പത്തനംതിട്ട: ഹൂതി വിമതരും ദശരാഷ്ട്ര സഖ്യവും പരസ്പരം വെട്ടിമരിക്കുന്ന യെമനിൽ അവിടെയുള്ളവർക്ക് രക്ഷപ്പെടാൻ വേണ്ടി ഇന്ത്യാക്കാരെ ഉപയോഗിച്ചു മനുഷ്യകവചമൊരുക്കുന്നു. പ്രവാസികളെ ഇരുകൂട്ടരും ആക്രമിക്കില്ലെന്ന വിശ്വാസത്തിൽ അവരെ മുൻനിർത്തിയുള്ള മരണക്കളിയാണ് യെമനികൾ കളിക്കുന്നത്. ദൗർഭാഗ്യമെന്നല്ലാതെ എന്തു പറയാൻ! അവർ മനുഷ്യമറയാക്കിയിരിക്കുന്നത് നമ്മുടെ സ്വന്തം സഹോദരിമാരെയാണ്. സനയിലെ അൽസൗദ മോഡേൺ ജനറൽ ആശുപത്രിയിലെ നഴ്‌സായ ചുരുളിക്കോട് വാളുവെട്ടുംപാറ പടിഞ്ഞാറെമുറിയിൽ എലിസബത്ത് ജോൺസൻ ഇന്നലെ രാത്രി വീട്ടിലേക്ക് വിളിച്ച് മാതാവ് അബിജെയിനിയോട് പറഞ്ഞ ഞെട്ടിക്കുന്ന കഥയാണിത്.

ചുറ്റും ബോംബും ഷെല്ലും പതിക്കുന്ന, പരസ്പരം വെടിവച്ച് മരിക്കുന്നവർക്കിടയിൽ ജീവനും കൈയിൽപ്പിടിച്ച് ഉറങ്ങാതെ കാത്തിരിക്കുകയാണ് ഇന്ത്യക്കാരെന്ന് എലിസബത്ത് പറയുന്നു: 'ഞങ്ങളെ ഇവിടെനിന്നു വിടില്ല. ഞങ്ങൾ പോയാൽ ആശുപത്രിയും ആക്രമിക്കപ്പെട്ടേക്കാം. പ്രവാസികളെ മറയാക്കി അവർ ആശുപത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾ ജീവനോടെ തിരിച്ചെത്താൻ നിങ്ങൾ പ്രാർത്ഥിക്കുക.' വീട്ടിലേക്ക് വിളിച്ച എലിസബത്തിന്റെ സ്വരത്തിൽ വിതുമ്പലായിരുന്നു. പിതാവ് ജോൺസനും സഹോദരൻ എബനേസറും നിറഞ്ഞ കണ്ണുകളുമായി കാത്തിരിക്കുകയായിരുന്നു എലിസബത്തിനെ.

സനായിൽനിന്ന് ഇന്നു നാട്ടിലെത്താമെന്ന് കരുതിയിരിക്കുകയായിരുന്നു എലിസബത്തും ഇന്ത്യയിൽനിന്നുള്ള മറ്റ് 600 നഴ്‌സുമാരും. ഇന്നലെ രാവിലെ സന എയർപോർട്ടിൽ നിന്ന് പ്രത്യേക വിമാനത്തിൽ ദുബായ് വഴി ഇവരെയെല്ലാം നാട്ടിലേക്ക് വിടുമെന്നും സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് തയാറായി ഇരുന്നുകൊള്ളാനും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതിൻപ്രകാരം എല്ലാവരും തയാറായി ഇരുന്നപ്പോഴാണ് തങ്ങളെ ഇപ്പോൾ വിടുന്നില്ലെന്ന് അറിയിപ്പു വന്നതെന്ന് എലിസബത്ത് അമ്മയോട് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് എലിസബത്ത് അവസാനമായി മാതാവിനെ വിളിച്ചത്.

