- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം അത്ര ശരിയായിട്ടില്ല; വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് എടുത്ത സിനിമ ശരാശരി മാത്രം; ഹോം വർക്കില്ലാത്ത തിരക്കഥ ബാധ്യതയാവുന്നു; ക്ലീഷെ രംഗങ്ങളിലൂടെ ആസിഫലിയും രജിഷ വിജയനും; വില്ലനെ ഗംഭീരമാക്കി ഔസേപ്പച്ചൻ പക്ഷേ സംഗീതം ഗംഭീരമായിട്ടില്ല; ആശ്വാസം സിദ്ദീഖിന്റെ പ്രകടനം
പൊളിറ്റിക്കൽ സറ്റയർ എന്ന് പറയുന്ന സാധനങ്ങൾ വല്ലപ്പോഴും സംഭവിക്കുന്ന ഒരു ഇൻഡസ്ട്രിയാണ് മലയാളം. ഇവിടെ സറ്റയർ ആയിട്ടല്ല ഒരു പൊളിറ്റിക്കൽ മൂവി എന്ന രീതിയിലാണ് 'എല്ലാം ശരിയാവും' എന്ന ചിത്രം ഒരുങ്ങുന്നത്. 'വെള്ളിമൂങ്ങ'യ്ക്കു ശേഷം ചില സിനിമകൾ എടുത്ത സംവിധായകൻ ജിജു ജേക്കബ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയുമായാണ് ഇക്കറി എത്തിയിരിക്കുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് രാശിയായി മാറിയ എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ് സിനിമയുടെ പേര്. ഇടതുമുന്നണിയെ ആ സ്ലോഗൻ വിജയത്തിലെത്തിച്ചെങ്കിലും തിയേറ്ററിൽ കാര്യമായി പ്രേക്ഷകരെ എത്തിക്കാൻ ആ പേരിനു സാധിക്കുന്നില്ല. ആകെ മൊത്തം നോക്കുമ്പോൾ സിനിമയുടെ എല്ലാം അത്ര ശരിയായിട്ടുമില്ല. കണ്ടിരിക്കാവുന്ന സാധാരണ സംഭവങ്ങൾ നിറഞ്ഞ ഒരു സിനിമ എന്നതിന് അപ്പുറത്തേക്ക് വെള്ളിമൂങ്ങയെപ്പോയെ ഒരു മുഴുനീള ചിരി സമ്മാനിക്കാൻ ഈ ചിത്രത്തിന് ആവുന്നില്ല.
ഹോം വർക്കില്ലാതെ തിരക്കഥ
എംഎൽഎയാകാനും മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനുമൊക്കെ കുപ്പായം തുന്നി കാത്തിരിക്കുന്ന നേതാക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ട്. അങ്ങനെ മുഖ്യമന്ത്രിക്കുപ്പായം തുന്നിക്കൊണ്ടിരിക്കുന്ന തയ്യൽക്കാരനിൽനിന്നാണ് സിനിമ തുടങ്ങുന്നത്. (പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാത്ത, രണ്ടോ മൂന്നോ സീനിൽ വന്നുപോകുന്ന ഈ തയ്യൽക്കാരനെ അവതരിപ്പിക്കുന്നത് പ്രതിഭാധനനായ ഇന്ദ്രനൻസാണ്). ആ കുപ്പായം ഇടാൻ കാത്തിരിക്കുന്ന യു.പി.എഫ് കെ.സി. ചാക്കോ സാറിന് (സിദ്ദിഖ്) അത് ഉപകരിക്കുന്നില്ല. തെരഞ്ഞെടുപ്പു ഫലമറിഞ്ഞു, മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചു കാത്തിരുന്ന ആ രാത്രിയിലാണ് ചാക്കോസാറിന്റെ മകൾ ആൻസി (രജിഷ് വിജയൻ) എതിർ മുന്നണിയിലെ നേതാവ് വിനീതിനോടൊപ്പം ഒളിച്ചോടിപ്പോകുന്നത്. ആ സംഭവം ചാക്കോ സാറിന്റെ രാഷ്ട്രീയ ജീവിതം തന്നെ മാറ്റി മറിക്കുകയാണ്.
ആൻസിയുടെ ഒളിച്ചോട്ടം ചാക്കോ സാറിനോടുള്ള പ്രതികാരം കൂടിയാണ്. അധികാരക്കൊതി മൂത്ത ഒരു രാഷ്ട്രീയ നേതാവ് കുടുംബത്തിൽനിന്നു എത്രമാത്രം അകലെയാണ് ജീവിക്കുന്നതെന്ന് പറയാനാണ് ജിബു ജേക്കബ് ശ്രമിക്കുന്നത്. ആ ഗുണപാഠം പകർന്നു കൊടുക്കാൻ ശ്രമിക്കുമ്പോൾ സിനിമ വല്ലാതെ അരാഷ്ട്രീയമായിപ്പോകുന്നില്ലേ എന്നു പ്രേക്ഷകനു സംശയം തോന്നാം.
