ചെങ്ങന്നൂർ: വിവാഹത്തട്ടിപ്പ് അടക്കമുള്ള കേസുകളിൽ പ്രതിയായ ഒരു യുവാവ് എറണാകുളം റേഞ്ച് ഐജിക്ക് അയച്ച ഒരു കത്ത് കൗതുകമാകുന്നു. താൻ സുന്ദരനും സുമുഖനും ആരെയും ആകർഷിക്കാൻ പോകുന്ന വ്യക്തിത്വമാണെന്നും പൊലീസ് കണ്ടെത്തിയെന്നും അത് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ഒരു സമ്മാനം കൊടുക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.

എറണാകുളം തുരുത്തി മണിയേലി വീട്ടിൽ എംവി ഏലിയാസ് ആണ് എറണാകുളം റേഞ്ച് ഐജി, റേഞ്ചിലെ എല്ലാ എസ്‌പിമാർ, 14 ജില്ലകളിലെയും പൊലീസ് മേധാവിമാർ എന്നിവർക്ക് കത്ത് അയച്ചിരിക്കുന്നത്. എന്റെ പിതാവോ എന്നെ പ്രസവിച്ച മാതാവോ, എന്റെ ബന്ധുക്കളോ, സുഹൃത്തുക്കളോ, മറ്റാരും തന്നെ ഞാൻ സുന്ദരനും സുമുഖനുമാണെന്ന് നാളിതു വരെ പറഞ്ഞിട്ടില്ല. ആദ്യമായിട്ട് ഇങ്ങനെ പറയുന്നത് കേരളാ പൊലീസാണ്. ഇങ്ങനെ പറഞ്ഞതിന് പൊലീസിനോട്അതിയായ നന്ദി രേഖപ്പെടുത്തുന്നു. ഇക്കാരണം കൊണ്ട് തന്നെ ഞാൻ സുന്ദരനാണ്, സുമുഖനാണ് എന്നുള്ള റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥന് ഒരു സമ്മാനം കൊടുക്കാൻ അനുവാദം തരണമെന്നും അപേക്ഷിക്കുന്നുവെന്നും കത്തിലുണ്ട്.

വിവാഹത്തട്ടിപ്പു കേസിൽ ഏറ്റവും ഒടുവിലായി ഏലിയാസ് അകത്തായത് ചെങ്ങന്നൂരിൽ വച്ചാണ്. പത്രപ്പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണയവും തട്ടിയ കേസിലായിരുന്നു ആറുവർഷം മുൻപ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിന് മുൻപും സമാന കേസിൽ ഇയാൾ അറസ്റ്റിലായത് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആകർഷകമായ വേഷവിധാനത്തിലൂടെയും പെരുമാറ്റത്തിലൂടെയുമാണ് ഇയാൾ ജനങ്ങളെ ആകർഷിച്ചത്. കോട്ടയത്ത് നിന്നിറങ്ങുന്ന ഒരു പത്രത്തിന്റെ മുതലാളിമാരെയും ഇയാൾ പറ്റിച്ചിരുന്നു. താൻ അതിസമ്പന്നനും വിദ്യാ സമ്പന്നനുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ പത്രത്തിന്റെ സർക്കുലേഷൻ മാനേജർ ആകാൻ ശ്രമം നടത്തി.

ഫീൽഡ് ഓർഗനൈസറായി ചെങ്ങന്നൂരിൽ ജോലി ചെയ്തിരുന്ന ഏലിയാസ് തന്റെ വാക്ചാതുരി കൊണ്ട് പത്രമുതലാളിമാരെ വശത്താക്കുകയായിരുന്നു. താൻ വിചാരിച്ചാൽ കോടികൾ വായ്പ ലഭിക്കുമെന്നും അവരെ വിശ്വസിപ്പിച്ചു. ഓരോ ദിവസവും ഓരോ കാറിൽ പത്രം ഓഫീസിലേക്ക് കടന്നു ചെന്ന ഏലിയാസിനെ കണ്ടത് മുതലാളിമാരുടെയും മറ്റു തൊഴിലാളികളുടെയും കണ്ണു തള്ളി. പത്രത്തിന്റെ പേരിൽ ചെങ്ങന്നൂരിൽ ഒരു അടിത്തറ ഉണ്ടാക്കിയ ശേഷം വലിയ ഒരു പരസ്യ കമ്പനി തുടങ്ങുകയാണ് ഏലിയാസ് ചെയ്തത്. എല്ലാ പത്രങ്ങൾക്കും ലക്ഷങ്ങളുടെ പരസ്യവും നൽകി. എന്നാൽ, പണം കൊടുത്തിട്ടില്ല. ഇതിനിടെയാണ് മൂവാറ്റുപുഴ സ്വദേശിനി വിവാഹവാഗ്ദാനം ചെയ്ത് തന്റെ കൈയിൽ നിന്നും ഏലിയാസ് പണവും സ്വർണവും തട്ടിയെന്ന് കാണിച്ച് പരാതി നൽകിയത്.

മാത്രവുമല്ല, ഇവർ ചെങ്ങന്നൂരിലെത്തി ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. അതുവരെ ഒപ്പം നിന്ന പത്രങ്ങൾ രൂക്ഷമായി ഇയാൾക്കെതിരേ വാർത്ത എഴുതാൻ തുടങ്ങി. ഇതോടെ അവർക്ക് കൊടുക്കാനുള്ള പണം നൽകി തലയൂരുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിവരാവകാശ പ്രവർത്തകനായിട്ട് കഴിയുകയാണ്. ഇതിനിടെയാണ് 2014 ൽ പൊലീസ് തയാറാക്കിയ റിപ്പോർട്ടിന് സമ്മാനം നൽകാൻ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.