പ്രവാസികൾ ജോലി ചെയ്യുന്നതു കൊണ്ടാണ് തങ്ങളെ ആക്രമിക്കാത്തതെന്നും അവർ പോയിക്കഴിഞ്ഞാൽ ആശുപത്രി തകർക്കപ്പെടുമെന്നും അധികൃതർ ഭയക്കുന്നുണ്ട്. അതുകൊണ്ട് തൽക്കാലം ആരെയും വിട്ടയക്കേണ്ട എന്നാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ആശുപത്രിക്കു ചുറ്റും പോരാട്ടം കനക്കുകയാണെന്ന് എലിസബത്ത് മാതാവിനോട് പറഞ്ഞു. ബോംബും ഷെല്ലും വീണുപൊട്ടുന്നതും പരസ്പരം വെടിയുതിർക്കുന്നതും ആശുപത്രിയിൽ നിന്നാൽ കാണാം. രോഗികളെ ഇപ്പോഴും ആശുപത്രിയിൽ ചികിൽസിക്കുന്നുണ്ട്. എന്നാൽ, വൈദ്യുതി ബന്ധം വിച്‌ഛേദിച്ചിരിക്കുകയാണ്. ലൈറ്റുകൾ ഒന്നും ഇടുന്നില്ല. വെളിച്ചം കണ്ട് ആക്രമണം ഉണ്ടാകേണ്ടെന്ന് കരുതിയാണ് ആശുപത്രി അധികൃതർ ഇങ്ങനെ ഒരു മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. തങ്ങൾക്ക് ഭക്ഷണവും വെള്ളവുമെല്ലാം കൃത്യസമയത്ത് കിട്ടുന്നുണ്ടെന്നും എലിസബത്ത് പറഞ്ഞു. ഒരു മാസത്തേക്കുള്ള ഭക്ഷണം ഇവിടെ സൂക്ഷിച്ചു വച്ചിരിക്കുകയാണ്.

2013 മാർച്ച് 15 നാണ് ജനറൽ നഴ്‌സിങ് പാസായ എലിസബത്ത് യെമനിലേക്ക് പോയത്. പട്ടിണിയും പരിവട്ടവുമായ കുടുംബത്തിന്റെ ഏക അത്താണിയാണ് ഈ യുവതി. ആന്ധ്രാപ്രദേശിൽനിന്ന് നഴ്‌സിങ് കഴിഞ്ഞ് ഡൽഹിയിലും ഹൈദരാബാദിലുമുള്ള ആശുപത്രികളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തു. തിരുവല്ലയിൽ നടന്ന റിക്രൂട്ട്‌മെന്റിലൂടെയാണ് രണ്ടുവർഷം മുൻപ് യെമനിൽ എത്തിയത്. അവിടെ ചെന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം കൃത്യമായി ലഭിക്കാൻ തുടങ്ങിയതോടെ വീട് പച്ച പിടിച്ചു വരികയായിരുന്നു. ഒന്നരലക്ഷം രൂപ വായ്പയെടുത്താണ് എലിസബത്തിനെ പഠിപ്പിച്ചത്. അതിലൊരു ചില്ലി പോലും തിരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടില്ല.

പിതാവ് ജോൺസൺ കൂലിപ്പണിക്ക് പോയാണ് മകളെ പഠിപ്പിക്കാൻ അയച്ചത്. ഇന്നിപ്പോൾ ജോൺസൺ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. നഗരസഭ സൗജന്യമായി നൽകിയ സ്ഥലത്ത് ഒരു വീട് പണിതു തുടങ്ങിയപ്പോഴാണ് അശനിപാതം പോലെ യെമനിൽ യുദ്ധം തുടങ്ങിയത്. വായ്പ പലിശസഹിതം ഇപ്പോൾ വലിയ തുകയായിട്ടുണ്ടെന്ന് ജോൺസൺ പറഞ്ഞു. മകളുടെ വരുമാനം കൊണ്ടൊക്കെ വീട്ടിയെടുക്കാമെന്ന് കരുതിയിരുന്നപ്പോഴാണ് യെമനിൽനിന്ന് വെറും കൈയോടെ മടങ്ങേണ്ടി വരുന്നത്. നാലുമാസമായി ഇവർക്ക് ശമ്പളം കിട്ടുന്നില്ല.

തങ്ങളുടെ ദുരവസ്ഥ അവിടെയുള്ള മാദ്ധ്യമങ്ങളെ നഴ്‌സുമാർ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രവാസികൾക്കായി ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചെങ്കിലും അവിടെ എങ്ങനെ വിളിക്കണമെന്നൊന്നും ഈ പാവപ്പെട്ട കുടുംബത്തിന് അറിയില്ല. നഗരസഭാ കൗൺസിലർ പി.കെ. അനീഷ് ഇടപെട്ടാണ് എലിസബത്തിന്റെ ദുഃസ്ഥിതി മാദ്ധ്യമങ്ങളെ അറിയിച്ചത്. തങ്ങളുടെ മകൾ ഇനി എപ്പോൾ വരുമെന്നൊന്നും ഈ മാതാപിതാക്കൾക്ക് അറിയില്ല. അവൾ പറഞ്ഞതു പോലെ അവർ പ്രാർത്ഥിക്കുകയാണ്. മകളുടെ ജീവന് ആപത്തു വരാതിരിക്കാൻ.