ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ എലൺ മസ്‌ക് തന്റെ മുൻപിൽ തുണിയഴിച്ച് നഗ്‌നത പ്രദർശിപ്പിക്കുകയും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും ചെയ്തു എന്ന പരാതി ഒതുക്കി തീർക്കാൻ സ്പേസ് എക്സ് 2,50,000 ഡോളർ നൽകിയതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. കമ്പനിയുടെ ഫ്ളൈറ്റ് അറ്റൻഡുകളിൽ ഒരാളാണ് പരാതിയുമായി എത്തിയത്. അതിനു പുറമെ എലൺ മസ്‌ക് ആ യുവതിയുടെ കാലുകളിൽ തടവുകയും ചെയ്തു എന്നും റിപ്പോർട്ട് പുറത്തുവിട്ട ബിസിനസ്സ് ഇൻസൈഡർ പറയുന്നു.

2016-ൽ നടന്ന ഈ സംഭവത്തെ കുറിച്ചുള്ള യുവതി ഒപ്പിട്ട പരാതിയും അനുബന്ധ രേഖകളും യുവതിയുടെ ഒരു സുഹൃത്താണ് തങ്ങൾക്ക് കൈമാറിയതെന്നും ബിസിനസ്സ് ഇൻസൈഡർ അവകാശപ്പെടുന്നു. താൻ ലൈംഗിക പീഡനത്തിനു തുനിഞ്ഞു എന്നാണെങ്കിൽ, തന്റെ 30 വർഷത്തെ ബിസിനസ്സ് ജീവിതത്തിലെ ആദ്യ സംഭവമായിരിക്കില്ല ഇതെന്നായിരുന്നു എലൺ മസ്‌കിന്റെ വാർത്തയോടുള്ള പ്രതികരണം. ഇതിനോടനുബന്ധിച്ച് കഥകൾ ഇനിയുമുണ്ടെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു ആരോപണം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016 അവസാനത്തോടു കൂടിയാണ് സംഭവം നടന്നതെന്നും, ഫ്ളൈറ്റ് അറ്റൻഡന്റിനോട് മസ്‌ക് തന്റെ മുടിയിൽ ഒരു ഫുൾ ബോഡി മസാജിനായി എത്താൻ അഭ്യർത്ഥിച്ചു എന്നുമാണ് അവരുടെ സുഹൃത്ത് പറഞ്ഞത്. മുറിയിലെത്തിയ യുവതി കണ്ടത് അരയ്ക്ക് താഴെ ഒരു ചെറിയ ടവൽ മാത്രം ചുറ്റിയിരിക്കുന്ന മസ്‌കിനെയാണെന്നും സുഹൃത്ത് പറയുന്നു. പരാതിക്കാരിയായ യുവതിയെ മസ്‌ക് സ്പർശിക്കുകയും തന്റെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തെന്നും സുഹൃത്ത് പറഞ്ഞു.

കൂടുതൽ കാര്യങ്ങൾ ചെയ്തുകൊടുത്താൽ കുതിരസവാരിയിൽ കമ്പമുള്ള യുവതിക്ക് ഒരു കുതിരയെ വാങ്ങി നൽകാമെന്ന് മസ്‌ക് പറയുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. വാഗ്ദാനം നിരസിച്ച യുവതി മസാജ് ചെയ്തു കൊടുത്തെന്നും പരാതിയിൽ പറയുന്നു. അതിനിടയിൽ വീണ്ടും തന്റെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിച്ച് മസ്‌ക് ലൈംഗിക ബന്ധത്തിനായി യുവതിയോട് അപേക്ഷിച്ചു. മാത്രമല്ല, യുവതിയുടെ ശരീര ഭാഗങ്ങളിൽ ലൈംഗിക ചുവയോടെ സ്പർശിച്ചു എന്നും സുഹൃത്ത് പറയുന്നു.

അപ്പോഴും കുതിരയെ വാങ്ങി നൽകാം എന്ന് മസ്‌ക് ആവർത്തിക്കുന്നുണ്ടായിരുന്നുവത്രെ. ലൈംഗിക സേവനത്തിനായി പ്രതിഫലം നൽകുവാനായിരുന്നു മസ്‌ക് ഉദ്ദേശിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ സ്പേസ് എക്സിന്റെ നിയമോപദേഷ്ടാവ് ക്രിസ്റ്റഫർ കാർഡാസി തയ്യാറായില്ല. ഒരു സെറ്റിൽമെന്റ് കരാറുകളെ കുറിച്ചും സംസാരിക്കൻ താൻ തയ്യാറില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.