്നു.രാവിലെ കോളനിയിലെ ഏതാനും സ്ത്രീകൾക്കൊപ്പം കാട്ടുപാതയിലൂടെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന ലിസ്സിയെ പാതവക്കിലെ ഈറ്റചോലയിൽ മറഞ്ഞുനിന്നിരുന്ന ഒറ്റയാൻ കൊലവിളിയുമായെത്തി കുത്തിവീഴ്‌ത്തുകയായിരുന്നു.അരിശം തീരാഞ്ഞ് കൊമ്പൻ ലിസ്സിയുടെ ശരീരം തുമ്പിക്കൈയിലെടുത്ത് ചുഴറ്റിയെറിയുകയും ചെയ്തു. ഏറെ നേരത്തിന് ശേഷം ഓടി രക്ഷപെട്ട സ്ത്രീകൾ കോളനിയിലെത്തി വിവരമറിയിച്ചതിനെത്തുടർന്ന് കോളനിവാസികൾ കൂട്ടമായെത്തി ആനയെ വിരട്ടിയോടിച്ച ശേഷമാണ് മൃതദേഹം നീക്കിയത്.
ഇടമലയാർ ചക്കിമേടിനടുത്ത് താസിച്ചിരുന്ന 33-ാരനായ ജയനെ വെളുപ്പിന് മൂന്നു മണിയോടെ വീടിനു പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മുതുകിൽ കുത്തേറ്റ ഇയാൾ തൽക്ഷണം മരണമടഞ്ഞു. ശബ്ദം കേട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങിയ കുടുംബാംഗങ്ങൾ അപകടസ്ഥിതി മനസ്സിലാക്കി, ആന ജയന്റെ ജഡം ഉപേക്ഷിച്ച് പോകുംവരെ കണ്ണുനീരോടെ കുടിലിനുള്ളിൽ കഴിച്ചുകൂട്ടുകയായിരുന്നു.
ആനശല്യം മൂലം കേരള-തമിഴ്‌നാട് അതിർത്തിയോടടുത്ത് സ്ഥിതി ചെയ്യുന്ന വാരിയം ആദിവാസി കോളനിയിലെ ഒട്ടുമുക്കാൽ കുടുംബങ്ങളും സ്ഥലം വിട്ടു. വച്ചുപിടിപ്പിച്ച ദേഹണ്ഡങ്ങളും കൃഷിഭൂമിയും വിട്ടുപോകാൻ മടിയുള്ള ചുരുക്കം കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ഇവിടെ താമസിക്കുന്നുള്ളു. ആനശല്യം കൂടിവരുന്ന സാഹചര്യത്തിൽ ഇവരും മലയിറങ്ങുന്നതിനുള്ള പുറപ്പാടിലാണെന്നാണ് ലഭ്യമായ വിവരം. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സമൂഹം മുറവിളി കൂട്ടിത്തുടങ്ങിയിട്ട് വർഷങ്ങളായി. താമസകേന്ദ്രങ്ങൾക്കു ചുറ്റും ഇലക്ട്രിക് ഫെൻസിങ് സ്ഥാപിച്ചാൽ മാത്രമേ വനമേഖലയിൽ തങ്ങൾക്ക് സ്വസ്ഥമായി അന്തിയുറങ്ങാൻ കഴിയുവെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് ഇക്കൂട്ടരുടെ മുഖ്യആവശ്യം.