മധ്യകേരളത്തിലെ പ്രമുഖ നേതാവിന്റെ ഛായ തോന്നിക്കുന്ന വിധത്തിലാണ് കേരള കോൺഗ്രസ് നേതാവായ ചാക്കോസാറിനെ തിരക്കഥാകൃത്ത് അവതരിപ്പിക്കുന്നത്. തന്റെ അടുത്ത ചുവടെന്തെന്ന് ഏറ്റവും അടുത്ത അനുയായികൾക്കു പോലും ഊഹിക്കാൻ കഴിയാത്ത വിധമാണ് ചാക്കോയുടെ രീതികൾ. ഈ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദീഖിന്റെ പെർഫോമൻസാണ് ചിത്രത്തിൽ ഏറ്റവും ശരിയായത്. ക്ലൈമാക്സിലെ ചാക്കോസാറിന്റെ വിടവാങ്ങൽ പ്രസംഗം പക്ഷേ, സന്ദേശം, ആൻ മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലെ സെന്റിമെന്റൽ സീനുകളുടെ ആവർത്തനം പോലെ തോന്നി.
പഴക്കം രുചിക്കുന്ന സിനിമ
കേരളത്തെ നടുക്കിയ കെവിൻ വധമൊക്കെ ആവിഷ്കരിക്കാൻ തിരക്കഥാകൃത്ത് ശ്രമിക്കുന്നുണ്ടെങ്കിലും അത്രയ്ക്ക് അങ്ങ് ശരിയാകുന്നില്ല. യു.പി.എഫിനെ യു.ഡി.എഫിനോട് സമരസപ്പെടുത്തി ട്രോളാൻ ശ്രമിക്കുമ്പോഴും നല്ല രാഷ്ട്രീയക്കാരായി ഇടതുപക്ഷത്തെ അവതരിപ്പിക്കുന്നുണ്ട്. അപ്പോഴും കമ്യൂണിസ്റ്റ് പാർട്ടികളുടെ അപചയത്തിലേക്കു നയിക്കുന്ന നേതാക്കൾക്കുള്ള രാഷ്ട്രീയ ഉപദേശങ്ങളുണ്ട്. ഒരു സംഭവം നടന്നാൽ തൊട്ടുപിന്നാലെ അത്യഗ്രൻ ട്രോളുകൾ പിറക്കുന്ന ഇക്കാലത്ത് ഇത്തരം സിനിമകൾ എടുക്കുമ്പോൾ തിരക്കഥാകൃത്തുക്കൾ നല്ല ഹോം വർക്ക് ചെയ്യേണ്ടതുണ്ട്. അത് ചെയ്യാത്തതുകൊണ്ടാണ്, പാർട്ടി എംഎൽഎയുടെ സ്ത്രീ പീഡനം പോലുള്ള കാര്യങ്ങൾ സിനിമയിൽ കൊണ്ടുവരാനുള്ള ശ്രമം പാളിപ്പോകുന്നത്.
.5കൊല്ലം കൂടുമ്പോൾ കേരളത്തിൽ ഭരണമാറ്റം ഉണ്ടാവുക എന്നത് തകർക്കാനാവാത്ത ഒരു ആചാരമാണ് എന്ന് വിശ്വസിച്ചുവശായി തയ്യാർ ചെയ്ത സ്ക്രിപ്റ്റ് ആണ് ഈ ചിത്രത്തിന്റെത് എന്ന് തോന്നിപ്പോവും. ചുരുങ്ങിയത് മാർച്ച് മാസത്തിന് മുൻപ് റിലീസ് ചെയ്തിരുന്നു എങ്കിൽ ചുരുങ്ങിയ പക്ഷം കുറച്ച് കോൺഗ്രസ് കാർക്കെങ്കിലും രോമാഞ്ചമേകിയേനെ സിനിമ.സിനിമയെ സിനിമയായി കണ്ടാൽ പോരേ എന്ന് ചോദിച്ചാൽ, എൽഡിഎഫും യുഡിഎഫും ഇന്ത്യൻ നാഷണൽ കോൺഗ്രസും സിപിഐ എമ്മും കൊടികളും പഴയസംഭവങ്ങളും നേതാക്കളും മണ്ഡലങ്ങളും ഒക്കെ ഇച്ചിരിമാത്രം അക്ഷരവ്യത്യാസത്തിൽ സ്ക്രീനിൽ വരുമ്പോൾ ആണ് യാഥാർഥ്യം ഈ സിനിമയുടെ പിന്നണിക്കാരെ പരിഹാസ്യരാക്കുന്നത്.പറവൂർ എംഎൽഎ. വി ഒ സതീശൻ എന്ന കഥാപാത്രമായി ഇത്തിരി നേരം സ്ക്രീനിൽ വരുന്ന റിയൽ ലൈഫ് നേതാവിന് മാത്രം കോൾമയിർ കൊള്ളാനുള്ള അവസരം സിനിമ ഒരുക്കുന്നുണ്ട്..
