ലോസ് ഏഞ്ചൽസ്: ട്വിറ്റർ സ്വന്തമാക്കാനുള്ള 44 ബില്യൺ ഡോളറിന്റെ ഇടപാടിൽ നിന്നും എലൺ മസ്‌ക് പുറകോട്ട് പോയേക്കുമെന്ന വാർത്ത ട്വീറ്റർ വൃത്തങ്ങളെ ആകെ പരിഭ്രാന്തിയിൽ ആക്കിയിരിക്കുകയാണ്. ട്വിറ്ററിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു എന്നു മാത്രമല്ല ട്വീറ്റർ ഉപയോക്താക്കളും മസ്‌കിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. പുറത്ത് പരിഭ്രാന്തി നിറയുമ്പോഴും എലൺ മസ്‌ക് തന്റേതായ രീതിയിൽ ശാന്തനായി മുൻപോട്ട് പോവുകയാണ്. ഇക്കാര്യത്തെ കുറിച്ച് തീർത്തും മൗനം പാലിക്കുന്ന മസ്‌ക് അടുത്തിടെ തന്റെ ട്വീറ്റിലെല്ലാം നിറയ്ക്കുന്നത് കൂടുതലും വ്യക്തിപരമായ കാര്യങ്ങളാണ്.

തനിക്ക് പ്രിയപ്പെട്ട കുതിരപ്പന്തയത്തേയും, ജനസംഖ്യാ നിർക്ക് കുറഞ്ഞു വരുന്നതിനെ കുറിച്ചുമെല്ലാം ആണ് ഈയിടെയായി മസ്‌ക് വാചാലനാകുന്നത്. ജനന നിരക്ക് വല്ലാതെ കുറഞ്ഞ് വരുന്നത് മനുഷ്യകുലത്തിന് വംശനാശം സംഭവിക്കാൻ ഇടവരുത്തുമെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ ഫോളോവേഴ്‌സിന് മുന്നറിയിപ്പ് നൽകുന്നു. എല്ലാവരും വലിയ കുടുംബങ്ങൾ ഉണ്ടാക്കണമെന്നും, കൂടുതൽ കുട്ടികൾ ഉള്ളവരെ അഭിനന്ദിക്കണമെന്നും മസ്‌ക് ആവശ്യപ്പെടുന്നു. താൻ വെറുതെ ഉപദേശിക്കുക മാത്രമല്ലെന്നും, പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയ വ്യക്തിയാണെന്നും മസ്‌ക് സൂചിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ നവംബറിൽ തന്റെ കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥയിൽ മസ്‌കിന് ഇരട്ടക്കുട്ടികൾ ജനിച്ചതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. അതിനു തൊട്ടു മുൻപായിരുന്നു. തന്റെ കാമുകിയിൽ വാടകയ്ക്ക് എടുത്ത ഗർഭ പാത്രം വഴി മറ്റൊരു കുഞ്ഞിന് ജന്മം നൽകിയത്. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ മസ്‌ക് പുറകിലാണെന്ന് ആരും പരാതിപ്പെടുകയില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ട്വീറ്റുകളിൽ കാപട്യം ആരോപിക്കാനും ആവില്ല. കുറഞ്ഞത് പത്ത് കുട്ടികളുടെയെങ്കിലും പിതാവാണ് താനെന്നാണ് മസ്‌ക് ഊറ്റം കൊള്ളുന്നതും.

ഇത്തരത്തിൽ ആളുകൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയില്ലെങ്കിൽ മാനവകുലത്തിന്റെ നിലനിൽപ് തന്നെ ആപത്തിലാവും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതാണോ ഇത്രയധികം കുട്ടികൾക്ക് പിതാവാകാൻ കാരണം എന്ന ചോദ്യത്തിന് ഞാൻ നല്ലൊരു മാതൃക ഈ ലോകത്തിനായി കാഴ്‌ച്ച വയ്ക്കുകയായിരുന്നു എന്നായിരുന്നു മസ്‌കിന്റെ മറുപടി. താൻ എന്ത് പറയുന്നുവോ അത് പ്രവർത്തിയിലും കാണിക്കണമെന്ന് നിർബന്ധമുള്ള വ്യകതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ മൂന്ന് വിവാഹങ്ങളും അത്രതന്നെ വിവാഹ മോചനങ്ങളും കഴിഞ്ഞ എലൺ മസ്‌ക്, കനേഡിയൻ ഗായിക ഗ്രിംസുമായുള്ള പ്രണയബന്ധം തുടരുന്നതിനിടയിൽ തന്നെയയിരുന്നു തന്റെ സ്വന്തം കമ്പനിയായ ന്യൂറാലിങ്ക്‌സിലെ ഓപ്പറേഷൻസ് ഡയറക്ടറായ ഷിവോൺ സിലിസിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. കനേഡിയൻ ഗായികയിലും മസ്‌കിന് രണ്ടു കുട്ടികളുണ്ട്. മസ്‌കിന്റെ ആദ്യ ഭാര്യയിലെ പുത്രൻ ഈയിടെ തന്റെ ലിംഗമാറ്റത്തിനും, പേര് മാറ്റത്തിനും അനുമതി തേടി കോടതിയെ സമീപിച്ചതും വലിയ വാർത്തയായിരുന്നു.