മൂന്നാർ: തണുപ്പത്തും ദേഹത്ത് ചൂട് അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ടും ആരും ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. പോസ്റ്റുമോർട്ടം നടത്തണമെന്ന് പറഞ്ഞപ്പോൾ ഇരുപതിനായിരം മുതൽ എഴുപതിനായിരം വരെ ചെലവാകുമെന്ന് പറഞ്ഞ് പിൻതിരിപ്പിച്ചു. പിന്നെ വിറകെടുത്ത് ശരീരം കത്തിച്ച് കളയാനും ശ്രമിച്ചു.ഏറെ നിർബന്ധിച്ചിട്ടാണ് അവർ കുഴിച്ചിടാൻ സമ്മതിച്ചത്. ആരോ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.അവരുടെ ലക്ഷ്യം പുറത്തുകൊണ്ടുവരണം.. എന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയതാ.. അവരെ വെറുതെ വിടരുത്..

ഭർത്താവ് ഗണേശിന്റെ മരണം സംബന്ധിച്ച അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ ഹൃദയം വിങ്ങും വേദനയോടെ തോട്ടം തൊഴിലാളിയായ ഭാര്യ ഹേമലതയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ: മൂന്നാർ സി.ഐ സാംജോസ് ,എസ്.ഐ ലൈജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് മുമ്പാകെയാണ് ഹേമലത ഭർത്താവിന്റെ മരണം സംമ്പന്ധിച്ച് ഇനിയും ഉത്തരം കിട്ടാത്ത തന്റെ മനസ്സിലെ സംശയങ്ങൾ വ്യക്തമാക്കിയത്. ഉദ്യഗസ്ഥ സംഘം സംഭവസ്ഥലം പരിശോധിച്ച് തെളിവെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഗണേശിന്റെ മൃതദ്ദേഹം കുഴിമാന്തിയെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുമെന്ന് മൂന്നാർ സി ഐ സാംജോസ് മറുനാടനോട് വ്യക്തമാക്കി.

2016ഡിസംബർ ആറാം തിയതിയാണ് ഗണേശനെ മൂന്നാർ എല്ലപ്പെട്ടി ഫാക്ടറിക്ക് സമീപത്തെ പുൽമേട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.വീട്ടിൽ നിന്നും രാത്രി 9 മണിയോടെ ഫാക്ടറിയിൽ ജോലിക്കുപോയ ഗണേശൻ പതിനൊന്നുമണിയോടെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയിരുന്നതായി കമ്പനി ജീവനക്കാർ പറയുന്നുണ്ടെങ്കിലും പുലർച്ചെ 3 മണിയോടെയാണ് ഭാര്യ ഹേമലത ഇതറിയുന്നത്.

അയൽവാസി ഭർത്താവിന് സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കമ്പിനിയിലെത്തിയ താൻ ഭർത്താവ് പുൽമേട്ടിൽ കിടക്കുന്നതാണ് കണ്ടതെന്നും കനത്ത തണുപ്പിനിടയിലും ഭർത്താവിന്റ് ദേഹത്ത് ചൂടുള്ളതായി കണ്ടെത്തിയെന്നും ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കൂട്ടാക്കിയില്ലെന്നുമാണ് ഹേമലതയുടെ ആരോപണം.

തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞ് ഗണേശിനെ എസ്റ്റേറ്റിലെ കമ്പനി ആശുപത്രിലെത്തിച്ച് പരിശോധനകൾ നടത്തിയപ്പോൾ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചെന്നും മ്യതദേഹം പോസ്റ്റുമോട്ടം നടത്താൻ ആവശ്യപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്നവർ 20000 മുതൽ 70000 രൂപവരെ ചെലവാകുമെന്ന് പറഞ്ഞ് തന്നെ പിൻതിരിപ്പിക്കുകയായിരുന്നെന്നും ഇക്കാര്യത്തിൽ സംശയം തോന്നിയതിനാലാണ് പരാതി നൽകാൻ തയ്യാറായതെന്നും ഹേമലത പൊലീസിന് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പ് ഹേമലത നൽകിയ പരാതിയിലാണിപ്പോൾ മൂന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.