തിരുവനന്തപുരം: ഷൂട്ടിങ്ങിൽ വീണ്ടും കേരളത്തിന്റെ യശസ്സുയർത്തി എലിസബത്ത് കോശി. ദേശീയ ഗെയിംസിൽ കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ചാണ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് എലിസബത്ത് സൂസൻ കോശി രണ്ടാം സ്വർണം നേടിയത്.

50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് എലിസബത്ത് സ്വർണം നേടിയത്. ഗെയിംസിൽ ഇത് എലിസബത്തിന്റെ രണ്ടാമത്തെ സ്വർണമാണ്. നേരത്തെ 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിലും താരം സ്വർണം നേടിയിരുന്നു.

ആവേശകരമായ മൽസരത്തിനൊടുവിലാണ് എലിസബത്ത് സ്വർണനേട്ടത്തിലെത്തിയത്. 445.9 പോയിന്റാണ് എലിസബത്ത് നേടിയത്. മഹാരാഷ്ട്രയുടെ വേദാംഗി വിരാഗാണ് (444.7 പോയിന്റ്) വെള്ളി നേടിയത്.

വനിതകളുടെ 50 മീറ്റർ റൈഫിൾ പ്രോൺ ഷൂട്ടിങ്ങിൽ 618.5 പോയിന്റാണ് സൂസന് ലഭിച്ചിരുന്നത്. ഷൂട്ടിങ്ങിൽ കേരളത്തിന്റെ ആദ്യ ഷൂട്ടിങ് മെഡലായിരുന്നു അത്.

കൊച്ചിയിൽ നടന്ന ലോൺബോളിൽ കേരളം വെങ്കലം നേടി. പുരുഷ വിഭാഗം ഫോർസ് വിഭാഗത്തിൽ ഡോ. ടി പി ജോസ്, ഡോ. വിനീത് കുമാർ, ആഡ്രിൻ മാത്യു ലൂവിസ്, ഗോപിനാഥപൈ എന്നിവരടങ്ങിയ ടീമാണു വെങ്കല മെഡൽ നേടിയത്. സെമിയിൽ ബംഗാളിനോടു 25-5നു തോറ്റതോടെയാണ് കേരളം വെങ്കലത്തിൽ ഒതുങ്ങിയത്.