ഇടുക്കി: കാമുകനൊപ്പം ഒരുമാസം മുൻപ് ഒളിച്ചോടിയ യുവതി വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് കൂട്ടുകാർക്കൊപ്പം കടന്നുകളഞ്ഞു. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് മൂന്നാർ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം കടന്നുകളഞ്ഞത്. കാമുകനുമായുള്ള വിവാഹം പള്ളിയിൽ ഇന്ന് നടക്കാനിരിക്കേയാണ് സംഭവം.

ഇരുവരും വളരെ നാളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർപ്പ് അറിയിച്ചതോടെ ഒരു മാസം മുമ്പാണ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലായിരുന്നു താമസം.

യുവാവിനെ വിട്ടുപിരിയാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു.15 ദിവസം മുമ്പ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് യുവാവിന്റെ ബന്ധുക്കളെ ഉൾപ്പെടുത്തി മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാർക്കുമൊപ്പം നിന്ന് പെൺകുട്ടി നിരവധി ഫോട്ടോകളും എടുത്തിരുന്നു. ഇന്ന് രാവിലെ മൂന്നാർ പള്ളിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തീരുമാനിച്ചത്.

പുത്തൻ സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞെത്തിയ പെൺകുട്ടി എട്ടുമണിക്ക് പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തശേഷം കൂട്ടുകാരുമൊത്ത് കടന്നുകളയുകയായിരുന്നു. വീട്ടുകാർ എല്ലായിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങൾ കടമെടുത്താണ് യുവാവിന്റെ കുടുംബം ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും വിവാഹത്തിനായി പൂർത്തിയാക്കിയത് .