ക്ലീഷേ പ്രണയ രംഗങ്ങൾ
സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ സന്ദേശം അടക്കമുള്ള സിനിമകളെ മറികടക്കാൻ പറ്റുന്നില്ല എന്നതാണ് എല്ലാം ശരിയാകും എന്ന സിനിമയുടെ ഏറ്റവും വലിയ പരാജയം. ഇടതു വലതു രാഷ്ട്രീയക്കാരെ ട്രോളാനുള്ള ശ്രമങ്ങൾ പലപ്പോഴും ഏശാതെ പോകുന്നു. അതുകൊണ്ടു തന്നെ ജിബു ജേക്കബിന്റെ തന്നെ വെള്ളിമൂങ്ങയിലേതു പോലെ നർമം ഈ ചിത്രത്തിൽ അത്ര ശരിയാകുന്നില്ല.
നാഴികയ്ക്ക് നാൽപ്പത് വട്ടം തന്റെ ജീവിതം മകൾക്കായി ഉഴിഞ്ഞു വെച്ചിരിക്കുകയാണെന്ന് പറയാറുള്ള ചാക്കോ യഥാർത്ഥത്തിൽ മകളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുക്കുന്നുവെന്ന വ്യാജേന സത്യത്തിൽ രാഷ്ട്രീയ ലാഭങ്ങൾക്ക് മാത്രമാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ, കാലാകാലങ്ങളായി അനുഷ്ഠിച്ചു വരുന്ന രാഷ്ട്രീയ വൈരികൾക്കല്ല ,എക്കാലവും നിലനിൽക്കുന്ന കുടുംബ ബന്ധത്തിനാണ് വിലയെന്ന് മനസ്സിലാക്കുന്ന ചാക്കോയിലെ മാറ്റങ്ങളാണ് കഥയെ മറുകരയ്ക്ക് എത്തിക്കുന്നത്.
കുടുംബത്തിന്റെ താളം നിലനിർത്തണമെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നു പറയാൻ ശ്രമിക്കുന്നത് ഈ സിനിമയുടെ പൊളിറ്റിക്കൽ കറക്ടനസ്സിനെ ബാധിക്കുന്നുണ്ട്. സച്ചിൻ 41-ാം വയസ്സിൽ വിരമിച്ചു. ഉസൈൻ ബോൾട്ട് 31-ാം വയസ്സിൽ വിരമിച്ചു. രാഷ്ട്രീയക്കാരൻ 70 വയസ്സിലെങ്കിലും വിരമിക്കേണ്ട എന്ന സന്ദേശം ഈ ചിത്രം ഉയർത്തുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ആസിഫ് അലിയും രജിഷയും ഒന്നിക്കുന്ന ചിത്രമാണ്.
പക്ഷേ, ആൻസിയുടേയും വിനീതിന്റെയും പ്രണയ രംഗങ്ങൾ പലപ്പോഴും വല്ലാതെ പൈങ്കിളിയായിപ്പോയി. ക്ലീഷേ സീനുകളും ഡയലോഗുകളും തിരക്കഥാകൃത്തിന്റെ വലിയ പാളിച്ചയായി അനുഭവപ്പെടും. ഭർത്താവു കൂട്ടിക്കൊണ്ടു വരാൻ വൈകുമ്പോൾ വാശി പിടിച്ച് ഒന്നൊന്നര മണിക്കൂർ മഴയത്തു കുത്തിയിരിക്കുന്ന കോളോജ് അദ്ധ്യാപികയായ ഭാര്യയെ ഏതു കാലത്തു നിന്നാകും തിരക്കഥാകൃത്ത് കണ്ടെത്തിയിട്ടുണ്ടാകുക! കോളേജ് അദ്ധ്യാപിമാകർക്കൊക്കെ മാനക്കേടായിപ്പോയി ആ സീൻ.
സ്റ്റീഫൻ എന്ന വില്ലൻ കഥാപാത്രത്തെ നമ്മൂടെ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഗംഭീരമാക്കാൻ ശ്രമിച്ചെങ്കിലും പശ്ചാത്തല സംഗീതം പലപ്പോഴും അത്രയും ഗംഭീരമായില്ല.
വാൽക്കഷ്ണം: ഒരു ചക്കവീണ് മുയലുചത്തുവെന്ന് കരുതി എപ്പോഴും ആ പരിപാടി നടപ്പില്ലെന്ന് ഈ അനുഭവം ജിബു ജേക്കബിനെ ഓർമ്മിപ്പിക്കുന്നു. വെള്ളിമൂങ്ങയുടെ വിജയം ആ പടത്തിന്റെ ക്വാളിറ്റി കൊണ്ട് ഉണ്ടായതാണ്. എന്നുവെച്ച് ഇടക്കിടെ പൊളിറ്റിക്കൽ കഥകൾ ഉണ്ടാക്കിയാൽ അത് ക്ലിക്ക് ആവണമെന്ന് യാതൊരു നിബന്ധവുമില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