ചെങ്ങന്നൂർ: സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിക്ക് തന്റെ ഏക സമ്പാദ്യമായ പശുക്കുട്ടിയെ നൽകി ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയാണ് പാലോറ മാത. ദേശാഭിമാനിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഒരിക്കലും ഒഴിവാക്കാനാകില്ല പാലോറ മാത എ ന്ന പേര്. ആ കർഷകസ്ത്രീ തന്റെ സമ്പാദ്യമായ പശുക്കുട്ടിയെ സംഭാവന നൽകിയാണ് പാർട്ടിയോടും പത്രത്തോടുമുള്ള അചഞ്ചലമായ കൂറ് പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ചരിത്രം വീണ്ടും ആവർത്തിക്കുന്നു. തന്റെ സമ്പാദ്യം മുഴുവൻ സിപിഐ(എം) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാന്ത്വന പരിചരണപദ്ധതിക്കു ദാനം ചെയ്തിരിക്കുകയാണ് ചെങ്ങന്നൂരിലെ എലിസബത്ത് ടീച്ചർ. കോടികൾ വിലമതിക്കുന്ന ബംഗ്ലാവും പുരയിടവുമാണ് ഈ റിട്ടയേർഡ് അദ്ധ്യാപിക സാന്ത്വന പരിചരണ പദ്ധതിക്കു ദാനം ചെയ്തത്.

ദേശാഭിമാനി ദിനപത്രമായി കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ഘട്ടത്തിലായിരുന്നു എ.കെ.ജിയുടെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിച്ചത്. ഫണ്ട് ആവേശകരമായി മുന്നേറുമ്പോഴാണ് പേരാവൂർ മുരിങ്ങോടിയിലെ പാലോറ മാത തന്റെ സമ്പാദ്യമായ പശുക്കുട്ടിയെ എ.കെ.ജിയെ ഏൽപ്പിക്കുന്നത്.

വെൺമണി സ്വദേശി എലിസബത്ത് വർഗീസ് എന്ന എലിസബത്ത് ടീച്ചർ വീടും പുരയിടവും ചെങ്ങന്നൂരിൽ സിപിഐഎമ്മിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് ദാനം ചെയ്തത്. വീടും പുരയിടവും തന്റെ കാലശേഷം ദാനം ചെയ്യുന്നതായുള്ള സമ്മതപതം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ടീച്ചർ കൈമാറുകയായിരുന്നു. ചെങ്ങന്നൂരിൽ നവകേരള മാർച്ചിനിടെ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സമ്മതപത്രം കൈമാറിയത്.

പാവപ്പെട്ടവർക്കു ഗുണകരമാകണമെന്ന ആഗ്രഹത്തോടെയാണ് വീടും പുരയിടവും ദാനം ചെയ്യുന്നതെന്ന് എലിസബത്ത് ടീച്ചർ പറയുന്നു. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ചെയർമാൻ.

കൊഴുവെള്ളൂർ സിഎംഎസ് സ്‌കൂൾ അദ്ധ്യാപികയായിരുന്നു എൺപതുകാരിയായ എലിസബത്ത്. ഭർത്താവ് വർഗീസ് ജീവിച്ചിരിപ്പില്ല. 1.8 ഏക്കറും വീടുമാണ് ദാനം ചെയ്ത്. കോടികൾ വിലമതിക്കുന്നതാണ് വീടും പുരയിടവും. സാന്ത്വനപരിചരണ രംഗത്ത് നിറസാന്നിധ്യമായ ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തന്റെ പ്രതീക്ഷകൾ കാക്കുമെന്നു തന്നെയാണു എലിസബത്ത് ടീച്ചറുടെ വിശ്വാസം.

എലിസബത്ത് ടീച്ചർ നിരാലംബർക്ക് എന്നും അഭയകേന്ദ്രമാണ്. സഹായംതേടി വീട്ടിലെത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല. ഉള്ളതിലൊരു പങ്ക് നിറഞ്ഞ മനസ്സോടെ നൽകും. ചികിത്സയ്ക്കും മറ്റും പണമില്ലാത്ത നിരവധിപേർ ടീച്ചറെ തേടിയെത്താറുണ്ട്. ചെറിയ തുക നൽകിയാണെങ്കിലും സഹായിക്കും. ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പെൻഷൻ ജീവകാരുണ്യപ്രവർത്തനത്തിനാണ് ടീച്ചർ ഉപയോഗിക്കുന്നത്.

തന്റെ കാലശേഷം വീടും പുരയിടവും ജീവകാരുണ്യപ്രവർത്തനത്തിനായി വിട്ടുനൽകണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അപ്പോഴാണ് കരുണ സാന്ത്വനപരിചരണരംഗത്ത് പ്രവർത്തിക്കുന്നതായി അറിഞ്ഞത്. മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. നല്ലരീതിയിൽ അവർ പ്രവർത്തിക്കുമെന്ന് ബോധ്യമുള്ളതിനാലാണ് വസ്തു നൽകാൻ തീരുമാനിച്ചതെന്ന് എലിസബത്ത് ടീച്ചർ പറഞ്ഞു. 1990ലാണ് ടീച്ചർ സർവീസിൽ നിന്നു വിരമിച്ചത്. ഭർത്താവ് എം വി വർഗീസ് എൽഐസി ഉദ്യോഗസ്ഥനായിരുന്നു. മക്കളില്ല.

ജീവകാരുണ്യപ്രവർത്തനത്തിന് ഇക്കാലത്ത് ഒരേക്കറിലധികം ഭൂമി വിട്ടുനൽകാൻ വലിയ മനസ്സുള്ളവർക്ക് മാത്രമെ കഴിയൂ എന്ന് പിണറായി വിജയൻ പറഞ്ഞു. ഇത്തരത്തിൽ രോഗികളെ സഹായിക്കാനെത്തുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ സ്വത്തും പണവും ഏൽപ്പിച്ചാൽ ജനങ്ങൾക്ക് പ്രയോജനകരമായ പ്രവർത്തനങ്ങളാണ് നടക്കുകയെന്നും അത് ഉചിതമായ രീതിയിൽ വിനിയോഗിക്കപ്പെടുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് എലിസബത്ത് വർഗീസിനെപ്പോലുള്ള മഹാമനസ്‌കർ ഞങ്ങളെ സഹായിക്കാൻ തയ്യാറാകുന്നത്. പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണതെന്നും പിണറായി വ്യക്തമാക്കി.

കരുണ ഗൃഹകേന്ദ്രീകൃത സാന്ത്വനപ്രവർത്തനം തുടങ്ങിയത് 2015 മെയ് ഒന്നിനാണ്. ചെങ്ങന്നൂർ താലൂക്കിലും ചെന്നിത്തല പഞ്ചായത്തിലുമായി 11 സോണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 178 വാർഡുകളിലായാണ് പ്രവർത്തനം. 1300 ഓളം രോഗികളെ പരിചരിക്കുന്നുണ്ട്. ഇവർക്ക് സൗജന്യമായി മരുന്നും മറ്റും വിതരണം ചെയ്യുന്നുണ്ട്.