- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വിറ്ററിൽ പരസ്യം കാണിക്കുന്ന ഉപയോക്താക്കൾ 23.8 കോടി കോടിയുണ്ടെന്ന് കമ്പനി; 6.5 കോടിയുടെ കുറവുണ്ട്; തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇലോൺ മസ്‌ക്; കരാറിൽ നിന്നും സ്വതന്ത്രനാക്കണം; നഷ്ടപരിഹാരം വേണമെന്നും കോടതിയിൽ
കാലിഫോർണിയ: ട്വിറ്ററിൽ പരസ്യം കാണിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ അടക്കം കമ്പനി തെറ്റിദ്ധരിപ്പിച്ചെന്നും തട്ടിപ്പ് നടത്തിയെന്നുമാരോപിച്ച് ടെസ്ല മേധാവി ഇലോൺ മസ്‌ക്. ഏറ്റെടുക്കൽ കരാറിന് സമ്മതിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് തന്നെ ട്വിറ്റർ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മസ്‌ക് കോടതിയിൽ ഉന്നയിച്ചത്. ഒക്ടോബർ 17-നാണ് കേസിൽ വിചാരണ നടക്കുക.
ലോകപ്രശസ്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഉപേക്ഷിച്ചതോടെയാണ് നിയമപോരാട്ടത്തിന് ഇടയാക്കിയത്. ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ച ഇലോൺ മസ്‌കിനെതിരെ ട്വിറ്റർ കോടതിയിൽ സമീപിച്ചതോടെയാണ് ഇലോൺ മസ്‌ക് കമ്പനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തയത്. ജൂലായ് 30-ന് സമർപ്പിച്ച ഇലോൺ മസ്‌കിന്റെ വാദം ഓഗസ്റ്റ് നാലിനാണ് പുറത്തുവരുന്നത്.
ട്വിറ്ററിൽ പരസ്യം കാണിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 23.8 കോടിയുണ്ടെന്നാണ് കമ്പനിയുടെ വാദം. എന്നാൽ യഥാർത്ഥത്തത്തിൽ ഈ എണ്ണത്തിൽ 6.5 കോടിയുടെ കുറവുണ്ടെന്ന് ഡെലവേർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. തട്ടിപ്പ് പുറത്തുവരുന്നത് തടയാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ട്വിറ്ററിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വാതിലുകൾ ട്വിറ്റർ അടച്ചിടുകയാണ് ചെയ്തതെന്നും മസ്‌ക് ആരോപിച്ചു.
തന്നെ മാത്രമല്ല യുഎസിലെ അധികാരികളെയും കമ്പനി കബളിപ്പിച്ചുവെന്നും ആരോപിച്ച മസ്‌ക് ട്വിറ്ററുമായുള്ള കരാറിൽ നിന്ന് തന്നെ സ്വതന്ത്രനാക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, മസ്‌കിന്റെ ആരോപണം അവിശ്വസനീയമാണെന്നും വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ലെന്നും ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ടിറ്റർ പറഞ്ഞു. കരാറിൽനിന്ന് പിന്മാറുന്നതിന് മസ്‌ക് കഥകൾ മെനയുകയാണ്. ഏറ്റെടുക്കൽ കരാറിന് ട്വിറ്റർ എല്ലാ ബഹുമാനവും നൽകിയിട്ടുണ്ടെന്നും ട്വിറ്റർ പറഞ്ഞു.
വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പരാമർശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നൽകിയിരുന്നു. ഈ കാരണം തന്നെയാണ് കരാറിൽ നിന്നും പിന്മാറാനും മസ്‌ക് എടുത്ത് പറഞ്ഞത്.
ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറിയ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചിരുന്നു. പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്ന് മസ്‌ക് പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റർ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോൺ മാസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ സമൂലമായ ഉടച്ചുവാർക്കൽ നടത്തുമെന്ന് പിന്നീട് മസ്‌ക് പറഞ്ഞിരുന്നു. പിന്നീട് ട്വിറ്ററിൽ ഫണ്ടിങ് നടത്താനുള്ള നീക്കങ്ങൾ മസ്‌ക് മരവിപ്പിക്കുകയായിരുന്നു. 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോൺ മസ്‌കും കമ്പനിയും തമ്മിൽ ധാരണയായിരുന്നു
ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്‌ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ മസ്‌ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാന്റിൽ ഉപയോഗിച്ചിരുന്നു.
ന്യൂസ് ഡെസ്ക്